കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് ലക്ഷങ്ങളുടെ സാധനങ്ങള്‍ മോഷ്ടിച്ചു; 'ഡ്യൂപ്ലിക്കേറ്റ്' സാധനങ്ങള്‍ തിരിച്ചുവച്ചു
വീട്ടില്‍ നിന്ന് സാധനങ്ങള്‍ മോഷണം പോകുന്നത് അറിയാൻ സാധിക്കുമായിരുന്നില്ല. കാരണം മോഷ്ടിക്കുന്നത് എന്താണോ അതിന് പകരം അതേ രൂപത്തിലുള്ള 'ഡ്യൂപ്ലിക്കേറ്റ്' ലിയു എത്തിക്കുന്നുണ്ടായിരുന്നു.
ഓരോ ദിവസവും എത്രയോ മോഷണവാര്‍ത്തകള്‍ നാം കേള്‍ക്കുന്നു. ഇവയില്‍ ഓരോന്നും വ്യത്യസ്തമായ രീതിയിലുള്ള മോഷണമായിരിക്കാം. പലതും നാം ചിന്തിക്കുന്നതിനോ കണക്കുകൂട്ടുന്നതിനോ അപ്പുറമുള്ള രീതിയില്‍ ചെയ്യുന്നതാകാം.
ഇപ്പോഴിതാ ഏറെ വ്യത്യസ്തമായൊരു മോഷണവാര്‍ത്തയാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ആഡംബര സാധനങ്ങള്‍ മോഷ്ടിച്ച് അവയ്ക്ക് പകരമായി 'ഡ്യൂപ്ലിക്കേറ്റ്' സാധനങ്ങള്‍ തിരിച്ചുവച്ച് വര്‍ഷങ്ങളായി കൂട്ടുകാരിയെ വഞ്ചിച്ച യുവതി പിടിക്കപ്പെട്ടിരിക്കുന്നു എന്നതാണ് വാര്‍ത്ത.
സംഭവം നടന്നിരിക്കുന്നത് ചൈനയിലാണ്. 'സൗത്ത് ചൈന മോണിംഗ് പോസ്റ്റ്' ആണ് വ്യത്യസ്തമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് പിന്നീട് വലിയ രീതിയില്‍ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു. ലിയു എന്ന് പേരുള്ള സ്ത്രീയാണ് പൊലീസിന്‍റെ പിടിയിലായിരിക്കുന്നത്.
ഇവരുടെ സുഹൃത്ത് കാവോയുടെ പരാതിയിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ദീര്‍ഘകാലമായി ഇരുയുവതികളും സുഹൃത്തുക്കളായിരുന്നുവത്രേ. ഇതിനിടെ കാവോ പുതിയൊരു വീട് വച്ചു. എന്നാലിവിടെ കാവോ സ്ഥിരമായി താമസിച്ചിരുന്നില്ല. ഈ വീട്ടില്‍ ചിലപുതുക്കിപ്പണികളും മറ്റും തുടങ്ങിയപ്പോള്‍ മേല്‍നോട്ടത്തിനായി ലിയുവിനെ ഏല്‍പിച്ചതായിരുന്നുവത്രേ. ഇവരുടെ കൈവശം വീടിന്‍റെ ഒരു ചാവിയും കാവോ നല്‍കി.
അങ്ങനെ 2019ല്‍ കാര്യമായ സാമ്പത്തികപ്രസായം നേരിട്ടുതുടങ്ങിയതോടെ ലിയു, കാവോയുടെ വീട്ടില്‍ നിന്ന് ആഡംഭരസാധനങ്ങള്‍ മോഷ്ടിക്കാൻ തുടങ്ങി. വില കൂടിയ ബാഗുകള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയാണ് ഇത്രയും വര്‍ഷത്തിനുള്ളില്‍ കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് ലിയു കടത്തിയിരിക്കുന്നത്. ആകെ പത്ത് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ ഇവർ മോഷ്ടിച്ചിട്ടുണ്ടത്രേ.
വീട്ടില്‍ നിന്ന് സാധനങ്ങള്‍ മോഷണം പോകുന്നത് അറിയാൻ സാധിക്കുമായിരുന്നില്ല. കാരണം മോഷ്ടിക്കുന്നത് എന്താണോ അതിന് പകരം അതേ രൂപത്തിലുള്ള 'ഡ്യൂപ്ലിക്കേറ്റ്' ലിയു എത്തിക്കുന്നുണ്ടായിരുന്നു. എങ്കിലും മാസങ്ങള്‍ക്ക് മുമ്പ് കാവോയ്ക്ക് വീട്ടില്‍ മോഷണം നടന്നതായി സംശയം തോന്നുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. അപ്പോഴും ഇവര്‍ കൂട്ടുാരിയെ സംശയിച്ചിരുന്നില്ല.
എന്നാല്‍ പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുറ്റകൃത്യം തെളിയുന്നത്. ഇപ്പോഴീ കേസില്‍ വിധി വന്നിരിക്കുകയാണ്. വര്‍ഷങ്ങളായി നടത്തിവന്ന മോശണം, വഞ്ചന, പൊലീസിനെ വഴിതിരിച്ചുവിടാനുള്ള ശ്രമം എന്നിങ്ങനെ വിവിധ കുറ്റങ്ങള്‍ക്കായി 12 വര്‍ഷത്തെ തടവാണ് ലിയുവിന് വിധിച്ചിരിക്കുന്നത്.
Also Read:- മദ്യപിച്ച് വീട് കുത്തിത്തുറന്ന് ബാത്ത്ടബ്ബില്‍ കുളി; കയ്യോടെ പൊക്കി പൊലീസ്