അപ്രതീക്ഷിതമായെത്തിയ ഒഴുക്കില്‍ പെട്ടുപോകുന്ന ടൂറിസ്റ്റുകള്‍; വീഡിയോ വീണ്ടും വൈറല്‍

വിനോദസഞ്ചാരികള്‍ പ്രകൃതിഭംഗിയും വെള്ളച്ചാട്ടവുമെല്ലാം ആസ്വദിച്ച് ഇരിക്കുകയാണ്. സ്ത്രീകളും കുട്ടികളുമടക്കം പത്തിലധികം പേരെ വീഡിയോയില്‍ കാണാം. എന്നാല്‍ പെട്ടെന്നാണ് തീര്‍ത്തും അപ്രതീക്ഷിതമായി മുകളില്‍ നിന്ന് ശക്തമായി വെള്ളം കുത്തിയൊഴുകിയെത്തിയത്.

tourists being washed away by flash flood the video goes viral again

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകളും നാം കാണാറുണ്ട്. ഇവയില്‍ മിക്കതും താല്‍ക്കാലികമായ ആസ്വാദനത്തിന് വേണ്ടി മാത്രം പ്രയോജനപ്പെടുംവിധമുള്ളതായിരിക്കും.കണ്ടുകഴിഞ്ഞാല്‍ പിന്നീട് ഓര്‍ത്തിരിക്കുകയോ ഏതെങ്കിലും വിധത്തില്‍ നമ്മെ സ്വാധീനിക്കുകയോ ഒന്നും ചെയ്യാത്ത തരത്തിലുള്ള വീഡിയോകള്‍. 

എന്നാല്‍ മറ്റ് ചിലതാകട്ടെ നമ്മെ പലതും ഓര്‍മ്മിപ്പിക്കുന്നതോ ചിന്തിപ്പിക്കുന്നതോ പഠിപ്പിക്കുന്നതോ എല്ലാമായിരിക്കും. പ്രത്യേകിച്ച് അപകടങ്ങളുടെയോ പ്രകൃതിദുരന്തങ്ങളുടെയോ എല്ലാം വീഡിയോകളാണ് ഇതുപോലെ നമ്മെ വല്ലാതെ പിടിച്ചുവയ്ക്കാറ്, അല്ലേ? 

സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് പഴയൊരു വീഡിയോ.2021ലേതാണ് യഥാര്‍ത്ഥത്തില്‍ ഈ വീഡിയോ. ഇപ്പോള്‍ വീണ്ടുമെങ്ങനെയോ പങ്കുവയ്ക്കപ്പെട്ട് വ്യാപകമായി പ്രചരിക്കപ്പെടുകയാണിത്. 

ഫിലിപ്പീൻസില്‍ ഒരു വെള്ളച്ചാട്ടമാണ് വീഡിയോയില്‍ കാണുന്നത്. ഇവിടെ വിനോദസഞ്ചാരികള്‍ പ്രകൃതിഭംഗിയും വെള്ളച്ചാട്ടവുമെല്ലാം ആസ്വദിച്ച് ഇരിക്കുകയാണ്. സ്ത്രീകളും കുട്ടികളുമടക്കം പത്തിലധികം പേരെ വീഡിയോയില്‍ കാണാം. 

എന്നാല്‍ പെട്ടെന്നാണ് തീര്‍ത്തും അപ്രതീക്ഷിതമായി മുകളില്‍ നിന്ന് ശക്തമായി വെള്ളം കുത്തിയൊഴുകിയെത്തിയത്. മിക്ക വെള്ളച്ചാട്ടങ്ങളിലും പുഴയിലും തോടുകളിലുമെല്ലാം ഇതുപോലെ പെട്ടെന്ന് വെള്ളം കയറാറുണ്ട്. ഇത് വലിയ അപകടമാണ് സൃഷ്ടിക്കുക. കാരണം എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാൻ സാധിക്കും മുമ്പ് തന്നെ ആളുകള്‍ ഒഴുക്കില്‍ പെട്ടുപോകുന്ന അവസ്ഥയാണിത്.

ഈ വീഡിയോയില്‍ കണ്ട സാഹചര്യവും മറിച്ചല്ല. വെള്ളം കുത്തിയൊഴുകി വരുന്നുവെന്ന് മനസിലാക്കി ഇവിടെ നിന്ന് മാറാൻ പലരും ശ്രമിച്ചുവെങ്കിലും എല്ലാവരും ഒഴുക്കില്‍ പെടുകയാണ്. ഒടുവില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് ഇതില്‍ നിന്ന് രക്ഷപ്പെട്ട് മാറിനില്‍ക്കുന്നത്. കുഞ്ഞിനെ രക്ഷപ്പെടുത്താൻ വേണ്ടി ശ്രമിക്കുന്ന യുവതിയും കുഞ്ഞും അടക്കം വെള്ളത്തിനടിയിലേക്ക് പോകുന്നത് വീഡിയോയില്‍ കാണാം. പരസ്പരം രക്ഷപ്പെടുത്താൻ ഇവരില്‍ പലരും ശ്രമിക്കുന്നുണ്ടെങ്കിലും അതെല്ലാം പാഴായിപ്പോവുകയാണ്. 

ഒഴുക്കില്‍ പെട്ട സഞ്ചാരികള്‍ക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്നത് വ്യക്തമല്ല. വലിയ അപകടമായതിനാല്‍ തന്നെ ആരും രക്ഷപ്പെട്ടിരിക്കാൻ സാധ്യതയില്ലെന്ന് തന്നെയാണ് വീഡിയോ കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത്. ഒരു ശക്തമായ ഓര്‍മ്മപ്പെടുത്തല്‍ തന്നെയാണീ വീഡിയോ എന്നും ഏവരും കമന്‍റ് ബോക്സില്‍ പറയുന്നു. 

പരിചയമില്ലാത്ത കാടുകളിലോ വിനോദസഞ്ചാരമേഖലകളിലോ വെള്ളച്ചാട്ടത്തിലോ എല്ലാം പോകുമ്പോള്‍ എത്രമാത്രം ജാഗ്രത പുലര്‍ത്തണമെന്നത് തന്നെയാണ് വീഡിയോ ഓര്‍മ്മപ്പെടുത്തുന്നത്. 

വീഡിയോ...

 

 

Also Read:- പ്രളയത്തില്‍ വെള്ളമുയര്‍ന്നപ്പോള്‍ നിന്ന നില്‍പില്‍ തകര്‍ന്നുവീണ് കെട്ടിടം

Latest Videos
Follow Us:
Download App:
  • android
  • ios