മരണത്തില്‍ നിന്ന് ചിരിയോടെ ജീവിതത്തിലേക്ക്; കുഞ്ഞിനെ ഉമ്മകള്‍ കൊണ്ട് മൂടി രക്ഷാപ്രവര്‍ത്തകര്‍, വീഡിയോ
ആയിരക്കണക്കിന് മനുഷ്യരുടെ ചേതനയറ്റ ശരീരം നല്‍കുന്ന വേദനയിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് കരുത്തും ഊര്‍ജ്ജവുമാവുകയാണ് ഈ അനുഭവങ്ങള്‍. സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാകുന്നൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. സിറിയയിലെ ഇദ്‍ലിബില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
തുര്‍ക്കി, സിറിയ ഭൂകമ്പത്തില്‍ മരണം 20,000 കടന്നുവെന്ന സങ്കടകരമായ വാര്‍ത്തയാണ് ഇന്ന് നമ്മെ തേടിയെത്തിയത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും കുടുങ്ങിക്കിടക്കുന്നത് ഏറെ പേരാണ്. ഭൂകമ്പത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പോലും കുടിവെള്ളമോ, ഭക്ഷണമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ലഭിക്കാതെ മരിച്ചുവീഴുന്ന അവസ്ഥ പലയിടങ്ങളിലുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇതിനിടെ പ്രത്യാശയുടെ വെളിച്ചം പകര്‍ന്നുകൊണ്ട് ചില വീഡിയോകളും ഫോട്ടോകളുമെല്ലാം ഇവിടെ നിന്ന് പുറത്തുവരുന്നുണ്ട്.ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ ആളുകളെ ജീവനോടെ രക്ഷപ്പെടുത്തിയെടുക്കുന്നതാണ് ഈ വീഡിയോകളിലും ചിത്രങ്ങളിലുമെല്ലാം നാം കാണുന്നത്.
ആയിരക്കണക്കിന് മനുഷ്യരുടെ ചേതനയറ്റ ശരീരം നല്‍കുന്ന വേദനയിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് കരുത്തും ഊര്‍ജ്ജവുമാവുകയാണ് ഈ അനുഭവങ്ങള്‍. സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാകുന്നൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. സിറിയയിലെ ഇദ്‍ലിബില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനോടെ ഒരു പിഞ്ചുകുഞ്ഞിനെ രക്ഷപ്പെടുത്തിയെടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. കൂറ്റൻ കോണ്‍ക്രീറ്റ് കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്നും ഒരു സംഘം രക്ഷാപ്രവര്‍ത്തകര്‍ കുഞ്ഞിനെ ഉയര്‍ത്തിയെടുക്കുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്.
എന്നാല്‍ ദുരന്തത്തിന്‍റെ വ്യാപ്തിയോ, തനിക്കെന്താണ് സംഭവിച്ചതെന്നോ അറിയാതെ ആളുകളെ കണ്ട സന്തോഷത്തില്‍ ചിരിക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുകയാണ് കുഞ്ഞ്. ജീവനോടെ കുഞ്ഞിനെ രക്ഷപ്പെടുത്താൻ സാധിച്ചതിലെ ചാരിതാര്‍ത്ഥ്യവും അതോടൊപ്പം തന്നെ ജീവന്‍ പിടിച്ചുവച്ച് കുഞ്ഞ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ എങ്ങനെ അതിജീവിച്ചുവെന്ന അത്ഭുതവും കൊണ്ട് വൈകാരികമായൊരു അവസ്ഥയിലൂടെ കടന്നുപോവുകയാണ് രക്ഷാപ്രവര്‍ത്തകര്‍.
ആഹ്ളാദവും പ്രതീക്ഷയും ദുഖവുമെല്ലാം കലര്‍ന്ന ഭാവത്തില്‍ നിറമിഴികളോടെ അവര്‍ ഓരോരുത്തരും കുഞ്ഞിനെ മാറി മാറി ഉമ്മ വയ്ക്കുന്നത് വീഡിയോയില്‍ കാണാം. എല്ലാവരോടും ചിരിച്ചും കളിച്ചും മരണത്തെ തോല്‍പിച്ച പിഞ്ചുകുഞ്ഞ് വല്ലാത്തൊരു കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്.
'ദ വൈറ്റ് ഹെല്‍മെറ്റ്സ്' എന്ന സംഘടന പങ്കുവച്ച വീഡിയോ അതിവേഗമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കണ്ണുകള്‍ അല്‍പമൊന്ന് നനയാതെ ഈ ദൃശ്യം കാണാൻ കഴിയില്ലെന്നാണ് ഏവരും വീഡിയോയ്ക്ക് താഴെ കമന്‍റായി കുറിച്ചിരിക്കുന്നത്. ഒരുപക്ഷേ ഇതേ പ്രഭാവം തന്നെയാകാം മരണത്തെ തോല്‍പിക്കാൻ കുഞ്ഞിനെ സഹായിച്ചതെന്നും വീഡിയോ കണ്ടവര്‍ പറയുന്നു. കാരണം ഒരു ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് പുറത്തേക്ക് വരുമ്പോഴും, അപരിചിതരായ ആളുകളെ കണ്ട് കുഞ്ഞ് കരയുകയോ അസ്വസ്ഥനാവുകയോ ഒന്നും ചെയ്യുന്നില്ല. ഇതാണ് ഏവരെയും അമ്പരപ്പിക്കുന്നത്.
ഹൃദയം തൊടുന്ന വീഡിയോ കണ്ടുനോക്കൂ...