കിടപ്പറയില്‍ സുഗന്ധം വേണം, കാരണം അറിയാമോ?
കിടപ്പുമുറിയിലെ വെളിച്ചം എപ്പോഴും കൃത്യമായി ക്രമീകരിച്ചിരിക്കണം. അധികം വെളിച്ചം പാടില്ല, അതുപോലെ കണ്ണിന് ബുദ്ധിമുട്ടുണ്ടാക്കുന്ന തരം വെളിച്ചങ്ങളും പാടില്ല
ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് കിടപ്പുമുറിയെന്ന് പറയാം. കിടപ്പുമുറി നമ്മുടെ ഉറക്കത്തെയും മനസന്തോഷത്തെയും വളയെധികം സ്വാധീനിക്കുന്നയിടമാണ്. അതിനാല്‍ തന്നെ കിടപ്പറ എപ്പോഴും വൃത്തിയായും മനോഹരമായും കൊണ്ടുനടക്കേണ്ടതുണ്ട്.
ഇപ്പോഴാകട്ടെ രാത്രിയില്‍ ഉറക്കം ലഭിക്കുന്നില്ലെന്നും ഉറക്കം കൃത്യമാകുന്നില്ലെന്നും പരാതിപ്പെടുന്നവര്‍ ഏറെയാണ്. ഇതുമൂലമാകാം പിന്നീട് മാനസികമായ ബുദ്ധിമുട്ടുകള്‍ പതിവായി നേരിടുകയും ചെയ്യാം. ഇത്തരക്കാര്‍ കിടപ്പമുറിയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ അല്ലെങ്കില്‍ ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
കിടപ്പുമുറിയിലെ വെളിച്ചം എപ്പോഴും കൃത്യമായി ക്രമീകരിച്ചിരിക്കണം. അധികം വെളിച്ചം പാടില്ല, അതുപോലെ കണ്ണിന് ബുദ്ധിമുട്ടുണ്ടാക്കുന്ന തരം വെളിച്ചങ്ങളും പാടില്ല. ഉറങ്ങാനുള്ള സമയമാകുമ്പോള്‍ എല്ലാ വെളിച്ചവും അണയ്ക്കുന്നതാണ് ഉചിതമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് നമ്മളില്‍ കൂടുതല്‍ 'മെലട്ടോണിൻ' ഉത്പാദിപ്പിക്കാൻ കാരണമാകുന്നു. നമ്മുടെ ഉറക്കത്തെ സ്വാധീനിക്കുന്ന ഹോര്‍മോണ്‍ ആണ് 'മെലട്ടോണിൻ'.
രണ്ട്...
കിടപ്പുമുറിയില്‍ എല്ലാ സാധനങ്ങളും വലിച്ചുവാരി ഇടുക. വസ്ത്രങ്ങള്‍ കൂട്ടിയിടുക, അല്ലെങ്കില്‍ അമിതമായി സാധനങ്ങള്‍ കുത്തിനിറച്ച് വയ്ക്കുകയെല്ലാം ചെയ്യുന്നത് ഉറക്കത്തെ മോശമായി സ്വാധീനിക്കാം. അതിനാല്‍ കിടപ്പുമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഇത് സ്ട്രെസ് കുറയ്ക്കാനും ഉറക്കത്തിലേക്ക് പെട്ടെന്ന് പോകാനും സുഖമായി ഉറങ്ങാനും സഹായിക്കുന്നു.
മൂന്ന്...
ഇലക്ട്രോണിക് ഉപകരണങ്ങള്‍ കിടപ്പുമുറിയില്‍ നിന്ന് പുറത്തുവയ്ക്കുക. ഇലക്ട്രോണിക് ഉപകരണങ്ങളും ഉറക്കത്തെ പ്രതികൂലമായി ബാധിക്കാവുന്ന ഘടകങ്ങളാണ്. കിടപ്പുമുറിയില്‍ കിടന്ന് ടിവി, ഫോണ്‍ എന്നിവ നോക്കുന്നതും അത്ര ആരോഗ്യകരമായ ശീലമല്ല.
നാല്...
കിടപ്പുമുറിയില്‍ ഏറ്റവും നേര്‍ത്തതായ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കാം. ഇതും ഉറക്കത്തെ നല്ലതാക്കി മാറ്റും. ഇത്തരത്തിലുള്ള അരോമ തെറാപ്പി നൂറ്റാണ്ടുകളായി ചെയ്തുവരുന്നതാണ്. ഇതിന് സമാനമായ കാര്യമാണ് നമ്മളും ചെയ്യുന്നത്. ലാവണ്ടര്‍, ചെറി പ്ലം, ക്ലെമറ്റിസ് എന്നിവയെല്ലാം ഇതുപോലെ ഉപയോഗിക്കാവുന്ന സെന്‍റുകളാണ്.
അഞ്ച്...
ഇടയ്ക്കിടെ സമയം നോക്കുന്ന ശീലമുണ്ടെങ്കില്‍ അതും രാത്രിയില്‍ നല്ലതല്ല. ഇതും ഉറക്കത്തെ മോശമായി സ്വാധീനിക്കും. അലാം വച്ചുറങ്ങുന്നതല്ല പ്രശ്നം ഇടയ്ക്ക് ക്ലോക്കിലോ വാച്ചിലോ നോക്കുന്നതാണെന്ന് മനസിലാക്കുക.
ആറ്...
കിടക്ക ശരിയല്ലെങ്കിലും അത് ഉറക്കത്തെ ബാധിക്കാം. ശരീരവേദന- പ്രത്യേകിച്ച് കഴുത്ത് വേദന, നടുവേദന എല്ലാം ഇതുമൂലം അനുഭവപ്പെടാം. ഉറക്കം ശരിയാകാതെ വരുന്നുണ്ടെങ്കില്‍ ഇത് പതിവാണെങ്കില്‍ കിടക്കയും പരിശോധനയ്ക്ക് വിധേയമാക്കുക.
Also Read:- എന്തുകൊണ്ടാണ് നാം അലാം അടിക്കുന്നതിന് അല്‍പം മുമ്പ് ഉറക്കമുണരുന്നത്?