ഓണ്‍ലൈനായി ഇലക്ട്രിക് ടൂത്ത് ബ്രഷ് ഓര്‍ഡര്‍ ചെയ്തു; വന്നത് ഇത്...
എന്ത് ഉത്പന്നമായാലും നാം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്നത് വിശ്വാസ്യതയുടെ പേരിലായിരിക്കും. അധികപേരും ഇന്ന് പണം മുൻകൂര്‍ ഓണ്‍ലൈനായി തന്നെ അടച്ച ശേഷമാണ് എന്തും ഓര്‍ഡര്‍ ചെയ്യുന്നത്. അങ്ങനെ കൂടിയാകുമ്പോള്‍ അതത് ആപ്പുകളോടോ സ്ഥാപനങ്ങളോടോ ഉള്ള വിശ്വാസത്തിന്‍റെ പുറത്താണ് ഉപഭോക്താവ് ഷോപ്പിംഗ് നടത്തുന്നതെന്ന് ഉറപ്പിച്ചുപറയാം.
ഓണ്‍ലൈൻ ഓര്‍ഡറുകളുടെ കാലമാണിത്. ഭക്ഷണസാധനങ്ങളോ വസ്ത്രമോ ഇലക്ട്രോണിക് സാധനങ്ങളോ വീട്ടുസാധനങ്ങളോ എന്തിനധികം പലചരക്ക്- പച്ചക്കറികള്‍- മത്സ്യ മാംസാദികള്‍ വരെ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യലാണ് ഇന്നത്തെ രീതി.
ഓരോ ഉത്പന്നത്തിന്‍റെയും സ്വഭാവം അനുസരിച്ച് അവ ഡെലിവെറി ചെയ്യുന്ന രീതിയിലും സമയത്തിലും വ്യത്യാസം വരാം. അതായത് വസ്ത്രമോ ഒരു ഇലക്ട്രോണിക് സാധനമോ പോലെയല്ല പച്ചക്കറിയോ മീനോ ഓര്‍ഡര്‍ ചെയ്യുന്നതും അവ എത്തുന്നതും.
എന്ത് ഉത്പന്നമായാലും നാം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്നത് വിശ്വാസ്യതയുടെ പേരിലായിരിക്കും. അധികപേരും ഇന്ന് പണം മുൻകൂര്‍ ഓണ്‍ലൈനായി തന്നെ അടച്ച ശേഷമാണ് എന്തും ഓര്‍ഡര്‍ ചെയ്യുന്നത്. അങ്ങനെ കൂടിയാകുമ്പോള്‍ അതത് ആപ്പുകളോടോ സ്ഥാപനങ്ങളോടോ ഉള്ള വിശ്വാസത്തിന്‍റെ പുറത്താണ് ഉപഭോക്താവ് ഷോപ്പിംഗ് നടത്തുന്നതെന്ന് ഉറപ്പിച്ചുപറയാം.
പക്ഷേ ഇങ്ങനെ ഓര്‍ഡര്‍ ചെയ്യുന്ന ഉത്പന്നങ്ങള്‍ മാറി മറ്റ് പലതും ഉപഭോക്താവിന് ലഭിച്ച സംഭവങ്ങളുണ്ടാകാറുണ്ട്. വില പിടിപ്പുള്ള ഉത്പന്നങ്ങള്‍ക്ക് പകരമായി തീരെ വിലകുറഞ്ഞ സാധനങ്ങള്‍ വരെ ഇങ്ങനെ മാറി വന്ന സംഭവമുണ്ടായിട്ടുണ്ട്. സമാനമായൊരു സംഭവമാണിപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.
വില കൂടിയ ഇലക്ട്രിക് ടൂത്ത് ബ്രഷ് ഓര്‍ഡര്‍ ചെയ്തവര്‍ക്ക് ഇതിന് പകരം മസാലപ്പൊടികളുടെ പാക്കറ്റ് കിട്ടിയെന്നതാണ് വാര്‍ത്ത. ട്വിറ്ററിലൂടെ ഒരു യുവതിയാണ് തന്‍റെ അമ്മയ്ക്കായി ചെയ്ത ഓര്‍ഡര്‍ മാറിവന്ന വിവരം അറിയിച്ചത്. ആമസോണ്‍ ആപ്പിലൂടെയാണ് ഇവര്‍ ഷോപ്പിംഗ് നടത്തിയത്.
12,000 രൂപയുടെ ഓറല്‍-ബി ഇലക്ട്രിക് ടൂത്ത് ബ്രഷാണ് ഇവര്‍ ഓര്‍ഡര്‍ ചെയ്തത്രേ. എന്നാല്‍ വന്നതോ എംഡിഎച്ച് ചാട്ട് മസാലയുടെ നാല് ബോക്സും. കാഷ് ഓണ്‍ ഡെലിവെറി ആയാണ് ഇവര്‍ ഓര്‍ഡര്‍ പ്ലേസ് ചെയ്തിരുന്നത്. ഓര്‍ഡറെത്തിയപ്പോള്‍ പാക്കറ്റിന് തീരെ കനം തോന്നാതിരുന്നതോടെ പണം നല്‍കുന്നതിന് മുമ്പായി ഇവര്‍ പാക്കറ്റ് തുറന്ന് നോക്കുകയായിരുന്നുവെന്നും യുവതി പറയുന്നു. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിയുന്നത്.
സംഭവം ഫോട്ടോ സഹിതം ഇവര്‍ ആപ്പില്‍ പങ്കുവച്ചിട്ടുണ്ട്. ഈ ഉത്പന്നം വിറ്റ കച്ചവടക്കാര്‍ക്കെതിരെ നേരത്തെയും സമാനമായ പരാതികളുയര്‍ന്നിരുന്നതായും യുവതി പറയുന്നു. എന്തായാലും ഇവരുടെ ട്വീറ്റ് വലിയ രീതിയില്‍ തന്നെയാണ് ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. നിരവധി പേരാണ് തങ്ങള്‍ക്ക് ഓണ്‍ലൈൻ ഷോപ്പിംഗില്‍ പറ്റിയ അബദ്ധങ്ങള്‍ പങ്കുവയ്ക്കുന്നതും.