'മരിക്കുമെന്ന് ഉറപ്പായപ്പോള്‍ ഞാനോര്‍ത്തു, ഇതുവരെ നന്നായി ജീവിച്ചില്ലല്ലോ എന്ന്'; അപൂര്‍വാനുഭവം പറഞ്ഞ് യുവതി
'മരണത്തിലേക്കാണെന്ന് തോന്നിയപ്പോള്‍ ആദ്യം ഞാൻ കുടുംബത്തെ കുറിച്ചോര്‍ത്തു. പക്ഷേ പ്രധാനമായും എന്‍റെ മനസില്‍ വന്ന ചിന്ത, ഞാൻ ഈ നിമിഷം വരെ നന്നായി ജീവിച്ചോ എന്നതായിരുന്നു. വേണ്ടുംവിധം എന്‍റെ ജീവിതത്തെ ചേര്‍ത്തുപിടിക്കാൻ എനിക്ക് സാധിച്ചിട്ടില്ല എന്ന് തോന്നി...'- എമ്മ പറയുന്നു.
മരണത്തെ മുഖാമുഖം കണ്ട ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന അനുഭവങ്ങള്‍ പലരും പലപ്പോഴും പങ്കുവച്ചത് നാം കേട്ടിരുന്നിട്ടുണ്ടാകും. ഏത് സാഹചര്യത്തിലായാലും അത്തരം അനുഭവങ്ങളില്‍ കൂടി കടന്നുപോയവര്‍ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും അത് നമ്മെ ഉള്ളുകൊണ്ട് സ്പര്‍ശിക്കാറുണ്ട്.
സമാനമായ രീതിയില്‍ മരണത്തിന്‍റെ തുഞ്ചത്ത് നിന്നും അത്ഭുതകരമായി പിന്നീട് ജിവിതത്തിലേക്ക് തിരികെ വന്ന അനുഭവം പങ്കിട്ടൊരു യുവതിയുടെ കഥയാണിപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടി ശ്രദ്ധേയമാകുന്നത്.
ഓസ്ട്രേലിയക്കാരിയായ എമ്മ കാരെ ആണ് 2013ല്‍ ഇവരുടെ ജീവിതം തന്നെ മാറ്റിമറിച്ച വലിയൊരു അപകടത്തെ കുറിച്ച് ഈ അടുത്തായി ഒരു മാധ്യമത്തിന് അഭിമുഖം നല്‍കിയത്. പാരച്യൂട്ട് തകര്‍ന്ന് 14,000 അടി താഴ്ചയിലേക്ക് വീണ എമ്മ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് രക്ഷപ്പെട്ടത്.
സ്വിറ്റ്സര്‍ലൻഡിലേക്ക് അവധിയാഘോഷിക്കാൻ പോയതായിരുന്നു എമ്മ. അവിടെ വച്ചാണ് സ്കൈഡൈവിംഗിന് പോയത്. ഹെലികോപ്റ്ററില്‍ നിന്ന് പാരച്യൂട്ടില്‍ ഇറങ്ങി പോയിത്തുടങ്ങി അധികം വൈകാതെ തന്നെ എന്തോ പ്രശ്നമുള്ളതായി തനിക്ക് തോന്നിയെന്ന് എമ്മ പറയുന്നു.
അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞതോടെ എമ്മയെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെ ഇൻസ്ട്രക്ടറും അപകടത്തില്‍ പെട്ടു. അദ്ദേഹം അവിടെ വച്ച് തന്നെ മരിച്ചുവീണു.
'മരണത്തിലേക്കാണെന്ന് തോന്നിയപ്പോള്‍ ആദ്യം ഞാൻ കുടുംബത്തെ കുറിച്ചോര്‍ത്തു. പക്ഷേ പ്രധാനമായും എന്‍റെ മനസില്‍ വന്ന ചിന്ത, ഞാൻ ഈ നിമിഷം വരെ നന്നായി ജീവിച്ചോ എന്നതായിരുന്നു. വേണ്ടുംവിധം എന്‍റെ ജീവിതത്തെ ചേര്‍ത്തുപിടിക്കാൻ എനിക്ക് സാധിച്ചിട്ടില്ല എന്ന് തോന്നി...'- എമ്മ പറയുന്നു.
താഴെയെത്തിയപ്പോള്‍ ഇൻസ്ട്രക്ടറുടെ ശരീരം തനിക്ക് മുകളില്‍ കുടുങ്ങിക്കിടക്കും വിധത്തിലാണ് എമ്മ വീണത്. അയാളുടെ ശരീരം തന്‍റെ ശരീരത്തില്‍ നിന്ന് തള്ളിമാറ്റാൻ ശ്രമിക്കുന്നതിനിടെ ഇവര്‍ മനസിലാക്കി. ദേഹം അരയ്ക്ക് താഴെ ഒരല്‍പം പോലും അനക്കാൻ സാധിക്കുന്നില്ല.
'എനിക്ക് ആ സമയം ബോധത്തിന് യാതൊരു പ്രശ്നവുമില്ലായിരുന്നു. ആദ്യം എനിക്ക് തോന്നി ഞാൻ മരിച്ച ശേഷം സ്വര്‍ഗത്തില്‍ എത്തിയിരിക്കുകയാണെന്ന്. പിന്നെയാണ് ശരീരം കൊത്തിനുറുങ്ങുന്ന വേദന അനുഭവപ്പെടാൻ തുടങ്ങിയത്. ഇതോടെ ഞാൻ നരകത്തിലാണെന്ന് എത്തിയിരിക്കുന്നതെന്ന് ചിന്തിച്ചു...'- എമ്മ പറയുന്നു.
പിന്നീട് ഇവരെ ആളുകള്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴും ജീവൻ പോലും തിരിച്ചെടുക്കാൻ സാധിക്കുമോയെന്ന ഉറപ്പുണ്ടായിരുന്നില്ല. പല സര്‍ജറികള്‍ ചെയ്തു. ജീവൻ തിരികെ കിട്ടിയെങ്കിലും എമ്മ ഒരിക്കലും എഴുന്നേറ്റ് നടക്കുമെന്ന് പ്രതീക്ഷ വയ്ക്കേണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ പതിയെ പതിയെ അവര്‍ക്ക് അതിനും സാധിച്ചു. ഇപ്പോള്‍ നടക്കാനും സ്വന്തം കാര്യങ്ങള്‍ ചെയ്യാനുമെല്ലാം അനായാസം ഇവര്‍ക്ക് കഴിയും.
അപകടത്തിന്‍റെ അനുഭവങ്ങള്‍ അടക്കം വിശദീകരിക്കുന്ന ഒരു പുസ്തകം ഇതിനോടകം എമ്മ പുറത്തിറക്കിയിട്ടുണ്ട്. 'ആകാശത്ത് നിന്ന് വീണ പെണ്‍കുട്ടി' എന്നാണീ പുസ്തകത്തിന്‍റെ പേര്.