നിങ്ങളൊരു റോഡപകടം കണ്ടാല്‍ എന്ത് ചെയ്യും? ; കിഷോര്‍ കുമാറും മകനും ഒരു 'റിമൈൻഡര്‍' ആണ്...

പലപ്പോഴും റോഡപകടങ്ങള്‍ നടക്കുമ്പോള്‍ ചുറ്റിലുമുള്ളവര്‍ കാഴ്ചക്കാര്‍ മാത്രമായി മാറുന്ന സാഹചര്യമുണ്ടാകാറുണ്ട്. ചിലര്‍ക്ക് ചോര പേടിയായിരിക്കും, ചിലര്‍ക്ക് അങ്ങനെയൊരു സാഹചര്യത്തില്‍ എന്ത് ചെയ്യണം എന്ന് പെട്ടെന്ന് അറിയാൻ വയ്യാത്ത അവസ്ഥയായിരിക്കും. 

volleyball player kishor kumar shares experience of saving a man from road accident with his son

ഓരോ ദിവസവും നമ്മുടെ നാട്ടില്‍ റോഡപകടങ്ങളില്‍ ജീവൻ പൊലിയുന്നവരും പരുക്കേല്‍ക്കുന്നവരുമെല്ലാം നിരവധിയാണ്. ഇതില്‍ പല കേസുകളിലും സമയത്തിന് ആശുപത്രിയിലെത്തിക്കാൻ കഴിയാതിരിക്കുന്നതിനാലോ, ചികിത്സ സമയത്തിന് ലഭിക്കാതിരിക്കുന്നതിനാലോ എല്ലാം സംഭവിക്കുന്ന ദുരന്തങ്ങളാണ്.

പലപ്പോഴും റോഡപകടങ്ങള്‍ നടക്കുമ്പോള്‍ ചുറ്റിലുമുള്ളവര്‍ കാഴ്ചക്കാര്‍ മാത്രമായി മാറുന്ന സാഹചര്യമുണ്ടാകാറുണ്ട്. ചിലര്‍ക്ക് ചോര പേടിയായിരിക്കും, ചിലര്‍ക്ക് അങ്ങനെയൊരു സാഹചര്യത്തില്‍ എന്ത് ചെയ്യണം എന്ന് പെട്ടെന്ന് അറിയാൻ വയ്യാത്ത അവസ്ഥയായിരിക്കും. 

എന്തുതന്നെ ആയാലും മനുഷ്യര്‍ കൂട്ടമായി നില്‍ക്കുമ്പോള്‍ അവര്‍ക്ക് പ്രവര്‍ത്തിക്കാൻ കുറെക്കൂടി എളുപ്പമാണല്ലോ. ഈ സംഘബലമെങ്കിലും റോഡപകടത്തില്‍ സമയത്തിന് ഉപയോഗപ്പെടേണ്ടതുണ്ട്. ഇപ്പോഴിതാ സമാനമായ രീതിയില്‍ റോഡപകടത്തില്‍ നിന്ന് ഒരു ജീവൻ കെടാതെ ചേര്‍ത്തുപിടിച്ച് കാത്ത അനുഭവകഥ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കകയാണ് വോളിബോള്‍ താരമായ കിഷോര്‍ കുമാര്‍.

അന്താരാഷ്ട്ര താരമാണ് കിഷോര്‍. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ കിഷോര്‍ ഇപ്പോള്‍ ഭാര്യ നമിത (അധ്യാപിക) മക്കളായ ഇന്ദ്രത്ത്, അഹ്രിയ എന്നിവര്‍ക്കൊപ്പം കൊച്ചിയിലാണ് താമസം. ബിപിസിഎല്‍ കൊച്ചി റിഫൈനറിയില്‍ എച്ച് ആര്‍ മാനേജരായി പ്രവര്‍ത്തിക്കുകയാണ് കിഷോറിപ്പോള്‍. 

മകൻ ഇന്ദ്രദത്ത് എന്ന കിച്ചുവും അത്യാവശ്യം നന്നായി വോളിബോള്‍ കളിക്കും. അങ്ങനെ മകനെ പ്രാക്ടീസിന് കൊണ്ടുപോകാനായി ഒരു ദിവസം വീട്ടില്‍ നിന്ന് ഇറങ്ങവെ യാദൃശ്ചികമായി ഒരു റോഡപകടത്തിന് സാക്ഷിയാവുകയും അതില്‍ പെട്ടയാളെ സുരക്ഷിതമായി ആശുപത്രിയിലെത്തിക്കുകയും ചെയ്തതിനെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചതാണ് കിഷോര്‍. 

volleyball player kishor kumar shares experience of saving a man from road accident with his son
(കിഷോറും മകൻ കിച്ചുവും...)


'ഞാൻ മുമ്പും ഇങ്ങനെ റോഡപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനൊക്കെ നിന്നിട്ടുള്ള ആളാണ്. ഇത് മകൻ കൂടെയുണ്ട് എന്നതായിരുന്നു പ്രത്യേകത. അവന് 17 വയസേ ആയിട്ടുള്ളൂ. ഇങ്ങനെയുള്ള അനുഭവങ്ങളൊന്നും ഇല്ലല്ലോ. പക്ഷേ കളിച്ച് ശീലമുള്ളതുകൊണ്ടോ എന്തോ ചോര കണ്ടപ്പോള്‍ അവന് പ്രശ്നമൊന്നും വന്നില്ല. കാറിലാണെങ്കില്‍ ഞങ്ങളും പരുക്കേറ്റയാളും അദ്ദേഹത്തിന്‍റെ ചെറിയ മകനുമാണ് ആകെയുള്ളത്. ഇടയ്ക്ക് വച്ച് അദ്ദേഹത്തിന് എന്തെങ്കിലും കാര്യമായി സംഭവിക്കുമോ എന്ന് ഞാൻ ഭയന്നിരുന്നു. അങ്ങനെ സംഭവിക്കല്ലേ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച് വണ്ടിയോടിച്ചു...'- വൈറലായ സോഷ്യല്‍ മീഡിയ പോസ്റ്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ കിഷോര്‍ പറയുന്നത് ഇങ്ങനെ. 

ഇതിനിടയ്ക്ക് ഒരു റോഡപകടവും കൂടി നിന്നവരുടെ നിസംഗതയും കൂടി കണ്ടതോടെയാണ് ഈ അനുഭവം പരസ്യമായി പങ്കിടാമെന്ന് കരുതിയതെന്നും, അത് ആര്‍ക്കെങ്കിലുമൊക്കെ ഒരോര്‍മ്മപ്പെടുത്തല്‍ ആകുമെങ്കില്‍ ആകട്ടെ എന്ന് ചിന്തിച്ചെന്നും കിഷോര്‍ പറയുന്നു. 

Also Read:- 5 പേരുടെ മരണത്തിന് ഇടയാക്കിയ കാര്‍ അപകടത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍...

മകൻ കിച്ചുവിന്‍റെ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് കിഷോര്‍ തന്‍റെ അനുഭവം വിവരിച്ചത്. നിരവധി പേരാണ് ഇത് പങ്കുവയ്ക്കുകയും ഇതിനോട് പോസിറ്റീവായി പ്രതികരിക്കുകയും ചെയ്തത്. എഴുത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വ്യക്തിയും കുടുംബവും കിഷോറിനെയും കുടുംബത്തെയും വീട്ടിലെത്തി സന്ദര്‍ശിക്കുകയും ചെയ്തു. ഈ സന്തോഷം ഇരട്ടിയാണെന്നാണ് കിഷോര്‍ പറയുന്നത്. 

കിഷോര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച് വൈറലായ കുറിപ്പ്...

ഇത് എന്‍റെ മകൻ. പേര് ഇന്ദ്രദത്ത്. ഞങ്ങൾ കിച്ചു എന്ന് വിളിക്കും. കുറച്ചുദിവസം മുമ്പ് ഞങ്ങൾ വൈകുന്നേരം പ്രാക്ടീസ് ചെയ്യുവാൻ നിക്കറും ബനിയനുമിട്ട് പ്രാക്ടീസ് ഡ്രെസിൽ കാറുമെടുത്തു പോകുകയായിരുന്നു. വീടിന്‍റെ അടുത്ത് തന്നെ മെയിൻ റോഡിലേക്ക് കയറുമ്പോൾ ചെറിയ ഒരാൾക്കൂട്ടം. പെട്ടെന്ന് വണ്ടി സൈഡ് ആക്കി ഞാനും മോനും ഓടിച്ചെന്നു. ഒരാൾ തല പൊട്ടി റോഡിൽ കിടക്കുന്നു. തൊട്ടരികിൽ ഒരു പയ്യൻ രണ്ടു കയ്യിലും ചോര ഒലിപ്പിച്ച് കരഞ്ഞുകൊണ്ടിരിക്കുന്നു. 

അച്ഛനും മകനുമാണെന്നു തോന്നി. എന്തോ ബൈക്ക് ആക്സിഡന്‍റ് ആണെന്ന് തോന്നുന്നു. ഹെൽമെറ്റ് തലയിൽ നിന്നൂരി തെറിച്ചുപോയിരിക്കുന്നു. ജീവൻ ഉണ്ടോ ഇല്ലയോ എന്ന് ഒരു പിടിയും കിട്ടുന്നില്ല. ഞാൻ പറഞ്ഞു, എല്ലാവരും ഒന്ന് പിടിച്ചേ ഹോസ്പിറ്റലിൽ കൊണ്ട് പോകാം. കൂടി നിന്നവരെല്ലാവരും കൂടി എന്‍റെ കാറിലേക്ക് കയറ്റി. കൂടെ ആരും വന്നില്ല. ഞാനും മകനും കൊണ്ട് പൊക്കോളാം എന്ന് പറഞ്ഞു. ഞാൻ മകനോട് പറഞ്ഞു- ആളെ മുറുക്കി കെട്ടിപിടിച്ചു ഇരിക്കണം. എന്ത് വന്നാലും വിടരുത്. എന്തെങ്കിലും സംഭവിച്ചാൽ പോലും പേടിക്കാതെ പിടിച്ചോണം.

അയാളുടെ മകനെ ഫ്രണ്ട് സീറ്റിലിരുത്തി. ലൈറ്റുമിട്ടു കോലഞ്ചേരി മെഡിക്കൽ കോളേജ് ലക്ഷ്യമാക്കി ഒരൊറ്റപറക്കൽ. പോകുന്ന പോക്കിൽ പരിക്ക് പറ്റിയ ആളുടെ മകനോട് പറഞ്ഞു വീട്ടിൽ ആരെയെങ്കിലും വിളിക്കാൻ. പയ്യൻ ഭയങ്കര കരച്ചിൽ. വിളിച്ചു, കിട്ടി. ഞാൻ ആരാണെന്നു ചോദിച്ചു അവന്‍റെ അമ്മയാണെന്ന് പറഞ്ഞു. ഞാൻ അവരോടു ഒരു ചെറിയ ആക്സിഡന്‍റ് ഉണ്ടെന്നും കോളേജിലേക്ക് ഉടൻ വരണമെന്നും പറഞ്ഞു. അവർ പരിഭ്രാന്തയായി. ഞാൻ പറഞ്ഞു മകനോട് സംസാരിച്ചോളാൻ. എന്നിട്ടു അവനോട് കരയാതെ സംസാരിക്കാൻ പറഞ്ഞു. അപ്പോൾ അച്ഛനെവിടെ എന്ന് ചോദിച്ചു. അച്ഛൻ പുറകില് ഇരിപ്പുണ്ടെന്നു പയ്യനെക്കൊണ്ട് പറയിപ്പിച്ചു. എന്നിട്ടു കൊലെഞ്ചേരിക്ക് പറ പറന്നു.

കുറച്ചുദൂരം കഴിഞ്ഞപ്പോൾ അയാൾ ഒരു പ്രത്യേക ഏമ്പക്കം വിട്ടു തുടങ്ങി. പിന്നേ ഭയങ്കര ഛർദി. മകന്‍റെ മുഖത്ത് അല്ലാതെ എല്ലായിടത്തും ഛർദിച്ചു. എന്നിട്ടും ആ ഛർദിലും മുഴുവൻ ചോരയും ശരീരം മൊത്തമായിട്ടും ഒരു ഭാവവ്യത്യാസമില്ലാതെ നെഞ്ചിനോട് ഒരു പരിചയവുമില്ലാത്ത ഒരാളിനെ ചേർത്ത് പിടിച്ചു കൊണ്ടിരിക്കുന്ന അവന്‍റെ മുഖം ആ കണ്ണാടിയിലൂടെ ഞാൻ കണ്ടത് ഇപ്പോഴും ഓർക്കുന്നു. ഞാൻ പറഞ്ഞു, മോനെ അയാളെ നോക്കണ്ട. അയാൾക്ക്‌ എന്ത് സംഭവിച്ചാലും മോൻ ധൈര്യമായിട്ടിരിക്കണം. ഇല്ലച്ഛാ... അച്ഛൻ ധൈര്യമായിട്ട് വണ്ടി വിട്ടോ. അങ്ങിനെ ഹോസ്പിറ്റലിൽ എത്തി. icu വീൽ കയറ്റി.

അപ്പോൾ ഒരമ്മയും ഒരു മകളും അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഞാൻ എന്‍റെ ഫോൺ നമ്പർ ഹോസ്പിറ്റലുകാർക്കു കൊടുത്തു. അവിടെ ആളുണ്ടെന്ന് ഉറപ്പാക്കി ഞാനും മകനും വീട്ടിലേക്കു തിരിച്ചു പോന്നു. ഇന്നോവ കാർ നിറച്ചും ഛർദിലും ചോരയും. കാർ കഴുകിയാൽ ഓക്കേ. വലിയ വൃത്തിക്കാരനായ അവനെ നോക്കി ഞാൻ ചോദിച്ചു- മോന് ഛർദിലും ചോരയും ആയിട്ട് വിഷമമുണ്ടോ എന്ന്. ഇല്ലച്ഛാ ഇപ്പൊ ഈ ശരീരത്തിൽ കിടക്കുന്ന ഛർദിലും ചോരയും എനിക്കറപ്പ് തോന്നുന്നേ ഇല്ല. അച്ഛൻ വിഷമിക്കണ്ട. 

വീട്ടിൽ പോയി അവനും കുളിച്ചു. ആ രാത്രി തന്നെ വണ്ടിയും കഴുകി. അന്ന് രാത്രിയും പിറ്റേന്നും എല്ലാ ദിവസവും അവരുടെ ഭാര്യ വിവരങ്ങൾ വിളിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. അവരുടെ ഭാര്യ ഒരു സ്കൂൾ ടീച്ചർ ആയിരുന്നു. അവരുടെ സ്‌കൂളിൽ സ്പോർട്സ് ഡേയ്ക്ക് ഞാൻ ചീഫ് ഗസ്റ്റ് ആയി പോയപ്പോൾ മുതൽ എന്നെ അറിയാം എന്നും പറഞ്ഞു.

എന്തായാലും കുറച്ച് ദിവസങ്ങൾക്കു ശേഷം അവർ പൂർണ സുഖമായെന്നും ഡിസ്ചാർജ് ആയെന്നും അവരുടെ ഭാര്യ വിളിച്ചു പറഞ്ഞപ്പോൾ അതറിഞ്ഞ ഉടനെ ഞാൻ പയ്യനോട് ഈ വിവരം പറഞ്ഞു. ഒരു ചെറുപുഞ്ചിരിയോടൊപ്പം ആ വലതു കൈ മടക്കി പുറകോട്ടൊരു വലി വലിച്ചു... yesssss എന്നൊരു സൗണ്ടും.

മകനെക്കുറിച്ചു ഓർത്ത് അഭിമാനിക്കാനുണ്ടായ ഒരു സംഭവം. അതെപൊലെ ഒരു മനുഷ്യ ജീവൻ തിരിച്ചു കിട്ടിയതിന്‍റെ കാരണക്കാരനായതിന്‍റെ വലിയ ഒരു ആഹ്ളാദവും..സന്തോഷം ... അഭിമാനം...

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios