ഏവരെയും നൊമ്പരപ്പെടുത്തിയ കഥയിലെ നായകന് ഒടുവില്‍ ആശ്വാസം; സാഹിലിന് ഇത് അപ്രതീക്ഷിത സമ്മാനം

സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായൊരു സംഭവമാണ് സാഹില്‍ സിംഗ് എന്നൊരു സ്വിഗ്ഗി ഡെലിവറി ബോയുടെ നൊമ്പരപ്പെടുത്തുന്ന ജീവിതകഥ. പ്രയാൻഷി ചന്ദേല്‍ എന്ന യുവതിയാണ് സാഹിലിനെ കുറിച്ച് ലിങ്കിഡിനിലൂടെ പങ്കുവച്ചത്. പിന്നീട് ഇത് നിരവധി പേര്‍ ഏറ്റെടുക്കുകയായിരുന്നു. 

swiggy delivery boy who struggles a lot to live gets new job after his story went viral hyp

സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ സംഭവങ്ങളാണ് നാം അറിയുന്നതും കാണുന്നതുമെല്ലാം. ഇവയില്‍ പലതും പെട്ടെന്ന് തന്നെ നമ്മള്‍ മറന്നുപോകുന്നതായിരിക്കാം. എന്നാല്‍ ചില കാര്യങ്ങള്‍ അങ്ങനെയല്ല. വായിച്ചോ, കണ്ടോ കഴിഞ്ഞാലും നമ്മുടെ മനസിനെ കൊളുത്തിവലിച്ചുകൊണ്ടിരിക്കുന്ന, അല്ലെങ്കില്‍ നമ്മെ ചിന്തിക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നവ ആയിരിക്കും.

അത്തരത്തില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായൊരു സംഭവമാണ് സാഹില്‍ സിംഗ് എന്നൊരു സ്വിഗ്ഗി ഡെലിവറി ബോയുടെ നൊമ്പരപ്പെടുത്തുന്ന ജീവിതകഥ. പ്രയാൻഷി ചന്ദേല്‍ എന്ന യുവതിയാണ് സാഹിലിനെ കുറിച്ച് ലിങ്കിഡിനിലൂടെ പങ്കുവച്ചത്. പിന്നീട് ഇത് നിരവധി പേര്‍ ഏറ്റെടുക്കുകയായിരുന്നു. 

സ്വിഗ്ഗിയില്‍ ഐസ്ക്രീം ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന പ്രയാൻഷിക്ക് ഏറെ വൈകിയാണ് തന്‍റെ ഓര്‍ഡര്‍ കിട്ടിയത്. വാതില്‍ തുറന്നപ്പോള്‍ കിതച്ചുകൊണ്ട് ഓര്‍ഡറുമായി പടിക്കെട്ടിലിരിക്കുന്ന ഡെലിവറി ബോയിയെ ആണ് പ്രയാൻഷി കണ്ടത്. ശേഷം ഇവര്‍ ഇദ്ദേഹത്തോട് സംസാരിക്കുകയായിരുന്നു.

സാഹില്‍ സിംഗ് എന്ന ബി.ടെക് ബിരുദധാരിയായ യുവാവായിരുന്നു അത്. കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട സാഹില്‍ നാട്ടില്‍ നിന്ന് തിരികെയെത്തിയ ശേഷം സ്വിഗ്ഗി ഡെലിവറി ബോയ് ആയി ജോലിക്ക് കയറുകയായിരുന്നു. എന്നാല്‍ കടുത്ത സാമ്പത്തിക പ്രശ്നം മൂലം ഡെലിവറിക്കായി ഉപയോഗിച്ചിരുന്ന വാടക യ്ക്കുള്ള ബൈക്കിന്‍റെ വാടക അടക്കാൻ സാധിച്ചില്ല. ഇതോടെ ഡെലിവറി നടന്ന് ചെയ്യേണ്ടി വന്നു.

അങ്ങനെ മൂന്ന് കി.മീ നടന്നാണ് സാഹില്‍, പ്രയാൻഷിയുടെ ഓര്‍ഡര്‍ നല്‍കാനെത്തിയത്. തുച്ഛമായ കൂലിക്കാണ് താൻ ഡെലിവറി നടത്തുന്നതെന്നും ബൈക്ക് ഇല്ലാത്തതിനാല്‍ ജോലി എപ്പോള്‍ വേണമെങ്കിലും പോകാമെന്നും ഒരാഴ്ചയായി ഭക്ഷണം കഴിച്ചിട്ടില്ല- വെറും ചായയും വെള്ളവും കുടിച്ചാണ് തള്ളിനീക്കു ന്നത് എന്നുമെല്ലാം സാഹില്‍ പ്രയാൻഷിയോട് പറഞ്ഞു. തനിക്ക് മറ്റൊന്നും വേണ്ട, എന്തെങ്കിലുമൊരു ജോലി കിട്ടാൻ സഹായിക്കുമോ എന്ന ആവശ്യം മാത്രമാണ് സാഹില്‍ ഏറ്റവുമൊടുവില്‍ പ്രയാൻഷിയോട് ഉന്നയിച്ചത്.

തുടര്‍ന്ന് പ്രയാൻഷി സാഹിലിന്‍റെ ഡിഗ്രി-പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകളും ആധാറും പോലുള്ള രേഖകളെല്ലാം പങ്കുവച്ചുകൊണ്ട് ഇദ്ദേഹത്തിനൊരു ജോലി തരപ്പെടുത്തിക്കൊടുക്കാൻ പരസ്യമായി അഭ്യര്‍ത്ഥിച്ചിരുന്നു. 

ഇപ്പോഴിതാ സാഹിലിന് ജോലി കിട്ടിയിരിക്കുന്നു എന്ന സന്തോഷവാര്‍ത്തയാണ് പ്രയാൻഷി പങ്കുവച്ചിരിക്കുന്നത്. സഹായിച്ച എല്ലാവര്‍ക്കും നന്ദി എന്നും പ്രയാൻഷി സന്തോഷത്തോടെ കുറിച്ചിട്ടുണ്ട്. സാഹിലിന്‍റെ ദുരിതപൂര്‍ണ്ണമായ ജീവിതകഥ അറിഞ്ഞതോടെ പലരും ഇദ്ദേഹത്തെ സഹായിക്കാൻ മുന്നോട്ട് വന്നിരുന്നു. ചിലര്‍ ചേര്‍ന്ന് ബൈക്കിന് അടയ്ക്കാൻ ബാക്കിയുണ്ടായിരുന്ന വാടക അടച്ചുകൊടുത്തു. പലരും ജോലിയും വാഗ്ദാനം ചെയ്തിരുന്നു. 

എന്നാല്‍ സാഹിലിന് ജോലി കിട്ടി എന്ന സ്ഥിരീകരണം പ്രയാൻഷി തന്നെ നടത്തിയതോടെയാണ് ഇതിനൊരു ഉറപ്പ് വന്നത്. നിരവധി പേര്‍ സാഹിലിന്‍റെ നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്. ഒപ്പം തന്നെ പ്രിയാൻഷിയെ അഭിനന്ദിക്കാനും ആരും മറന്നില്ല. ഇത്തമൊരു നന്മ ചെയ്യുന്നതിന് അവര്‍ കാണിച്ച മനസ് തീര്‍ച്ചയായും ലോകത്തോട് പ്രതീക്ഷ ജനിപ്പിക്കുന്നതാണെന്നാണ് പലരും കമന്‍റുകളില്‍ കുറിച്ചത്. 

Also Read:- 3 കി.മീ നടന്നെത്തി ഫുഡ് ഡെലിവെറി; ചോദിച്ചപ്പോള്‍ കസ്റ്റമറോട് സത്യം തുറന്നുപറഞ്ഞ് യുവാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:- 

 

Latest Videos
Follow Us:
Download App:
  • android
  • ios