കാണാതെ പോയ ഐ-ഫോൺ കണ്ടെത്താൻ സഹായിച്ച് ഓട്ടോക്കാരും സ്വിഗ്ഗി ഡെലിവെറി ഏജന്‍റും...

രണ്ട് വര്‍ഷമായി ഉപയോഗിച്ചുവരുന്ന ഐ ഫോണാണ് നഷ്ടമായത്. ഫോണ്‍ നഷ്ടമായി എന്ന് മനസിലാക്കിയപ്പോള്‍ തന്നെ താനാകെ തളര്‍ന്നുപോയി എന്നും ഇനിയത് തിരികെ കിട്ടില്ലെന്ന് ഉറപ്പിച്ചുവെന്നും ഇവര്‍ പറയുന്നു.

woman shares how auto drivers and swiggy delivery boy helped her to found lost i phone hyp

ഓട്ടോറിക്ഷയില്‍ വച്ച് മറന്ന വിലപിടിപ്പുള്ള വസ്തുക്കളോ, ബാഗോ,  പണമോ എല്ലാം തിരികെ നല്‍കി മാതൃകയായിട്ടുള്ള എത്രയോ ഓട്ടോ ഡ്രൈവര്‍മാരെ കുറിച്ച് നാം വാര്‍ത്തകളിലൂടെ വായിച്ചിട്ടുണ്ട്. അതുപോലെ തന്നെ അപ്രതീക്ഷിതമായി ചില പ്രതിസന്ധികളില്‍ നമ്മോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന അപരിചിതരായ മനുഷ്യരുണ്ട്. ഇത്തരത്തിലുള്ള അനുഭവകഥകള്‍ നിങ്ങള്‍ക്ക് തന്നെ ഉണ്ടായിരിക്കാം. അല്ലെങ്കില്‍ ഇങ്ങനെയുള്ള സംഭവങ്ങള്‍ നാം വായിച്ചും, കണ്ടും, കേട്ടുമെല്ലാം അറിയാറുണ്ട്.

അത്തരത്തിലുള്ളൊരു സംഭവമാണിന്ന് ഒരു യുവതി ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. മുംബൈയില്‍ താമസിക്കുന്ന യുവതി, തന്‍റെ ഐ-ഫോൺ നഷ്ടമായതിനെ കുറിച്ചും അത് തിരികെ കണ്ടെത്തി തരാൻ ഓട്ടോ ഡ്രൈവര്‍മാരും സ്വിഗ്ഗി ഡെലിവെറ ഏജന്‍റും തന്നെ എത്രമാത്രം സഹായിച്ചുവെന്നുമാണ് ട്വീറ്റിലൂടെ പങ്കുവച്ചിരിക്കുന്നത്.

ഫോണ്‍ നഷ്ടമായത് മുതലുള്ള കാര്യങ്ങള്‍ ഇവര്‍ ട്വിറ്ററിലൂടെ ഓരോ ഭാഗമായി പങ്കുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് നിരവധി പേരാണ് ഇവരുടെ അനുഭവകഥ വായിച്ചതും പ്രതികരണങ്ങള്‍ അറിയിച്ചതും. 

രാവിലെ വെര്‍സോവ മെട്രോ സ്റ്റേഷനിനുള്ളില്‍ വച്ചാണ് യുവതി തന്‍റെ ഫോണ്‍ നഷ്ടപ്പെട്ട വിവരം അറിയുന്നത്. രണ്ട് വര്‍ഷമായി ഉപയോഗിച്ചുവരുന്ന ഐ ഫോണാണ് നഷ്ടമായത്. ഫോണ്‍ നഷ്ടമായി എന്ന് മനസിലാക്കിയപ്പോള്‍ തന്നെ താനാകെ തളര്‍ന്നുപോയി എന്നും ഇനിയത് തിരികെ കിട്ടില്ലെന്ന് ഉറപ്പിച്ചുവെന്നും ഇവര്‍ പറയുന്നു.

മെട്രോ സ്റ്റേഷനിലും പരിസരത്തുമെല്ലാം ഫോണ്‍ തിരഞ്ഞുനോക്കിയ ഇവര്‍ തുടര്‍ന്ന് താൻ വന്ന ഷെയര്‍ ഓട്ടോയുടെ ഡ്രൈവറെ തപ്പിയിറങ്ങുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ ഓട്ടോയിലും ഫോണുണ്ടായിരുന്നില്ല. ശേഷം ഇവിടെയുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരെല്ലാം ഇവരുടെ സഹായത്തിനായി ഒത്തുകൂടുകയായിരുന്നു. 

ഓരോരുത്തരും ഇവരുടെ നമ്പറിലേക്ക് മാറിമാറി വിളിച്ചു. ഒടുവില്‍ മറുതലയ്ക്കല്‍ ഒരാള്‍ ഫോണെടുത്തു. സ്വിഗ്ഗി ഡെലിവെറി ഏജന്‍റായി ജോലി ചെയ്യുന്നൊരാളായിരുന്നു അത്. അങ്ങനെ ഓട്ടോ ഡ്രൈവര്‍മാര്‍ക്കൊപ്പം തന്നെ അദ്ദേഹത്തെ കണ്ടു. അവര്‍ ഫോണ്‍ തിരികെ നല്‍കുകയും ചെയ്തു. 

തീര്‍ത്തും അപ്രതീക്ഷിതമായി തനിക്കുണ്ടായൊരു പ്രതിസന്ധിയില്‍ എങ്ങനെയാണ് ഒരുകൂട്ടം അപരിചിതരായ മനുഷ്യര്‍ തനിക്കൊപ്പം നിന്നത് എന്നതാണ് ഇവര്‍ ട്വീറ്റുകളിലൂടെ പറയാൻ ശ്രമിച്ചത്. ഈ അനുഭവം ഒരുപാട് പ്രതീക്ഷകളേകുന്നതാണെന്നും മനുഷ്യരില്‍ വിശ്വാസം നഷ്ടപ്പെടാതിരിക്കാൻ ഇത്തരം അനുഭവങ്ങള്‍ അറിയുന്നത് സഹായിക്കുമെന്നും ട്വീറ്റ് കണ്ടവരെല്ലാം അഭിപ്രായപ്പെട്ടു. പലരും തങ്ങള്‍ക്ക് സംഭവിച്ചിട്ടുള്ള സമാനമായ അനുഭവങ്ങളും ഒപ്പം പങ്കുവയ്ക്കുന്നു. 

 

Also Read:- മൃതദേഹം മാറി നല്‍കിയ സംഭവം; സമാനമായ അനുഭവം പങ്കിട്ട് ഫൊറൻസിക് സര്‍ജൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

Latest Videos
Follow Us:
Download App:
  • android
  • ios