മില്‍ക്ക് പ്ലാന്റില്‍ ജോലി ചെയ്യുന്നയാള്‍ പാലില്‍ കുളിക്കുന്ന വീഡിയോ; സംഭവം വിവാദത്തില്‍...
സമൂഹമാധ്യമങ്ങളിലും മറ്റുമായി വൈറലാവുകയായിരുന്നു. തുടര്‍ന്ന് സംഭവം വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് വഴിയൊരുക്കിയത്.
മില്‍ക്ക് പ്ലാന്റില്‍ ജോലി ചെയ്യുന്നയാള്‍ പാലില്‍ കുളിക്കുന്ന വീഡിയോ പുറത്ത്. ടര്‍ക്കിയിലെ കൊനിയയില്‍ നിന്നാണ് വിചിത്രമായ വീഡിയോ പുറത്തുവന്നിരിക്കുന്നത്. കൊനിയയിലെ സെന്‍ട്രല്‍ അനറ്റോളിയനിലുള്ള ഒരു മില്‍ക്ക് പ്ലാന്റില്‍ ജോലി ചെയ്യുന്നയാളാണ് ഫാക്ടറിക്കകത്ത് ഉപയോഗിക്കുന്ന ടാങ്കിന് സമാനമായ പാത്രത്തില്‍ പാല്‍ നിറച്ച് കുളിക്കുന്നത്.
പ്ലാന്റിലെ ജീവനക്കാരനായ എമിര്‍ സായര്‍ എന്നയാളാണ് വീഡിയോയിലുള്ളത്. എമിറിന്റെ കൂടെത്തന്നെ ജോലി ചെയ്യുന്ന ഉഗുര്‍ എന്നയാളാണ് വീഡിയോ ആദ്യം ടിക് ടോക്കിലൂടെ പങ്കുവച്ചത്.
ചുരുങ്ങിയ സമയത്തിനകം തന്നെ വീഡിയോ സമൂഹമാധ്യമങ്ങളിലും മറ്റുമായി വൈറലാവുകയായിരുന്നു. തുടര്‍ന്ന് സംഭവം വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് വഴിയൊരുക്കിയത്.
ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലാണ് ജീവനക്കാരുടെ ഇത്തരത്തിലുള്ള പെരുമാറ്റമെന്നും ഇത് അനുവദിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി നിരവധി പേര്‍ പ്ലാന്റിനെതിരെയും രംഗത്ത് വന്നു. ഇതോടെ പ്ലാന്റ് താല്‍ക്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണിപ്പോള്‍.
സംഭവത്തില്‍ അന്വേഷണവും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. അതേസമയം എമിറിനെയും ഉഗുറിനെയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായാണ് കമ്പനി അറിയിക്കുന്നത്. എമിര്‍ കുളിച്ചത് പാലിലല്ലെന്നും പ്ലാന്റിലെ പാത്രങ്ങള്‍ വൃത്തിയാക്കാനുപയോഗിക്കുന്ന ലായനിയും വെള്ളവും യോജിപ്പിച്ച മിശ്രമിതമാണ് അതെന്നുമാണ് കമ്പനി നല്‍കുന്ന വിശദീകരണം. എന്തായാലും സംഭവം ഇത്രത്തോളം വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയതിനാല്‍ ഇരുവര്‍ക്കും ഇനി ജോലിയില്‍ തിരികെ പ്രവേശിക്കാനാവില്ല. മറ്റ് നിയമപ്രശ്‌നങ്ങള്‍ കൂടി പരിഹരിച്ച് പ്ലാന്റ് വീണ്ടും തുറക്കാനാണ് ഉടമസ്ഥരിപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
Also Read:- ഭക്ഷണം എത്തിച്ചുവെന്നറിയിക്കാന്‍ ഫോട്ടോ; ശേഷം ഡെലിവറി ഡ്രൈവര്‍ ചെയ്തത്...