'മക്കളുടെ മുന്നിൽ വച്ച് വഴക്കിടരുത്, അതവരെ മാനസികമായി തളർത്തും'

മാതാപിതാക്കൾ തമ്മിൽ വീട്ടിൽ വഴക്കിടുമ്പോൾ സ്വസ്ഥതയും സമാധാനവും കിട്ടാതെ വരുന്നതോടെ കുട്ടികൾ ലഹരിയെ ആശ്രയിക്കാൻ തുടങ്ങും പ്രത്യേകിച്ച് ആൺകുട്ടികൾ. 

What Happens to Children When Parents Fight

മക്കളുടെ മുന്നിൽ വച്ച് വഴക്കിടുന്ന രക്ഷിതാക്കളെ നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ അത് അവരിൽ ഉണ്ടാക്കുന്ന മാനസികാഘാതം വളരെ വലുതാണ്.  മാതാപിതാക്കൾ മക്കളുടെ മുന്നിൽ വഴക്കടിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് സൈക്കോളജിസ്റ്റ് ജയേഷ് കെ ജി എഴുതുന്ന ലേഖനം. 

മാതാപിതാക്കൾ തമ്മിലുള്ള വഴക്ക് കുട്ടികളിൽ അഞ്ച് മാനസിക പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. നിങ്ങളുടെ മക്കൾ നല്ല വ്യക്തിത്വത്തിന് ഉടമയും നല്ല തലമുറകളുടെ തുടർച്ചയുമാവണമെങ്കിലും മാതാപിതാക്കളുടെ കുടുംബ വഴക്കുകൾ എത്രയും വേഗം അവസാനിപ്പിക്കാൻ ശ്രമിക്കുക.

മാതാപിതാക്കൾ പരസ്പരം ശത്രുക്കളെ പോലെ ചീത്ത വാക്കുകൾ ഉൾപ്പെടെ വായിൽ തോന്നുന്നത് എല്ലാം വിളിച്ചു പറയുമ്പോൾ കുട്ടികൾ നിരാശരും അസ്വസ്ഥരുമായി തീരുന്നു. ഇതവരിൽ 5 മാനസിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.  

1) നിരാശ (Depression)

മാതാപിതാക്കൾ മക്കളുടെ മുന്നിൽ വഴക്ക് അടിക്കുമ്പോൾ ആദ്യമേ അവരിൽ ഉണ്ടാവുന്ന പ്രശ്നമാണ് നിരാശ. 
കുട്ടികളിൽ നിരാശ ഉണ്ടാകുന്ന സമയത്ത് അവർക്ക്  എല്ലാറ്റിനോടും ഒരു വിരക്തി ഉണ്ടാകും ഞാൻ എന്തിന് ഈ വീട്ടിൽ ജനിച്ചു, എന്തിന് എന്നെ ജനിപ്പിച്ചു, എങ്ങനെയാണ് എൻ്റെ മാതാപിതാക്കൾക്ക് ഇങ്ങനെയൊക്കെ ആകാൻ പറ്റുന്നത്, ഇവർക്ക് വഴക്കുകളൊക്കെ നിർത്തിക്കൂടെ എന്നൊക്കെ ചിന്തിക്കുന്നതിൻ്റെ ഫലമായി നിരാശ ഉണ്ടാവുകയും പിന്നീട് അത് അവരുടെ പഠനത്തെയും ചിന്തയെയും സ്വഭാവത്തെയും പെരുമാറ്റത്തെയും ബാധിക്കുന്നതു മൂലം എത്രയും വേഗം ഈ വീട്ടിൽ നിന്നും പോയാൽ മതി എന്ന് തീരുമാനത്തിലേക്ക് ഏത്തപ്പെടും.  അതിനൊപ്പം തന്നെ തീരെ നിവൃത്തിയില്ല എന്ന് തോന്നുമ്പോൾ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാനും ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്യും. കുട്ടികൾ ആത്മഹത്യ ചെയ്തു എന്ന വാർത്തകൾ കാണുമ്പോൾ ആത്മഹത്യയുടെ കാരണത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് കടന്നുചെന്നാൽ മാതാപിതാക്കൾക്ക് വ്യക്തമായ പങ്കുണ്ടെന്ന് തിരിച്ചറിയാൻ കഴിയും. 

 2) ഉത്ക്കണ്ഠ രോഗങ്ങൾ (Anxiety Disorders)

കുട്ടികളുടെ മുന്നിൽ വഴക്കടിക്കുമ്പോൾ മാതാപിതാക്കളിൽ നിന്ന് പ്രതീക്ഷിക്കുന്ന പോലെയുള്ള സ്നേഹവും പിന്തുണയും കിട്ടാതെ വരികയും പേടി വർദ്ധിക്കുകയും ചെയ്യുന്നു . അതുമൂലം മാനസിക സമ്മർദ്ദങ്ങളും ഉത്കണ്ഠാ രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ആംഗ്സൈറ്റി കൂടുമ്പോൾ അവരുടെ കോൺസെൻട്രേഷൻ നഷ്ടപ്പെടുകയും എല്ലാറ്റിനോടും ഒരു പേടി തോന്നി തുടങ്ങുമ്പോൾ എത്ര തന്നെ കഴിവുകൾ അവരിൽ ഉണ്ടായാലും ആ കഴിവുകൾ ഒന്നും തന്നെ പുറത്തെടുക്കാതെ ഒതുക്കി വയ്ക്കും. പേടിയോടുകൂടി എല്ലാ കാര്യങ്ങളെയും സമീപിക്കുന്നതോടെ അവരുടെ പഠനത്തെയും ജീവിതത്തെയും ബാധിക്കും. നാളെ  അവരുടെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ പോലും അത് തുറന്നു പറയാനും മടി കാണിക്കും.

3) ലഹരി ആസക്തി

മാതാപിതാക്കൾ തമ്മിൽ വീട്ടിൽ വഴക്കിടുമ്പോൾ സ്വസ്ഥതയും സമാധാനവും കിട്ടാതെ വരുന്നതോടെ കുട്ടികൾ ലഹരിയെ ആശ്രയിക്കാൻ തുടങ്ങും പ്രത്യേകിച്ച് ആൺകുട്ടികൾ. പാരൻ്റ്സുമായി കാര്യങ്ങൾ ഷെയർ ചെയ്യാൻ പറ്റാതെ വരുന്ന സാഹചര്യത്തിൽ കൂട്ടുകാരോടും പ്രായത്തിൽ മുതിർന്നവരോടും ബന്ധം സ്ഥാപിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം കൂട്ടുകെട്ടുകൾ മദ്യപാനം കഞ്ചാവ്, എം ഡി എം എ തുടങ്ങിയ മാരകമായ ലഹരി വസ്തുക്കളുടെ ഉപയോഗിക്കുന്നതിൽ എത്തിച്ചേരും.  ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയുമായി ബന്ധപ്പെട്ട് ദൃശ്യ പത്ര   മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ  ശ്രദ്ധിച്ചാൽ അതിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ വരെ ഉൾപ്പെട്ടതായി കാണാൻ കഴിയും. വീട്ടുകാരുടെ കരുതൽ നഷ്ടപ്പെടുമ്പോഴാണ് കുട്ടികൾ ഇത്തരം സാമൂഹിക വിരുദ്ധരുടെ അടുക്കലേക്ക് എത്തിപ്പെടുന്നത്.

4) ആൻറി സോഷ്യൽ പേഴ്സണാലിറ്റി ഡിസോഡർ

മാതാപിതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മൂലം പലപ്പോഴും കുട്ടികൾക്ക് സ്നേഹവും പരിചരണവും ആവശ്യത്തിന് ലഭിക്കാതെ വരുമ്പോൾ സമൂഹത്തോടും സഹജീവികളോടും അവർക്ക് വെറുപ്പ് തോന്നിത്തുടങ്ങും. ഈ വെറുപ്പ് കാലക്രമേണ കൂടിക്കൂടി വരുന്നതോടെ അവരിൽ വ്യക്തിത്വ വൈകല്യങ്ങൾ ഉടലെടുക്കുകയും സമൂഹത്തിന് വെല്ലുവിളിയാകുന്ന രീതിയിൽ പെരുമാറുകയും ചെയ്യുന്നു. ഇത്തരത്തിൽ മറ്റുള്ളവരെ ദ്രോഹിക്കുന്ന രീതിയിൽ അവർ പെരുമാറുന്നുണ്ടെങ്കിൽ അതിനു കാരണം മാതാപിതാക്കൾ തമ്മിലുള്ള വഴക്കുകൾ തന്നെയാണ് .

5) ചൈൽഡ് അബ്യൂസ് (Child Abuses)

സുരക്ഷിതമല്ലാത്ത വീടുകളിൽ കഴിയുന്ന കുട്ടികളെ പലരും ചൂഷണം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടാണ് നമ്മുടെ നാട്ടിൽ ഇപ്പോഴും കുട്ടികളുമായി ബന്ധപ്പെട്ട് അബ്യൂസ് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിൽ ഫിസിക്കൽ അബ്യൂസ്, ചൈൽഡ്ഹുഡ് അബ്യൂസ്, പ്രായപൂർത്തിയാകുന്നതിനു മുൻപുള്ള ഒളിച്ചോട്ടങ്ങൾ, ടീനേജ് പ്രഗ്നൻസി എന്നിവയെല്ലാം ഉണ്ടാകുന്നതിന് പിന്നിൽ സ്വന്തം വീട്ടിൽ നിന്നും അവർ ആഗ്രഹിക്കുന്ന രീതിയിലുള്ള സ്നേഹവും പിന്തുണയും പരിചരണവും കിട്ടാതെ വരുമ്പോഴാണ്. അതുകൊണ്ട് കുട്ടികളെ സൃഷ്ടിക്കുന്നതിനൊപ്പം തന്നെ അവരെ നല്ല വ്യക്തികളായി വളർത്തുന്നതിന് കൂടിക്കഴിഞ്ഞാൽ മാത്രമേ നിങ്ങൾ നല്ലൊരു പാരൻ്റ് ആവുകയുള്ളൂ. 

നിങ്ങൾ ഭാര്യക്കും ഭർത്താവിനും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് നിങ്ങൾ തമ്മിൽ പറഞ്ഞു തീർക്കുകയോ നിങ്ങളെക്കൊണ്ട് പറഞ്ഞു തീർക്കാൻ കഴിയാത്ത കാര്യങ്ങളാണെങ്കിൽ മനശാസ്ത്ര വിദഗ്ധരുടെ സേവനം തേടേണ്ടതാണ്. അല്ലാത്തപക്ഷം നിങ്ങളുടെ മാത്രമല്ല മക്കളുടെയും ജീവിതം ജീവിതം കൂടി നശിക്കാൻ ഇടവരും. ഓർക്കുക നിങ്ങളെ കണ്ടിട്ടാണ് മക്കൾ  വളരുന്നത്. അവർ കാണുന്നതും കേൾക്കുന്നതും നല്ലതായാൽ അവരും നല്ല വ്യക്തികളായി മാറുന്നതാണ്.

കുട്ടികളുടെ മാനസിക സംഘർഷങ്ങൾ എങ്ങനെ തിരിച്ചറിയാം? അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങള്‍

 

Latest Videos
Follow Us:
Download App:
  • android
  • ios