'പല്ല് പൊട്ടേണ്ടതായിരുന്നു';എയര്‍പോര്‍ട്ടിലെ ഭക്ഷണത്തില്‍ നിന്ന് യുവതിക്ക് കിട്ടിയത്...
സോഷ്യല്‍ മീഡിയ വഴി ഉന്നയിക്കപ്പെടുന്ന പരാതികള്‍ വലിയ രീതിയില്‍ തന്നെ ശ്രദ്ധ നേടാറുമുണ്ട്. സമാനമായി ഇപ്പോള്‍ ഒരു യുവതി പങ്കുവച്ച ഫോട്ടോസഹിതമുള്ള പരാതിയാണ് ഏറെ ശ്രദ്ധ നേടുന്നത്.
ഭക്ഷണവുമായി ബന്ധപ്പെട്ട പരാതികള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ നാം കാണാറുണ്ട്. റെസ്റ്റോറന്‍റുകള്‍ക്കെതിരെയോ, ഫുഡ് ഡെലിവെറി ആപ്പുകള്‍ക്കെതിരെയോ എല്ലാം ഇത്തരത്തില്‍ ധാരാളം പരാതികള്‍ ഉയരാറുണ്ട്. ഇവയില്‍ സത്യസന്ധവും ആധികാരികവുമായ പരാതികളും അല്ലാത്തവയും ഉണ്ടായിരിക്കും.
മിക്കപ്പോഴും ഇങ്ങനെ സോഷ്യല്‍ മീഡിയ വഴി ഉന്നയിക്കപ്പെടുന്ന പരാതികള്‍ വലിയ രീതിയില്‍ തന്നെ ശ്രദ്ധ നേടാറുമുണ്ട്. സമാനമായി ഇപ്പോള്‍ ഒരു യുവതി പങ്കുവച്ച ഫോട്ടോസഹിതമുള്ള പരാതിയാണ് ഏറെ ശ്രദ്ധ നേടുന്നത്.
സാധാരണഗതിയില്‍ ട്രെയിനില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണത്തില്‍ ഒരുപാട് പേര്‍ പരാതിപ്പെടാറുണ്ട്. ഭക്ഷണത്തിന്‍റെ ശുചിത്വം തന്നെയാണ് ഏറെയും പരാതിക്ക് അടിസ്ഥാനമാകാറ്. എന്നാല്‍ ഈ യുവതി എയര്‍പോര്‍ട്ടില്‍ നിന്ന് ലഭിച്ച ഭക്ഷണത്തെ കുറിച്ചാണ് പരാതിപ്പെട്ടിരിക്കുന്നത്.
എയര്‍പോര്‍ട്ടില്‍ ലഭിക്കുന്ന ഭക്ഷണം പൊതുവില്‍ കുറെക്കൂടി ഗുണമേന്മ പുലര്‍ത്താറുണ്ട്. എന്നാല്‍ തനിക്ക് എയര്‍പോര്‍ട്ടിലെ ഭക്ഷണത്തില്‍ നിന്ന് കല്ല് കിട്ടിയെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ഭക്ഷണപ്പാത്രത്തിനൊപ്പം ഇതില്‍ നിന്ന് കിട്ടിയ കല്ല് കയ്യില്‍ വച്ചുകൊണ്ട് എടുത്ത ഫോട്ടോകളും ഇവര്‍ പങ്കുവച്ചിട്ടുണ്ട്.
ജയ്പൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വാങ്ങിയ ഭക്ഷണമാണത്രേ ഇത്. പരിപ്പും സബ്സിയും തൈരും അടങ്ങുന്ന ഭക്ഷണമാണ് ഇവര്‍ വാങ്ങിയത് എന്ന് ഫോട്ടോയില്‍ നിന്ന് വ്യക്തം. എയര്‍പോര്‍ട്ടിലെ ഭക്ഷണത്തില്‍ ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ലെന്നും തന്‍റെ പല്ല് പൊട്ടിപ്പോകേണ്ടതായിരുന്നു എന്നും ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ട പരാതിയില്‍ പറയുന്നു.
ഇതിന് താഴെ നിരവധി പേരാണ് തങ്ങള്‍ക്ക് എയര്‍പോര്‍ട്ടുകളില്‍ വച്ചുണ്ടായ മോശം അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത്. ഇന്ത്യയില്‍ പലയിടങ്ങളിലും എയര്‍പോര്‍ട്ടുകളിലെ അവസ്ഥ മോശമാണെന്നതിലേക്കാണ് ഈ കമന്‍റുകളെല്ലാം വിരല്‍ചൂണ്ടുന്നത്. എയര്‍പോര്‍ട്ടുകളില്‍ മാത്രമല്ല റെയില്‍വേ സ്റ്റേഷനുകളിലോ ട്രെയിനുകളിലോ മറ്റ് പൊതുവിടങ്ങളിലോ എല്ലാം ലഭിക്കുന്ന ഭക്ഷണങ്ങളിലും ഇത്തരത്തിലുള്ള പിഴവുകളുണ്ടാകാൻ പാടില്ലെന്നും എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഇതാണ് ഇവിടെ നടക്കുന്നതെന്നും കമന്‍റുകളിലൂടെ ആളുകള്‍ പറയുന്നു.
കമന്‍റ് ബോക്സില്‍ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ യുവതിയുടെ പരാതിയോട് ജയ്പൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ പ്രതികരിച്ചിട്ടുമുണ്ട്. പരാതി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്, ഇത് ഉടനടി പരിശോധിക്കുമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.
Also Read:- ഭക്ഷണം ലഭിച്ചില്ലെന്ന പരാതിയുമായി യുവതി; വാദം പൊളിച്ചടുക്കി ഡെലിവെറി ബോയ്...