മുഖത്തെ കരുവാളിപ്പ് മാറാനും ചര്‍മ്മം തിളങ്ങാനും സ്ട്രോബെറി ഇങ്ങനെ ഉപയോഗിക്കാം...
ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും പൊട്ടാസ്യവും മറ്റു ധാതുക്കളും സ്ട്രോബെറിയില്‍ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ചർമ്മത്തെ മൃദുലവും സുന്ദരവുമാക്കാനും മുഖക്കുരു തടയാനും ചര്‍മ്മത്തിലെ ചുളിവ് മാറാനും ചര്‍മ്മം തിളങ്ങാനും സ്ട്രോബെറി സഹായിക്കും.
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് സ്ട്രോബെറി. പുറമെയുളള ഭംഗി പോലെ തന്നെ അകവും നല്ല സ്വാദിഷ്ടമാണ്. സ്ട്രോബെറിയിൽ 90 ശതമാനം വരെ ജലാംശമുണ്ട്. നമ്മുടെ ശരീരത്തിന് ഏറേ ആവശ്യമുള്ള ഒന്നാണ് വിറ്റാമിന്‍ സി. സ്ട്രോബെറിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. അതുകൊണ്ടാണ് ഇവ രോഗപ്രതിരോധശേഷിക്കും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും പൊട്ടാസ്യവും മറ്റു ധാതുക്കളും സ്ട്രോബെറിയില്‍ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ചർമ്മത്തെ മൃദുലവും സുന്ദരവുമാക്കാനും മുഖക്കുരു തടയാനും ചര്‍മ്മത്തിലെ ചുളിവ് മാറാനും ചര്‍മ്മം തിളങ്ങാനും സ്ട്രോബെറി സഹായിക്കും. ഇതിനായി സ്ട്രോബെറി എങ്ങനെയൊക്കെ ഉപയോഗിക്കാം എന്ന് നോക്കാം...
ഒന്ന്...
ഏതാനും സ്ട്രോബെറി എടുത്ത്, അതിന്‍റെ നീര് പിഴിഞ്ഞെടുക്കുക. ഇനി ഒന്നര ടേബിൾ സ്പൂൺ തൈരും ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 15 മുതൽ 20 മിനിറ്റ് വരെ തേച്ചുപിടിപ്പിക്കുക. പിന്നീട് ഇളം ചൂട് വെള്ളത്തിൽ കഴുകി കളയാം. മുഖക്കുരു മാറാനും കറുത്ത പാടുകളെ അകറ്റാനും ചര്‍മ്മം തിളങ്ങാനും ഈ പാക്ക് സഹായിക്കും.
രണ്ട്...
കൂടുതൽ നേരം സൂര്യപ്രകാശം ഏൽക്കുന്നത് ചർമ്മത്തിന് മങ്ങൽ ഏൽക്കാനും കേടുപാടുകൾ സംഭവിക്കാനും വഴിവയ്ക്കും. ഇത്തരത്തിലുള്ള കരുവാളിപ്പ് മാറാന്‍ രണ്ട് ടേബിൾ സ്പൂൺ സ്ട്രോബെറിയുടെ നീരും ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങാ നീരും ചേർത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകി കളയാം.
മൂന്ന്...
എണ്ണമയം അകറ്റാനും ചര്‍മ്മം തിളങ്ങാനും സ്ട്രോബെറി- തേന്‍ ഐസ് ക്യൂബ് സഹായിക്കും. ഇതിനായി ഐസ് ക്യൂബ് ട്രേയിൽ വെള്ളം നിറച്ചതിന് ശേഷം കുറച്ച് സ്ട്രോബെറി ചെറുതായി അരിഞ്ഞ് ഓരോ ക്യൂബിലും ഇടാം. ഇതിലേക്ക് ഓരോ തുള്ളി തേനും ഒഴിക്കുക. ശേഷം ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചെടുക്കാം. ഈ ഐസ് ക്യൂബ് ആവശ്യാനുസരണം എടുത്ത് മുഖത്ത് മസാജ് ചെയ്യാം.
നാല്...
ഏതാനും സ്ട്രോബെറിയുടെ സത്ത് ഒരു ടേബിൾ സ്പൂൺ കടലമാവിനൊപ്പം നന്നായി മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. എണ്ണ മയം ഇല്ലാതാക്കാനും ചര്‍മ്മം തിളങ്ങാനും നിറം വയ്ക്കാനും ഈ പാക്ക് സഹായിച്ചേക്കാം.
Also Read: ഇതാണ് ചായ ഐസ്‌ക്രീം! ഇനിയെങ്കിലും വെറുതെ വിട്ടുകൂടെയെന്ന് സോഷ്യല്‍ മീഡിയ