പൊലീസ് ഹെല്‍പ്ലൈൻ നമ്പറില്‍ വിളിച്ച് അസഭ്യം,അധിക്ഷേപം; ഒടുവില്‍ സ്ത്രീ അറസ്റ്റില്‍

പൊലീസ് ഹെല്‍പ്ലൈൻ നമ്പറിലേക്ക് വിളിച്ച് മദ്യവും, ഷവര്‍മ്മവയും എത്തിച്ച് തരാൻ പറഞ്ഞവരുടെ വാര്‍ത്തകളും മറ്റും ഇതിനിടെ പലപ്പോഴായി പുറത്തുവന്നിരുന്നു. ഇതെല്ലാം പൊതുജനസേവനത്തിനായി തുറന്നുവച്ചിരിക്കുന്ന പൊലീസ് ഹെല്‍പ് ഡെസ്ക് ടീമിനെ അവമതിക്കുന്നതിന് തുല്യം തന്നെയാണ്. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ക്കെതിരെ നിയമനടപടിയും ഉണ്ടാകും.

woman arrested for calling police helpline number more than 12000 times

പൊലീസ് ഹെല്‍പ്ലൈൻ നമ്പറുകള്‍ നമുക്ക് എപ്പോഴും ഒരാശ്വാസമാണ്, അല്ലേ? ഏത് പ്രതിസന്ധിഘട്ടത്തിലും വിളിച്ചാൽ സഹായം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഈ നമ്പറുകള്‍. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അല്ലാതെ നാം ഈ നമ്പറുകള്‍ ഡയല്‍ ചെയ്യാറുമില്ല. എങ്കിലും ചിലരുണ്ട്, ഈ നമ്പറുകളില്‍ പോലും വിളിച്ച് കുത്തിയിരുന്ന് കളിക്കുകയോ സമയം ചെലവഴിക്കാൻ തമാശയുണ്ടാക്കുകയോ ചെയ്യുന്നവര്‍. 

ഇത്തരത്തില്‍ പൊലീസ് ഹെല്‍പ്ലൈൻ നമ്പറിലേക്ക് വിളിച്ച് മദ്യവും, ഷവര്‍മ്മവയും എത്തിച്ച് തരാൻ പറഞ്ഞവരുടെ വാര്‍ത്തകളും മറ്റും ഇതിനിടെ പലപ്പോഴായി പുറത്തുവന്നിരുന്നു. ഇതെല്ലാം പൊതുജനസേവനത്തിനായി തുറന്നുവച്ചിരിക്കുന്ന പൊലീസ് ഹെല്‍പ് ഡെസ്ക് ടീമിനെ അവമതിക്കുന്നതിന് തുല്യം തന്നെയാണ്. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ക്കെതിരെ നിയമനടപടിയും ഉണ്ടാകും. പ്രത്യേകിച്ച് അവരുടെ വിലപ്പെട്ട സമയം ഈ രീതിയില്‍ നശിപ്പിക്കുന്നതാണ് ഏറെ കുറ്റകരം. അത്യാവശ്യമുള്ള മറ്റാര്‍ക്കെങ്കിലും സേവനം ലഭ്യമാക്കേണ്ട സമയമാണല്ലോ അത്. 

ഇവിടെയിതാ പൊലീസ് ഹെല്‍പ്ലൈൻ നമ്പറിലേക്ക് വിളിച്ച് വ്യത്യസ്തമായ രീതിയില്‍ അവര്‍ക്ക് ശല്യമായൊരു സ്ത്രീയെ കുറിച്ചാണിപ്പോള്‍ ഒരു വാര്‍ത്ത വന്നിരിക്കുന്നത്. അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം. ഒരു വര്‍ഷത്തിനിടെ പന്ത്രണ്ടായിരത്തിലധികം തവണയാണ് ഇവര്‍ പൊലീസ് ഹെല്‍പ്സൈൻ നമ്പറിലേക്ക് വിളിച്ചിരിക്കുന്നത്. ഒരു ദിവസം 512 തവണ ഇവര്‍ വിളിച്ചു. ഇതാണ് ഏറ്റവുമധികം തവണ വിളിച്ച ദിവസം. 

വിളിച്ച ശേഷം ഇവര്‍ കോളെടുക്കുന്ന പൊലീസുകാരെ അസഭ്യം വിളിക്കുകയോ അധിക്ഷേപിക്കുകയോ ആണത്രേ പതിവ്. അതല്ലെങ്കില്‍ എന്തെങ്കിലും ചോദിച്ച് പൊലീസുകാര്‍ ഉത്തരം പറയുമ്പോള്‍ അവരോട് വാദിച്ച് - അത് പിന്നെ തര്‍ക്കമാക്കി മാറ്റും. വിചിത്രമായ ഈ രീതി മാസങ്ങളോളം തുടര്‍ന്നപ്പോള്‍ അമ്പത്തിയൊന്നുകാരിയായ കാര്‍ല ജെഫേഴ്സണ്‍ എന്ന കുറ്റക്കാരിയായ സ്ത്രീയെ കണ്ടെത്തി പൊലീസ് താക്കീത് നല്‍കി. എന്നാല്‍ ഇതുകൊണ്ടൊന്നും ആയില്ല. തുടര്‍ന്നും ഇതുതന്നെ ഇവരുടെ ജോലി. 

മുമ്പ് പല കേസുകളിലും പ്രതിയായിരിക്കുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുള്ള കാര്‍ലയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. പക്ഷേ ഇവര്‍ ഈ പരിപാടി പിന്നീടും തുടര്‍ന്നതിനാല്‍ ഇപ്പോള്‍ ഇവരെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പൊലീസ്.

ഹെല്‍പ്ലൈൻ ഡെസ്കില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് ഇവര്‍ മാനസികമായി വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും അവരുടെ ജോലി തടസപ്പെടുന്നുവെന്നും പരിഗണിച്ചാണ് കാര്‍ലയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

പൊലീസ് ഹെല്‍പ്ലൈൻ നമ്പറിലേക്ക് വെറുതെ വിളിച്ച് കളിക്കുന്നവരെ കുറിച്ച് മുമ്പും പല വാര്‍ത്തകള്‍ വന്നിട്ടുണ്ട്. എന്നാലിത്രയും തവണ വിളിച്ച സംഭവങ്ങള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായിരിക്കും. അതുകൊണ്ട് തന്നെ കാര്‍ലയുടെ കേസ് വലിയ രീതിയിലാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ഒപ്പം തന്നെ ഇങ്ങനെയുള്ള അനാരോഗ്യകരമായ പ്രവണതകള്‍ വച്ചുപുലര്‍ത്തുന്നവര്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവുകയാണ് ഇവരുടെ സംഭവം. 

Also Read :- അസാധാരണമായ 'ആര്‍ട്ട്'; വിലയോ ലക്ഷങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios