'കല്യാണം കഴിക്കുന്നില്ലേ എന്ന് ചോദിച്ച് വരുന്നവര്‍ക്ക് ഇത് കലക്കിക്കൊടുക്കണം'; രസകരമായ വീഡിയോ
'കല്യാണം കഴിക്കുന്നില്ലേ' എന്ന അന്വേഷണവുമായി എത്തുന്നവര്‍ക്ക് കൊടുക്കാനൊരു 'പണി' എന്ന രീതിയില്‍ ചെയ്തിരിക്കുന്നൊരു തമാശ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ശ്രദ്ധ നേടുന്നത്.
വിവാഹം അടക്കം വ്യക്തികളുടെ സ്വകാര്യതയില്‍ ഉള്‍പ്പെടുന്ന പല വിഷയങ്ങളുമുണ്ട്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ സമൂഹത്തില്‍ മിക്കപ്പോഴും വ്യക്തികളുടെ സ്വകാര്യതയുടെ അതിര്‍ത്തികളൊന്നും അംഗീകരിക്കപ്പെടാറോ, ആദരിക്കപ്പെടാറോ ഇല്ലെന്നതാണ് സത്യം.
അതുകൊണ്ടാണ് പലപ്പോഴും വ്യക്തികള്‍ക്ക് ശല്യമോ അസ്വസ്ഥതയോ ആകുംവിധം മറ്റുള്ളവര്‍ വിവാഹക്കാര്യം പോലുള്ള വിഷയങ്ങള്‍ ആവര്‍ത്തിച്ച് ചോദിക്കുന്നത്. ഒരു പ്രായം കടന്നിട്ടും വിവാഹം കഴിച്ചില്ലെങ്കില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളുമെല്ലാം ഈ ചോദ്യം അഭിമുഖീകരിക്കേണ്ടി വരുന്നുവെന്നത് നമ്മുടെ സമൂഹത്തില്‍ അത്രയും സാധാരണമാണ്.
ഈ പ്രവണതയ്ക്കതെിരെ യുവാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിക്കാറുമുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ 'കല്യാണം കഴിക്കുന്നില്ലേ' എന്ന അന്വേഷണവുമായി എത്തുന്നവര്‍ക്ക് കൊടുക്കാനൊരു 'പണി' എന്ന രീതിയില്‍ ചെയ്തിരിക്കുന്നൊരു തമാശ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ശ്രദ്ധ നേടുന്നത്.
ഭാവന അറോറ എന്ന യുവതിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വലിയ രീതിയിലാണ് വീഡിയോയ്ക്ക് പ്രതികരണം ലഭിക്കുന്നത്. മിക്കവരും ഇത് 'നല്ലൊരു തീരുമാനം' ആയിരിക്കുമെന്ന് തന്നെയാണ് തമാശരൂപത്തില്‍ കമന്‍റ് ചെയ്യുന്നത്. ഒരു പാത്രത്തില്‍ നിറയെ പാല്‍ നിറച്ച്- ഇത് അടുപ്പില്‍ വച്ച് ചൂടാക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇതില്‍ മുഴുവനും ചുവന്ന മുളകും ചേര്‍ത്തിരിക്കുന്നു.
ധാരളം മുളക് ചേര്‍ത്ത് തിളപ്പിച്ചതിനാല്‍ തന്നെ പാലിന് ചെറിയ രീതിയിലൊരു ചുവന്ന നിറം കിട്ടിയിട്ടുണ്ട്. ഇതോടെ കാഴ്ചയ്ക്ക് ഈ പാനീയം ചായയാണെന്ന് തെറ്റിദ്ധരിക്കാം. കല്യാണമായില്ലേ എന്ന ചോദ്യവുമായി നിങ്ങളുടെ അടുത്തേക്ക് എത്തുന്നവര്‍ക്ക് ഇത് കലക്കിക്കൊടുക്കാം എന്ന അടിക്കുറിപ്പോടെയാണ് യുവതി വീഡിയോ പങ്കുവച്ചിരിക്കുന്നത്. രസകരമായ വീഡിയോയ്ക്ക് അധികവും കയ്യടി തന്നെയാണ് കിട്ടുന്നത്. ഏറെയും യുവാക്കളാണ് ഈ വീഡിയോയ്ക്ക് താഴെ കമന്‍റുകളുമായി സജീവമായി നില്‍ക്കുന്നതും.
ഇത്രയും അരോചകമാണ് 'വിവാഹമായില്ലേ... വിവാഹം കഴിക്കാത്തത് എന്ത്' എന്നെല്ലാമുള്ള ചോദ്യങ്ങളെന്നാണ് ഈ യുവാക്കള്‍ സൂചിപ്പിക്കുന്നത്. എന്തായാലും രസകരമായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...
Also Read:- അസിഡിറ്റിയുള്ളവര്‍ ചായയും കാപ്പിയും കഴിക്കുന്നത് പ്രശ്നമാണോ?