3 കി.മീ നടന്നെത്തി ഫുഡ് ഡെലിവെറി; ചോദിച്ചപ്പോള്‍ കസ്റ്റമറോട് സത്യം തുറന്നുപറഞ്ഞ് യുവാവ്

തന്‍റെ ഓര്‍ഡറുമായി എത്തിയ ഡെലിവറി ബോയിയോട് കസ്റ്റമറായ യുവതി സംശയം തോന്നിയതിനെ തുടര്‍ന്ന് വിശദമായി കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. പ്രിയാൻഷി എന്ന യുവതിയാണ് ഇക്കാര്യങ്ങള്‍ ഏവരുമായി പങ്കിട്ടത്. 

swiggy delivery boys miserable life story going viral hyp

ഇത് ഓണ്‍ലൈൻ ഫുഡ് ഡെലിവെറിയുടെ കാലമാണ്. നഗരങ്ങളിലാണെങ്കില്‍ പ്രത്യേകിച്ചും ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നവര്‍ നിരവധിയാണ്. പ്രധാനമായും സ്വിഗ്ഗി, സൊമാറ്റോ ആപ്പുകളാണ് ഇന്ത്യയില്‍ അധികവും ഫുഡ് ഡെലിവെറി സര്‍വീസ് ചെയ്യുന്നത്. 

എന്നാല്‍ ഈ കമ്പനികള്‍ക്കെതിരെ പലപ്പോഴും തൊഴിലാളികള്‍ തന്നെ രംഗത്ത് വരുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. കുറഞ്ഞ കൂലിയാണ് ഇവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഈ പ്രശ്നത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശുകയാണ് കഴിഞ്ഞ ദിവസം ലിങ്കിഡിനിലൂടെ ഒരു സ്വിഗ്ഗി ഡെലിവറി ബോയിയെ കുറിച്ച് കസ്റ്റമര്‍ പങ്കുവച്ച കുറിപ്പും വിശദാംശങ്ങളും. 

തന്‍റെ ഓര്‍ഡറുമായി എത്തിയ ഡെലിവറി ബോയിയോട് കസ്റ്റമറായ യുവതി സംശയം തോന്നിയതിനെ തുടര്‍ന്ന് വിശദമായി കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. പ്രിയാൻഷി എന്ന യുവതിയാണ് ഇക്കാര്യങ്ങള്‍ ഏവരുമായി പങ്കിട്ടത്. 

ഐസ്ക്രീം ആണ് ഇവര്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. ഒരുപാട് സമയം കഴിഞ്ഞാണ് ഡ‍െലിവറി ബോയ് എത്തിയത്. വാതില്‍ തുറന്നപ്പോള്‍ ശ്വാസം കിട്ടാതെ കിതച്ച്, പടിക്കെട്ടില്‍ ഇരിക്കുന്നയാളെയാണ് കണ്ടത്. തനിക്കത് കണ്ടപ്പോള്‍ എന്തോ പന്തികേട് തോന്നിയെന്നും എന്താണ് സംഭവിച്ചതെന്ന് താൻ അയാളോട് ചോദിക്കുകയായിരുന്നുവെന്നും പ്രിയാൻഷി പറയുന്നു. അയാളുടെ മറുപടിയും പ്രിയാൻഷി വിശദമായി കുറിച്ചിരിക്കുന്നു. 

'മാഡം എന്‍റെ കയ്യില്‍ സ്വന്തമായി വണ്ടിയില്ല. നിങ്ങളുടെ ഓര്‍ഡര്‍ തരാൻ വേണ്ടി ഞാൻ മൂന്ന് കിലോമീറ്റര്‍ നടന്നാണ് എത്തിയത്. എന്‍റെ യുലു ബൈക്കിന് പൈസ അടക്കാത്തതിനാല്‍ അതും ഇല്ല. എന്‍റെ കയ്യിലിനി ഒരു പൈസയുമില്ല. ഞാൻ വെറുതെ എന്തൊക്കെയോ പറയുകയാണ് എന്ന് നിങ്ങള്‍ക്ക് തോന്നാം. പക്ഷേ സത്യമാണ്.  ഞാൻ ഇലക്ട്രിക്കല്‍ ആന്‍റ് കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ് കഴിഞ്ഞയാളാണ്. നേരത്തെ നിൻജ കാര്‍ട്ടിലും ബൈജൂസിലുമൊക്കെ വര്‍ക്ക് ചെയ്തിരുന്നു. കൊവിഡ് വന്നപ്പോള്‍ ജമ്മുവിലുള്ള വീട്ടിലേക്ക് പോയതോടെയാണ് ജോലി നഷ്ടമായത്...

...ഈ ഒരു ഓര്‍ഡറിന് പോലും എനിക്ക് 20-25 രൂപയേ കിട്ടൂ. ഇനി 12 മണിക്ക് മുമ്പ് ഒരു ഓര്‍ഡര്‍ കൂടി എടുക്കണം. അല്ലെങ്കില്‍ അവരെന്നെ ദൂരെ വല്ലെടത്തേക്കും പറഞ്ഞയക്കും. അതിന് എനിക്ക് ബൈക്കില്ല. ഒരാഴ്ചയായി ഞാൻ ശരിക്ക് ഭക്ഷണം കഴിച്ചിട്ട്. വെള്ളവും ചായയും ആണ് കഴിക്കുന്നത്. വേറൊന്നും വേണ്ട ഒരു ജോലി എനിക്ക് കണ്ടെത്തി തരാൻ കഴിയുമോ? നേരത്തെ മാസത്തില്‍ ഇരുപത്തിയയ്യായിരം രൂപയെങ്കിലും ഉണ്ടാക്കിയിരുന്ന ആളാണ് ഞാൻ. ഇപ്പോള്‍ മുപ്പത് വയസായി. അച്ഛനും അമ്മയുമെല്ലാം പ്രായമായി. എനിക്കവരോട് ഇനി ചെലവിനുള്ള പണം ചോദിക്കാൻ പറ്റില്ലല്ലോ...'- ഇത്രയുമാണ് യുവാവ് പറഞ്ഞതായി പ്രിയാൻഷി പങ്കുവച്ചിട്ടുള്ളത്.

തുടര്‍ന്ന് ഇദ്ദേഹത്തിന്‍റെ സര്‍ട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങളും ഇദ്ദേഹത്തിന്‍റെ ഫോട്ടോയുമെല്ലാം പ്രിയാൻഷി പങ്കുവച്ചു. ആരെങ്കിലും ഒരു അവസരമുണ്ടെങ്കില്‍ ഇദ്ദേഹത്തെ പരിഗണിക്കണമെന്നും ഇവര്‍ കുറിച്ചു. താൻ അയാള്‍ക്ക് കുടിക്കാൻ വെള്ളം നല്‍കുകയും 500 രൂപ നല്‍കുകയും ചെയ്തു. എന്നാലയാള്‍ക്ക് വേണ്ടത് ജോലിയാണെന്നും പ്രിയാൻഷി കുറിക്കുന്നു. 

നിരവധി പേര്‍ പ്രിയാൻഷിയുടെ പോസ്റ്റിനോട് പ്രതികരിക്കുന്നുണ്ട്. പലരും ഈ യുവാവിന് ജോലി വാഗ്ദാനവും ചെയ്യുന്നുണ്ട്. ചിലര്‍ ഇദ്ദേഹത്തിന്‍റെ യുലു ബൈക്ക് റെന്‍റ് അടച്ചുവെന്നും, ആരോ ഇദ്ദേഹത്തിന് സൗജന്യ താമസം ഓഫര്‍ ചെയ്തുവെന്നുമെല്ലാം കമന്‍റുകളില്‍ സൂചനയുണ്ട്. എന്തായാലും സ്വിഗ്ഗി ഡെലിവറി ബോയുടെ ദുരിതകഥ വലിയ രീതിയിലാണ് ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. 

Also Read:- 93 മണിക്കൂര്‍ തുടര്‍ച്ചയായി പാചകം ചെയ്തു; ലോക റെക്കോര്‍ഡ് സ്വന്തമാക്കി യുവതി...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

Latest Videos
Follow Us:
Download App:
  • android
  • ios