തലമുടി കൊഴിച്ചിൽ തടയാൻ ഈ അഞ്ച് വഴികള്‍ പരീക്ഷിച്ച് നോക്കൂ...

പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണം. 

Suffering from hair fall? Here are natural remedies to help you out

തലമുടിയാണ് ഒരു പെണ്‍കുട്ടിയുടെ സൗന്ദര്യം എന്നാണ് പഴമക്കാര്‍ പറയുന്നത്. നല്ല നീളമുളള തലമുടി  ഇക്കാലത്തും എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ തലമുടി കൊഴിച്ചിലും താരനും ആണ് പലരെയും അലട്ടുന്ന പ്രശ്നം. ഈ തലമുടി കൊഴിച്ചിൽ ഒന്ന് മാറാൻ ഇനി എന്ത് ചെയ്യും?

പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണം. ഒപ്പം തലമുടി സംരക്ഷണത്തിന് ചെയ്യേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്. വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ഹെയര്‍ പാക്കുകള്‍ തലമുടി കൊഴിച്ചിൽ തടയുകയും മുടി നന്നായി വളരുകയും ചെയ്യാം. 

താരനും മുടികൊഴിച്ചിലും കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഹെയർ പാക്കുകളെ പരിചയപ്പെടാം.

ഒന്ന്...

പച്ചക്കറിയുടെ ഗണത്തിൽ വലിപ്പം കൊണ്ട് ഭീമനാണ് മത്തൻ. ഗുണങ്ങളിലും മത്തങ്ങ ഒന്നാമതാണ്. ആന്റി ഓക്സിഡന്റുകൾ, വിറ്റാമിനുകൾ തുടങ്ങിയവ മത്തങ്ങയിൽ അടങ്ങിയിട്ടുണ്ട്. തലമുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കെല്ലാം മത്തങ്ങ നല്ലൊരു പരിഹാരമാണ്. തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും മത്തങ്ങ സഹായിക്കും. ഇതിനായി മത്തങ്ങ കുരു പൊടിച്ചത് 100 ഗ്രാം എടുക്കാം. ശേഷം ഇത് 200 മില്ലി ലിറ്റര്‍ കടുകെണ്ണയിലിട്ട് ചൂടാക്കാം. ശേഷം ഇതിലേയ്ക്ക് 100 ഗ്രാം നെല്ലിക്ക കൂടി ചേര്‍ക്കാം. തണുത്തതിന് ശേഷം ഇത് തലമുടിയില്‍ പുരട്ടി മസാജ് ചെയ്യാം. ആഴ്ചയില്‍ മൂന്ന് ദിവസം വരെയൊക്കെ ഇത് ചെയ്യുന്നത് തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും. 

രണ്ട്...

വിറ്റാമിൻ സി ചർമ്മത്തിന് മാത്രമല്ല മുടിയുടെ ആരോ​ഗ്യത്തിനും ഏറെ നല്ലതാണ്.  വിറ്റാമിൻ സി ധാരാളം അടങ്ങിയ നാരങ്ങാനീരും വെള്ളവും ചേർത്ത് തല കഴുകുന്നത് ശീലമാക്കുക. മുടി കൊഴിച്ചിൽ കുറയ്ക്കാൻ ഈ പാക്ക് ഏറെ സഹായിക്കും.  

മൂന്ന്...

തലമുടി കൊഴിച്ചിലും താരനും അകറ്റാനുള്ള മികച്ച പ്രതിവിധിയാണ് കറ്റാര്‍വാഴ. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ കറ്റാര്‍വാഴയുടെ  ജെൽ മുടിയുടെ വളർച്ചയ്ക്കും തലയോട്ടിയിലെ ചൊറിച്ചിൽ തടയുന്നതിനും താരൻ അകറ്റുന്നതിനും സഹായിക്കും. ഒരു കപ്പ് കറ്റാര്‍വാഴ ജെല്ലില്‍ വെളിച്ചെണ്ണയോ ആവണക്കെണ്ണയോ ചേര്‍ത്ത് ശിരോചര്‍മ്മത്തിലും മുടിയിലും പുരട്ടി മസാജ് ചെയ്യാം. ആഴ്ചയില്‍ മൂന്ന് മുതല്‍ നാല് ദിവസം വരെയൊക്കെ ഇത് ചെയ്യാം. 

നാല്...

ഉലുവ തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. പ്രോട്ടീൻ, വിറ്റാമിനുകൾ, അയേൺ, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമായ ഉലുവ മുടികൊഴിച്ചില്‍, താരന്‍ എന്നിവയെ അകറ്റും. ഇതിനായി ഉലുവ തലേന്ന് വെള്ളത്തിൽ കുതിർത്തു വയ്ക്കണം. പിറ്റേദിവസം രാവിലെ വെള്ളംചേർത്ത് നന്നായി അരച്ചെടുക്കണം. പേസ്റ്റ് രൂപത്തിലായതിനുശേഷം ശിരോചർമ്മത്തിലും മുടിയിലും പുരട്ടാം.

അഞ്ച്...

അടുക്കളകളില്‍ സ്ഥിരമായി കാണുന്ന സവാള അല്ലെങ്കില്‍ ഉള്ളി തലമുടിയുടെ സംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ്. തലമുടി കൊഴിച്ചിൽ അകറ്റാനും മുടി വളരാനും സവാളനീരോ ഉള്ളിനീരോ മാത്രം മതി. മുടിയുടെ വളർച്ച കൂടുതൽ വേഗത്തിലാക്കുന്ന ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവ ശിരോ ചർമ്മത്തിൽ ഉണ്ടാകുന്ന താരനെ തടയുകയും ചെയ്യും. ഇതിനായി ഒന്നോ രണ്ടോ സവാള അല്ലെങ്കിൽ ഉള്ളി തൊലി കളഞ്ഞ് വൃത്തിയാക്കിയെടുക്കുക. ശേഷം ഉള്ളി ചെറിയ കഷ്ണങ്ങളായി മുറിക്കണം. ശേഷം ഇവ മിക്സിയിലിട്ടടിച്ച് നീരെടുക്കുക. ഈ നീര് ശിരോ ചർമ്മത്തിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കാം. അര മണിക്കൂറിന് ശേഷം ഏതെങ്കിലും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ  ചെയ്‌താൽ തലമുടി കൊഴിച്ചിൽ കുറയുകയും മുടി തഴച്ച് വളരുകയും ചെയ്യും. 

Also Read: താരൻ അകറ്റാനും തലമുടി കൊഴിച്ചിൽ തടയാനും കിടിലനൊരു എണ്ണ!

Latest Videos
Follow Us:
Download App:
  • android
  • ios