'എന്തുകൊണ്ട് നിങ്ങളിത് ചെയ്യുന്നില്ല?'; ട്രെയിനില്‍ വാതിലില്‍ തൂങ്ങിനിന്നുള്ള 'റൊമാൻസ്'നെ കുറിച്ച് ട്വീറ്റ്
ട്രെയിനിലെ വാതില്‍ക്കല്‍ പിടിയിലായി തൂങ്ങിനിന്നുകൊണ്ട് ചുംബിക്കുന്ന കമിതാക്കളുടെ ചിത്രത്തോടൊപ്പം 'എന്തുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ ലവര്‍ക്കൊപ്പം ഇത് ചെയ്യുന്നില്ല' എന്ന അടിക്കുറിപ്പോടെ വന്ന ട്വീറ്റ് പങ്കുവച്ചുകൊണ്ട്, ഇതിന് മറുപടിയെന്നോണമാണ് പര്‍വീണ്‍ കാസ്വാന്‍റെ ട്വീറ്റ്.
സിനിമകളിലും മറ്റും നാം പതിവായി കാണാറുള്ളൊരു രംഗമെന്ന് തന്നെ പറയാം ഇതിനെ. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വാതിലില്‍ തൂങ്ങിനിന്നുകൊണ്ട് പ്രണയം പങ്കിടുന്ന കമിതാക്കള്‍. ഒരുപക്ഷേ യഥാര്‍ത്ഥ ജീവിതത്തില്‍ ഇങ്ങനെയൊരു കാഴ്ച കണ്ടാല്‍ സുരക്ഷയെ കുറിച്ചോര്‍ത്തോ മറ്റോ ആശങ്ക തോന്നേണ്ട നമുക്ക് സിനിമയിലോ സ്ക്രീനിലോ ഇത് കാണുമ്പോള്‍ 'റൊമാൻസ്' മാത്രം അനുഭവപ്പെടുന്നു.
എന്തായാലും ഇങ്ങനെയുള്ള സാഹസിക പ്രണയപ്രകടനങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ കോപ്പിയാക്കാതിരിക്കുന്നത് തന്നെയാണ് എപ്പോഴും ഉചിതം. ഇക്കാര്യം ഓര്‍മ്മിപ്പിക്കുകയാണ് ഇന്ത്യൻ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കാസ്വാൻ. രസകരമായ ട്വീറ്റിലൂടെയാണ് ഇദ്ദേഹം ആളുകളിലേക്ക് ഏറെ ഗൗരവമേറിയ ഈ സന്ദേശം കൈമാറുന്നത്.
ട്രെയിനിലെ വാതില്‍ക്കല്‍ പിടിയിലായി തൂങ്ങിനിന്നുകൊണ്ട് ചുംബിക്കുന്ന കമിതാക്കളുടെ ചിത്രത്തോടൊപ്പം 'എന്തുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ ലവര്‍ക്കൊപ്പം ഇത് ചെയ്യുന്നില്ല' എന്ന അടിക്കുറിപ്പോടെ വന്ന ട്വീറ്റ് പങ്കുവച്ചുകൊണ്ട്, ഇതിന് മറുപടിയെന്നോണമാണ് പര്‍വീണ്‍ കാസ്വാന്‍റെ ട്വീറ്റ്.
എന്തുകൊണ്ടാണ് നിങ്ങളിത് നിങ്ങളുടെ ലവര്‍ക്കൊപ്പം ചെയ്യാത്തത് എന്ന ചോദ്യത്തിന് റെയില്‍വേ നിയമ പ്രകാരം സെക്ഷൻ 154 എന്ന രസകരമായ ഉത്തരത്തോടെയാണ് പര്‍വീണ്‍ കാസ്വാൻ ട്വീറ്റ് പങ്കിട്ടിരിക്കുന്നത്. ഇതിന് ശേഷം കമന്‍റില്‍ ഇദ്ദേഹം ഇതിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പങ്കുവയ്ക്കുന്നുമുണ്ട്.
സെക്ഷൻ 153 പ്രകാരവും കേസെടുക്കാം. സുരക്ഷാ മാനദണ്ഡങ്ങള്‍ തെറ്റിച്ച് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കെതിരെ കേസെടുക്കാം. നിയമങ്ങള്‍ കണക്കിലെടുക്കാതെ യാത്ര ചെയ്യുന്നത് കുറ്റകരമാണ്. ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണിത്. പിഴയോടെയോ അല്ലാതെയോ- പര്‍വീണ്‍ കാസ്വാൻ വിശദമാക്കുന്നു.
സാമൂഹികപ്രതിബദ്ധതയോടെയുള്ള പല വിഷയങ്ങളെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നയാളാണ് പര്‍വീണ്‍ കാസ്വാൻ. ഇദ്ദേഹത്തിന്‍റെ ഈ ട്വീറ്റും ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. പലരും തങ്ങള്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള കാഴ്ചകള്‍ കാണാറുണ്ടെന്നും എന്നാല്‍ യുവാക്കളില്‍ ഒരു വിഭാഗം പേരെങ്കിലും ഈ തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ പോലും തിരുത്താൻ മനസില്ലാത്തവരാണെന്നും കമന്‍റിലൂടെ പറയുന്നു. നിരവധി പേര്‍ ഈ ട്വീറ്റ് പങ്കുവയ്ക്കുന്നുമുണ്ട്.
സുരക്ഷ കണക്കിലെടുക്കാതെ ഇത്തരം അതിസാഹസികതകള്‍ക്ക് മുതിരുമ്പോള്‍ അവിടെ സ്വന്തം ജീവനും, പ്രിയപ്പെട്ടവരുടെ ജീവനുമെല്ലാമാണ് പണയപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള എടുത്തുചാട്ടം ചിലപ്പോള്‍ ഒരിക്കലും നികത്താനാകാത്ത നഷ്ടത്തിലേക്ക് എത്തിക്കാമെന്നും ട്വീറ്റിനോടുള്ള പ്രതികരണമായി പലരും കുറിച്ചിരിക്കുന്നു. എന്തായാലും യുവാക്കള്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തലാവുകയാണ് ഈ ട്വീറ്റും ഇതിന് താഴെ നടക്കുന്ന ചര്‍ച്ചകളും.
Also Read:- മുപ്പതാം വയസില്‍ പ്രമുഖ ബോഡി ബില്‍ഡറുടെ മരണം; മരണകാരണമായ അന്യൂറിസം എന്താണ് എന്നറിയാം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-