ഉരുളക്കിഴങ്ങ് ചിപ്‌സ് വാങ്ങിച്ച് പാക്കറ്റ് തുറന്നപ്പോള്‍ കണ്ടത്...
യുകെയിലാണ് സംഭവം നടന്നിരിക്കുന്നത്. ഡോ. ഡേവിഡ് ബോയ്‌സ് എന്ന അധ്യാപകന്‍ വാങ്ങിയ ഉരുളക്കിഴങ്ങ് ചിപ്‌സ് പാക്കറ്റ് തുറന്നപ്പോള്‍ കണ്ട കാഴ്ചയാണ് ഇപ്പോള്‍ ട്വിറ്ററില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്
വിപണിയില്‍ നിന്ന് ലഭിക്കുന്ന പാക്കറ്റ് ഭക്ഷണങ്ങള്‍ക്ക് ( Packet Food ) പലപ്പോഴും പല കുറവുകളും കാണാറുണ്ട്. ചിലപ്പോള്‍ അളവ് കുറയുന്നതാകാം. അല്ലെങ്കില്‍ ഗുണമേന്മയിലെ ( Quality Food ) പ്രശ്‌നമാകാം. പരാതികളുണ്ടെങ്കിലും ഇത്തരം ഭക്ഷണങ്ങളോട് പ്രിയം വന്നുകഴിഞ്ഞാല്‍ പിന്നെ അത് അങ്ങനെയൊന്നും മാറുന്നതുമല്ല.
ഇങ്ങനെയുള്ള ഭക്ഷണങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികളില്‍ പ്രധാനം ആദ്യം സൂചിപ്പിച്ചത് പോലെ അളവിലെ കുറവ് തന്നെയാണ്. പല ബ്രാന്‍ഡുകള്‍ക്കെതിരെയും ഉപഭോക്താക്കളുടെ ഇത്തരം പരാതികളുയര്‍ന്നിട്ടുണ്ട്.
എന്നാലിവിടെയിതാ വ്യത്യസ്തമായൊരു പരാതിയാണ് ഒരു ചിപ്‌സ് കമ്പനിക്കെതിരെ വന്നിരിക്കുന്നത്. പരാതിയെന്ന് പൂര്‍ണമായി പറയാന്‍ പോലുമാകില്ല, രസകരമായൊരു അനുഭവം എന്ന് പറയാം.
യുകെയിലാണ് സംഭവം നടന്നിരിക്കുന്നത്. ഡോ. ഡേവിഡ് ബോയ്‌സ് എന്ന അധ്യാപകന്‍ വാങ്ങിയ ഉരുളക്കിഴങ്ങ് ചിപ്‌സ് പാക്കറ്റ് തുറന്നപ്പോള്‍ കണ്ട കാഴ്ചയാണ് ഇപ്പോള്‍ ട്വിറ്ററില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. ഉരുളക്കിഴങ്ങ് ചിപ്‌സിന് പകരം പാക്കറ്റില്‍ മുഴുവനായൊരു ഉരുളക്കിഴങ്ങ് തന്നെയായിരുന്നു ഉണ്ടായിരുന്നത്.
വളരെ അപൂര്‍വ്വമായേ ഇത്തരം പിഴവുകള്‍ കമ്പനികള്‍ക്ക് സംഭവിക്കാറുള്ളൂ. എന്തായാലും ചിത്രസഹിതം ഡോ. ഡേവിഡ് തന്റെ അനുഭവം ട്വിറ്ററില്‍ പങ്കുവച്ചതോടെ സംഭവം വൈറലാവുകയായിരുന്നു. നിരവധി പേരാണ് ഇത് വീണ്ടും പങ്കുവച്ചിരിക്കുന്നത്.
കമന്റുകളുമായി ചര്‍ച്ചകളും സജീവം. ഇതോടെ കമ്പനിയും മരുപടിയുമായി എത്തിയിട്ടുണ്ട്. വിഷയം പരിശോധിക്കാമെന്നാണ് കമ്പനിയുടെ മറുപടി.
Also Read:- 'ഇന്‍വിസിബിള്‍ പിസ' അഥവാ കാണാന്‍ കഴിയാത്ത പിസ; വൈറലായി വീഡിയോ