ശസ്ത്രക്രിയയ്ക്കിടെ സഹായത്തിന് ക്ലീനിംഗ് ജീവനക്കാരനെ കൂട്ടി; സര്‍ജനെ പുറത്താക്കി ആശുപത്രി
രോഗിയെ ശസ്ത്രക്രിയ ചെയ്യുന്നതിനിടെ സഹായത്തിനായി സര്‍ജൻ, ക്ലീനിംഗ് ജീവനക്കാരനെ കൂട്ടുപിടിച്ചു എന്നതാണ് വാര്‍ത്ത. കേള്‍ക്കുമ്പോള്‍ തന്നെ തീര്‍ച്ചയായും പേടിയോ ആശങ്കയോ തോന്നിപ്പിക്കുന്ന സംഭവം തന്നെയാണിത്.
മെഡിക്കല്‍ മേഖലയിലെ പിഴവുകളും മോശം പ്രവണതകളുമെല്ലാം പെട്ടെന്ന് തന്നെ വാര്‍ത്താപ്രാധാന്യം നേടിയെടുക്കാറുണ്ട്. ഒരുപക്ഷേ നിമിഷനേരത്തെ അശ്രദ്ധ കൊണ്ട് പോലും ഒരു ജീവൻ നഷ്ടമായേക്കാവുന്ന, അത്രയും നിര്‍ണായകമായ ഇടമാണ് ആശുപത്രികള്‍ എന്നതിനാലാകം ഈ പ്രാധാന്യം ലഭിക്കുന്നത്.
ചികിത്സാപ്പിഴവുകള്‍ സംബന്ധിച്ച എത്രയോ വാര്‍ത്തകളും ഇത്തരത്തില്‍ നാം അറിയാറുണ്ട്. ലോകത്ത്, എല്ലായിടത്തും ഇങ്ങനെയുള്ള സംഭവങ്ങള്‍ അരങ്ങേറാറുണ്ട്. ചിലതെല്ലാം നാം അറിയുന്നുവെന്ന് മാത്രം. അറിയാതെ പോകുന്ന സംഭവങ്ങളും ഏറെ കാണും.
സമര്‍പ്പണബോധത്തോടെയും സാമൂഹിക പ്രതിബദ്ധതയോടെയും പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പോലും കളങ്കമാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍. ജര്‍മ്മനിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന സമാനമായൊരു സംഭവമാണിപ്പോള്‍ വലിയ രീതിയില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
രോഗിയെ ശസ്ത്രക്രിയ ചെയ്യുന്നതിനിടെ സഹായത്തിനായി സര്‍ജൻ, ക്ലീനിംഗ് ജീവനക്കാരനെ കൂട്ടുപിടിച്ചു എന്നതാണ് വാര്‍ത്ത. കേള്‍ക്കുമ്പോള്‍ തന്നെ തീര്‍ച്ചയായും പേടിയോ ആശങ്കയോ തോന്നിപ്പിക്കുന്ന സംഭവം തന്നെയാണിത്.
2020ലാണ് സംഭവം നടന്നിരിക്കുന്നത്. എന്നാല്‍ പുറംലോകം ഇതറിയുന്നത് ഇപ്പോഴാണെന്ന് മാത്രം. 'മെയിൻസ് ആശുപത്രി'യിലാണ് ഇത് നടന്നിരിക്കുന്നത്. രോഗിയുടെ വിരല്‍ മുറിച്ചുമാറ്റുന്ന ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയായിരുന്നു. രോഗിക്ക് ശസ്ത്രക്രിയയ്ക്ക് മുമ്പ് ലോക്കല്‍ അനസ്തേഷ്യ നല്‍കിയിരുന്നു.
ഇതിന് പിന്നാലെ രോഗി അസ്വസ്ഥത പ്രകടിപ്പിച്ചു. ഇതോടെ രോഗിയുടെ കാല്‍ പിടിച്ചുവയ്ക്കുന്നതിനും സര്‍ജിക്കല്‍ ഉപകരണങ്ങള്‍ എടുത്ത് കൊടുക്കുന്നതിനുമാണ് ക്ലീനിംഗ് ജീവനക്കാരനെ സര്‍ജൻ ഉപയോഗിച്ചതത്രേ.
അനുഭവപരിചയമുള്ള ഒരുപാട് പേര്‍ ആശുപത്രിയില്‍ ആ സമയത്ത് ഉണ്ടായിരുന്നിട്ട് പോലും അവരെയൊന്നും തന്നെ അസിസ്റ്റ് ചെയ്യാൻ വിളിക്കാതെ ക്ലീനിംഗ് ജീവനക്കാരനെ സര്‍ജറി ചെയ്യുന്ന മുറിക്ക് അകത്ത് കയറ്റി സഹായം തേടിയത് അപകടകരമായ തീരുമാനമായിരുന്നുവെന്നും ഒരു സര്‍ജനും ഇതുപോലെ ചിന്തിക്കുകയോ ചെയ്യുകയോ അരുത് എന്നുമാണ് വാര്‍ത്തയോട് പ്രതികരിക്കുന്നവരെല്ലാം ചൂണ്ടിക്കാട്ടുന്നത്.
എന്തായാലും സംഭവം അല്‍പം വൈകിയാണെങ്കിലും പുറത്തറിഞ്ഞതോടെ ഡോക്ടറുടെ ജോലി നഷ്ടപ്പെട്ടു. ഇദ്ദേഹത്തെ ആശുപത്രി അധികൃതര്‍ തന്നെ പുറത്താക്കിയിരിക്കുകയാണ്. അതേസമയം ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിക്ക് പ്രശ്നങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Also Read:- രോഗിക്ക് 'സര്‍പ്രൈസ്' നല്‍കാൻ ഡോക്ടര്‍; ഒടുവില്‍ 'സര്‍പ്രൈസ്' ആയത് ഡോക്ടര്‍ തന്നെ...