അപൂര്‍വരോഗത്തെ തുടര്‍ന്ന് ഭക്ഷണം കഴിക്കാൻ കഴിയാത്ത അവസ്ഥ; എന്നിട്ടും ഷെഫ് ആയി ജോലി
വര്‍ഷങ്ങളോളം ചികിത്സ നടത്തിയിട്ടും ഫലമുണ്ടായില്ല. എന്താണ് ലോറെറ്റയുടെ രോഗമെന്ന് കണ്ടെത്താനും ഡോക്ടര്‍മാര്‍ക്ക് ഏറെക്കാലം കഴിഞ്ഞില്ല. എന്നാല്‍ പിന്നീട് 2015ല്‍ ഇവരുടെ രോഗം എന്താണെന്ന് സ്ഥിരീകരിച്ചു
അപൂര്‍വമായ പല രോഗങ്ങളെയും കുറിച്ച് നാം വാര്‍ത്തകളിലൂടെയും മറ്റ് പഠനറിപ്പോര്‍ട്ടുകളിലൂടെയുമെല്ലാം കണ്ടും വായിച്ചുമെല്ലാം അറിയാറുണ്ട്. പല രോഗങ്ങളെ കുറിച്ചും അറിയുമ്പോള്‍ അതെല്ലാം എത്രമാത്രം സങ്കീര്‍ണമാണെന്ന ദുഖമോ കരുതലോ എല്ലാം അതത് രോഗികളോട് നമുക്ക് തോന്നാം. എന്നാല്‍ അപൂര്‍വരോഗങ്ങള്‍ ബാധിച്ചിട്ടുള്ള പലരും അസാധാരണമായ മനക്കട്ടിയോടെ അതിനെ നേരിടുന്നുവെന്ന യാഥാര്‍ത്ഥ്യവും നമുക്ക് മുമ്പിലുണ്ട്.
അത്തരത്തില്‍ ജീവിതത്തോട് പോരാടി അതിജീവനം നടത്തുന്ന നിരവധി പേരെ പറ്റി നിങ്ങളും വായിച്ചിരിക്കാം, അല്ലെങ്കില്‍ അറിഞ്ഞിരിക്കാം. ഇപ്പോഴിതാ സമാനമായ രീതിയില്‍ അപൂര്‍വമായൊരു രോഗത്തെ തുടര്‍ന്ന് സാധാരണജീവിതത്തില്‍ നിന്നെല്ലാം പുറത്താക്കപ്പെട്ടൊരു യുവതിയെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്.
യുകെയിലെ ഡോര്‍സെറ്റ് സ്വദേശിയായ ലോറെറ്റ ഹാംസ് എന്ന മുപ്പത്തിയൊന്നുകാരി. ചെറുപ്പകാലത്തിലൊന്നും പ്രത്യേകിച്ച് പ്രശ്നങ്ങളില്ലാതിരുന്ന ലോറെറ്റയ്ക്ക് പിന്നീട് ഭക്ഷണം കഴിച്ചാല്‍ വയറിന് ആകെ പ്രശ്നമാകുന്ന അവസ്ഥയായി.
വര്‍ഷങ്ങളോളം ചികിത്സ നടത്തിയിട്ടും ഫലമുണ്ടായില്ല. എന്താണ് ലോറെറ്റയുടെ രോഗമെന്ന് കണ്ടെത്താനും ഡോക്ടര്‍മാര്‍ക്ക് ഏറെക്കാലം കഴിഞ്ഞില്ല. എന്നാല്‍ പിന്നീട് 2015ല്‍ ഇവരുടെ രോഗം എന്താണെന്ന് സ്ഥിരീകരിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ 'എഹ്ലേഴ്സ്- ഡാൻലസ് സിൻഡ്രോം' (ഇഡിഎസ്) എന്ന രോഗമാണ് ഇവര്‍ക്ക്.
പതിമൂന്നോളം ആരോഗ്യപ്രശ്നങ്ങളാണ് ഈ രോഗത്തിന്‍റെ പ്രത്യേകത. പ്രധാനമായും കഴിക്കുന്ന ഭക്ഷണം ദഹിക്കില്ല എന്നത് തന്നെ പ്രശ്നം. രോഗമറിഞ്ഞതോടെ പിന്നീട് ഇവര്‍ ഭക്ഷണം കഴിച്ചിട്ടില്ല. ഒരു ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങള്‍ നേരിട്ട് അകത്തെത്തിക്കും. ഈ ട്യൂബ് ദിവസത്തില്‍ പതിനെട്ട് മണിക്കൂറെങ്കിലും ഇടണം.
ഭക്ഷണം കഴിക്കാൻ കഴിയാത്ത രോഗമായിട്ട് കൂടി ലോറെറ്റ പിന്നീട് ഷെഫ് ആയി മാറിയെന്നതാണ് ഇവരുടെ കഥയിലെ രസകരമായ ട്വിസ്റ്റ്. ഭക്ഷണം തയ്യാറാക്കാനും കഴിക്കാനുമെല്ലാം ഒരുപോലെ ഇഷ്ടമായിരുന്ന ലോറെറ്റയ്ക്ക് ആദ്യമൊന്നും ഈ രോഗം ഉള്‍ക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് ഇവര്‍ ഇതുമായി സമരസപ്പെട്ടു. ഒന്നുമില്ലെങ്കിലും രോഗം എന്താണെന്ന് കണ്ടെത്തപ്പെട്ടതിന്‍റെ സന്തോഷത്തിലാണ് ഇവര്‍. ഇപ്പോള്‍ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം ഇഷ്ടമുള്ള ഭക്ഷണമെല്ലാം ഉണ്ടാക്കി നല്‍കി താൻ സന്തോഷിക്കാറാണ് പതിവെന്ന് ഇവര്‍ പറയുന്നു. സ്വന്തമായി റെസ്റ്റോറന്‍റും നടത്തുന്നുണ്ട് ഇവര്‍.
Also Read:- ആലിപ്പഴം വീണ് ആളുകള്‍ക്ക് പരുക്ക്; അമ്പരപ്പിക്കുന്ന വീഡിയോകള്‍ വൈറലാകുന്നു...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-