ഡേറ്റിംഗ് ആപ്പിലൂടെയുള്ള അടുപ്പവും പ്രണയങ്ങളും അരുംകൊലപാതകങ്ങളിലേക്കെത്തുമ്പോള്‍...

കാമുകിയെ കൊന്ന് കഷ്ണങ്ങളാക്കിയ അതേ വീട്ടില്‍ അതേ മുറിയിലായിരുന്നു പിന്നീടും യുവാവ് കഴിഞ്ഞിരുന്നത്. ഫ്രിഡ്ജില്‍ കാമുകിയുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കെ തന്നെ മറ്റൊരു യുവതിയെ പലതവണ ഇയാള്‍ വീട്ടിലേക്ക് കൊണ്ടുവന്നതായും പൊലീസ് അറിയിച്ചിരുന്നു. ഇതും ഡേറ്റിംഗ് ആപ്പിലൂടെ തന്നെ പരിചയപ്പെട്ട പെണ്‍കുട്ടി. 

things to care while using dating app or social media chat

കാലം മാറുന്നതിന് അനുസരിച്ച് കുറ്റകൃത്യങ്ങളുടെ സ്വഭാവവും പ്രകൃതവുമെല്ലാം മാറിവരാം. പ്രത്യേകിച്ച് ടെക്നോളജിയുടെ വളര്‍ച്ചയും എല്ലാം ഡിജിറ്റലൈസ്ഡ് ആയിമാറിയതിന്‍റെ സൗകര്യങ്ങളും  ചേരുമ്പോള്‍ കുറ്റകൃത്യങ്ങളും ഇന്ന് കുറെക്കൂടി 'ഹൈടെക്' ആവുകയാണ്.

ഓണ്‍ലൈൻ ചാറ്റിംഗിലൂടെയും ഡേറ്റിംഗ് ആപ്പിലൂടെയുമെല്ലാം പരിചയപ്പെട്ട് പ്രണയത്തിലും സൗഹൃദത്തിലുമെത്തി ഇത് പിന്നീട് അരുംകൊലപാതകങ്ങളിലേക്ക് നയിക്കുന്ന തരത്തിലുള്ള സാഹചര്യങ്ങളും കേസുകളുമെല്ലാം ഇത്തരത്തിലള്ള 'ഹൈടെക്' കുറ്റകൃത്യങ്ങളായി പരിഗണിക്കാം.

സോഷ്യല്‍ മീഡിയയോ ഡേറ്റിംഗ് ആപ്പുകളോ എല്ലാം മോശമാണെന്ന് പറഞ്ഞ് ഒരിക്കലും തള്ളിക്കളയാൻ സാധിക്കില്ല. എന്നാല്‍ ഇതെല്ലാം ഉപയോഗിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എവിടെയും നല്ലതും മോശവും ഉണ്ടാകാം. ഇവ ഇടകലര്‍ന്നിരിക്കാം. ഇതില്‍ നിന്ന് നല്ലതിനെ വേര്‍തിരിച്ചെടുക്കാൻ നമുക്ക് സാധിക്കണം. അത്തരത്തില്‍ ചിന്തകളും അറിവുകളും വളര്‍ത്തിയെടുക്കണം. 

കഴിഞ്ഞ ദിവസം ദില്ലിയില്‍ കാമുകിയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിനകത്ത് സൂക്ഷിക്കുകയും ശരീരാവയവങ്ങള്‍ ഓരോന്നായി പലയിടങ്ങളില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയും ചെയ്ത യുവാവ് പൊലീസ് പിടിയിലായത് ഏവരും വാര്‍ത്തകളിലൂടെ അറിഞ്ഞിരിക്കും. വിവാഹത്തിന് നിരന്തരം നിര്‍ബന്ധിക്കുകയും വഴക്കുകള്‍ പതിവാകുകയും ചെയ്തതോടെയാണ് ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് പ്രണയത്തിലാവുകയും ലിവ്-ഇൻ റിലേഷൻഷിപ്പിലേര്‍പ്പെടുകയും ചെയ്ത യുവതിയെ യുവാവ് കൊലപ്പെടുത്തിയത്. കൊല നടന്ന് മാസങ്ങള്‍ പിന്നിട്ട ശേഷമാണ് യുവാവ് പിടിയിലായത്.

കാമുകിയെ കൊന്ന് കഷ്ണങ്ങളാക്കിയ അതേ വീട്ടില്‍ അതേ മുറിയിലായിരുന്നു പിന്നീടും യുവാവ് കഴിഞ്ഞിരുന്നത്. ഫ്രിഡ്ജില്‍ കാമുകിയുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കെ തന്നെ മറ്റൊരു യുവതിയെ പലതവണ ഇയാള്‍ വീട്ടിലേക്ക് കൊണ്ടുവന്നതായും പൊലീസ് അറിയിച്ചിരുന്നു. ഇതും ഡേറ്റിംഗ് ആപ്പിലൂടെ തന്നെ പരിചയപ്പെട്ട പെണ്‍കുട്ടി. 

things to care while using dating app or social media chat
(ദില്ലിയില്‍  കൊല്ലപ്പെട്ട ശ്രദ്ധ, പ്രതി അഫ്താബ് പൂനംവാല)

നേരത്തെയും ഇത്തരത്തില്‍ നമ്മളില്‍ നടുക്കമുണ്ടാക്കുന്ന കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാവുകയും കണ്ടുമുട്ടിയപ്പോള്‍ ലഹരി നല്‍കി 50 ലക്ഷത്തിന്‍റെ ആഭരണങ്ങള്‍ കവര്‍ന്ന് ദില്ലിയിലെ സ്വന്തം വീട്ടില്‍ വച്ച് തന്നെ മീനു ജെയിൻ എന്ന യുവതിയെ കൊലപ്പെടുത്തുകയും ചെയ്ത സംഭവം ഓര്‍ക്കുന്നുണ്ടോ? 

സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ഇതുപോലെ ഡേറ്റിംഗ് ആപ്പ് വഞ്ചനകള്‍ക്ക് ഇരകളാകുന്നുണ്ടെന്നത് തെളിയിക്കുന്നതായിരുന്നു 2018ല്‍ ജയ്പൂര്‍ സ്വദേശിയായ ദുശ്യന്ത് ശര്‍മ്മ എന്നയാളുടെ കൊലപാതകം. കോടിപതിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി ഇയാള്‍ അടുപ്പത്തിലാവുകയായിരുന്നു. എന്നാല്‍ ഈ പെണ്‍കുട്ടിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരുന്നു. തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍ ലഹരി മരുന്ന് നല്‍കി മയക്കിയ ശേഷം ഇവരും സുഹൃത്തുക്കളും യുവാവിനോട് പണമാവശ്യപ്പെട്ടപ്പോഴാണ് ഇദ്ദേഹം തന്‍റെ യഥാര്‍ത്ഥ അവസ്ഥ വെളിപ്പെടുത്തിയത്. 

ഇതോടെ ഇരുപത്തിയേഴുകാരനായ ശര്‍മ്മയുടെ വീട്ടില്‍ വിളിച്ച് ഭീഷണിപ്പെടുത്തി മൂവരും ചേര്‍ന്ന് മോചനദ്രവ്യം വാങ്ങിയെടുത്തു. തുടര്‍ന്ന് അരിശം തീരാതെ ശര്‍മ്മയെ കൊന്ന് കഷ്ണങ്ങളാക്കി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു. ഈ സ്യൂട്ട്കേസ് പോലും വാങ്ങിയത് ശര്‍മ്മയുടെ പണം കൊണ്ടായിരുന്നു. 

ഇതുപോലെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത എത്ര ചതിയും വഞ്ചനകളും കൊലപാതകങ്ങളും കാണാം. ഡേറ്റിംഗ് ആപ്പിലൂടെയും ഓണ്‍ലൈനായുമെല്ലാം പരിചയപ്പെടുന്നവരുമായി അടുപ്പത്തിലാകുമ്പോള്‍ തീര്‍ച്ചയായും ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴെങ്കിലും ഇവയെല്ലാം മനസിലുണ്ടാകേണ്ടതാണ്. 

ഓണ്‍ലൈൻ ബന്ധങ്ങളില്‍ ശ്രദ്ധിക്കേണ്ടത്...

പരസ്പരം ആശയവിനിമയം നടത്തുക, പ്രാഥമികമായ വിവരങ്ങള്‍ കൈമാറുക എന്നതല്ലാതെ അതിലധികമുള്ള അടുപ്പത്തിലേക്ക് ഓണ്‍ലൈൻ ഇടങ്ങളിലൂടെ പോകരുത്. ഓണ്‍ലൈനായി പരിചയപ്പെടുന്നവരെ ഒരു കാരണവശാലും കണ്ണുമടച്ച് വിശ്വസിക്കുകയും അരുത്. അകലം പാലിച്ചുകൊണ്ട് സംസാരിക്കാം. കൂടുതല്‍ അടുപ്പം വേണമെന്നുണ്ടെങ്കില്‍ കണ്ടുമുട്ടിയും പരസ്പരം ഇടപഴകിയും മാത്രം മതി.

ഇതിന് മുമ്പ് വ്യക്തിപരമായ വിവരങ്ങള്‍ നല്‍കാതിരിക്കുക. വീട്ടിലെ അവസ്ഥകള്‍, സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, സ്വന്തം ആസ്തി, കയ്യിലുള്ള പണം, തന്‍റെ സ്വഭാവസവിശേഷതകള്‍, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, അഭിരുചികള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളൊന്നും തന്നെ വെളിപ്പെടുത്താതിരിക്കുക. 

things to care while using dating app or social media chat

പരിചയപ്പെടുന്നവരുടെ ബന്ധുക്കള്‍, വീട്ടുകാര്‍, സുഹൃത്തുക്കള്‍ എന്നിവരെയൊന്നും ബന്ധപ്പെടുത്തുന്നില്ല എങ്കില്‍ അത്തരം ആളുകളില്‍ നിന്ന് അകലം പാലിക്കുക.

അറിയാത്ത ആളുകളുമായി പണമിടപാടുകള്‍ നടത്താതിരിക്കുക. അങ്ങോട്ടോ ഇങ്ങോട്ടോ ഇടപാട് നടത്താതിരിക്കാൻ ശ്രദ്ധിക്കണം. ചിലര്‍ ഇങ്ങോട്ട് സഹായിച്ച ശേഷം അതുവച്ച് പിന്നീട് ചൂഷണത്തിനിറങ്ങാം.

സ്വകാര്യ ചിത്രങ്ങള്‍, വീഡിയോകള്‍, രഹസ്യസ്വഭാവമുള്ള കാര്യങ്ങള്‍, അസുഖങ്ങളുടെ വിവരങ്ങള്‍, ദൗര്‍ബല്യങ്ങള്‍ - ഇവയൊന്നും വിശ്വാസമില്ലാത്തവരുമായി പങ്കുവയ്ക്കരുത്. 

അവര്‍ പറയുന്ന സ്ഥലങ്ങളില്‍ വച്ച് കൂടിക്കാഴ്ച നടത്താതിരിക്കുക. നിങ്ങളുടെ വാക്കുകള്‍ക്ക് പ്രാധാന്യം നല്‍കുന്നവരെ നിങ്ങള്‍ തെരഞ്ഞെടുക്കുക. അവരുടെ തൊഴില്‍, അവര്‍ സമൂഹത്തില്‍ എങ്ങനെയാണ് എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം നിങ്ങള്‍ അറിഞ്ഞിരിക്കണം. ക്രിമിനല്‍ പശ്ചാത്തലം - ബന്ധങ്ങള്‍ എല്ലാം അറിഞ്ഞിരിക്കണം. 

ഡേറ്റിംഗ് ആപ്പുകളും സോഷ്യല്‍ മീഡിയയുമെല്ലാം ഒരു പരസ്യമായ മീറ്റിംഗ് സ്ഥലം പോലെ കാണുക. പൊതുനിരത്തില്‍ വച്ച് നാം ആളുകളെ കാണുമ്പോഴും ഇടപഴകുമ്പോഴും കാണിക്കുന്ന അകലം തന്നെ ഇവിടെയും കാണിക്കുക. അല്ലാത്തപക്ഷം ഒരു തെറ്റും ചെയ്യാതിരുന്നാല്‍ പോലും നിങ്ങള്‍ അപകടത്തില്‍ പെടാനുള്ള സാഹചര്യങ്ങളുണ്ടാകാം. ഏതെങ്കിലും വിധത്തിലുള്ള ഭീഷണി അനുഭവപ്പെട്ടാല്‍, നെഗറ്റീവ് ആയ സംഭവവികാസങ്ങളുണ്ടായാല്‍, സംശയങ്ങളുണ്ടായാല്‍ വീട്ടുകാരെയോ പൊലീസിനെയോ വിവരമറിയിക്കണം. സ്വന്തമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും ശ്രമിക്കരുത്. സുരക്ഷിതമായും ആരോഗ്യകരമായും ബന്ധങ്ങളിലേക്കും പ്രണയത്തിലേക്കും പോകാൻ ഇക്കാര്യങ്ങളെല്ലാം ഓര്‍മ്മിക്കുക. സോഷ്യല്‍ മീഡിയയോ ഡേറ്റിംഗ് ആപ്പുകളോ എല്ലാം ഫലപ്രദമായ രീതിയില്‍ ബുദ്ധിപരമായി ഉപയോഗിച്ച് പരിശീലിക്കുക.

Also Read:- ഡേറ്റിംഗ് ആപ്പില്‍ അയച്ച മെസേജ് വൈറല്‍; 'സെക്സിസ്റ്റ്' തന്നെയെന്ന് വിമര്‍ശനം

Latest Videos
Follow Us:
Download App:
  • android
  • ios