Viral Photo : 'അഞ്ച് രൂപയുടെ പാക്കറ്റില്‍ വെറും ആറ് ചിപ്‌സ്'; വൈറലായി ട്വീറ്റ്
പലരും സമാനമായ അനുഭങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. ഇതിനിടെ ട്രോളുകളിലൂടെ പരാതി ഉന്നയിച്ച വ്യക്തിയെ ചിലര്‍ സമാധാനിപ്പിക്കുന്ന കാഴ്ചയും ഏറെ രസകരമാണ്
കടകളില്‍ നിന്ന് വാങ്ങുന്ന ഭക്ഷണസാധനങ്ങള്‍ ( Food Items ) സംബന്ധിച്ച് പലവിധത്തിലുള്ള പരാതികള്‍ നമുക്ക് ഉണ്ടാകാറുണ്ട് അല്ലേ? അതിപ്പോള്‍ ഹോട്ടല്‍ ഭക്ഷണമായാലും ( Hotel Food ) ശരി, സ്‌റ്റോറുകളില്‍ നിന്ന് വാങ്ങിക്കുന്ന സ്‌റ്റേഷനറി ( Stationary Items ) തൊട്ട് ബേക്കറി വരെയുള്ള സാധനങ്ങളായാലും ശരി.
ചില സന്ദര്‍ഭങ്ങളില്‍ ഭക്ഷണങ്ങളുടെ ഗുണമേന്മയെ ചൊല്ലിയാകാം നമുക്ക് പരാതിയുണ്ടാകുന്നത്. ചിലപ്പോഴാകട്ടെ അതിന്റെ അളവിലോ തൂക്കത്തിലോ ഉള്ള കുറവാകാം. എന്തുതന്നെ ആയാലും നമ്മളില്‍ മിക്കവരും നമ്മുടെ ഇത്തരം പരാതികള്‍ വീട്ടിനകത്ത് തന്നെ പറഞ്ഞുതീര്‍ക്കുകയാണ് പതിവ്.
എന്നാല്‍ ചുരുക്കം ചിലരെങ്കിലും ഇങ്ങനെയുള്ള പരാതികള്‍ പൊതുമധ്യത്തില്‍ പങ്കുവയ്ക്കുകയോ, ഔദ്യോഗികമായി തന്നെ പരാതി നല്‍കി നടപടിക്ക് വേണ്ടി മുന്നോട്ടുപോവുകയോ ചെയ്യാറുണ്ട്. യഥാര്‍ത്ഥത്തില്‍ ഉപഭോക്താവിന് ഏത് ഉത്പന്നത്തെ ചൊല്ലിയുമുള്ള പരാതികള്‍ ബോധിപ്പിക്കാനും, അര്‍ഹമായ നീതി വാങ്ങിയെടുക്കാനും ഇവിടെ സംവിധാനങ്ങളുണ്ട്. പക്ഷേ, അധികപേരും ഇതിനൊന്നും മുതിരാറില്ലെന്ന് മാത്രം.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ട്വിറ്ററില്‍ ഒരു വ്യക്തി ഇങ്ങനെയൊരു പരാതി ഉന്നയിച്ചിരുന്നു. സംഭവം ഇപ്പോള്‍ ആകെ വൈറലായിരിക്കുകയാണ്. അഞ്ച് രൂപയ്ക്ക് വാങ്ങിയ ചിപ്‌സ് പാക്കറ്റില്‍ ആകെ ആറ് ചിപ്‌സേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് ഇദ്ദേഹം ഉന്നയിച്ചിരിക്കുന്ന പരാതി.
പാക്കറ്റ് പൊട്ടിച്ച ശേഷം, പാക്കറ്റും അതിനകത്തുണ്ടായിരുന്ന ചിപ്‌സും വച്ച് ഫോട്ടോയെടുത്ത് അത് കൂടി ചേര്‍ത്താണ് ട്വീറ്റ്. എത്രമാത്രം സത്യസന്ധമായ പരാതിയാണിതെന്ന് പറയുക സാധ്യമല്ല. എന്നാല്‍ സംഭവം രസകരമായ ചര്‍ച്ചകളിലേക്കാണ് വഴിതിരിച്ചിരിക്കുന്നത്.
പലരും സമാനമായ അനുഭങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. ഇതിനിടെ ട്രോളുകളിലൂടെ പരാതി ഉന്നയിച്ച വ്യക്തിയെ ചിലര്‍ സമാധാനിപ്പിക്കുന്ന കാഴ്ചയും ഏറെ രസകരമാണ്.
'40 ശതമാനം എക്‌സ്ട്രാ' എന്ന് പാക്കറ്റില്‍ എഴുതിയിട്ടുണ്ട്. അത് ഭാഗ്യമായിപ്പോയി, അല്ലായിരുന്നെങ്കില്‍ ആകെ രണ്ടോ മൂന്നോ ചിപ്‌സേ കിട്ടുമായിരുന്നുള്ളൂ എന്നും, ഇത്രയെങ്കിലും കിട്ടിയല്ലോ എന്ന് ആശ്വസിക്കുന്നതിന് പകരം പരാതിയാണല്ലോ എന്നുമെല്ലാമാണ് കമന്റുകള്‍. നിരവധി പേര്‍ ട്വീറ്റ് വീണ്ടും പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.
ഇതിനിടെ സംഭവം ശ്രദ്ധയില്‍ പെട്ട 'പെപ്‌സികോ കസ്റ്റമര്‍ കെയര്‍' അവരുടെ മറുപടിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. പരാതി തങ്ങളെ ധരിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കമ്പനിയുടെ ട്വീറ്റ്.
Also Read:- ഉരുളക്കിഴങ്ങ് ചിപ്‌സ് വാങ്ങിച്ച് പാക്കറ്റ് തുറന്നപ്പോള്‍ കണ്ടത്...