രണ്ട് മുറിയിലേക്ക് കൂടി ഒരു എസി; വൈറലായി ഫോട്ടോ...
രണ്ട് മുറിക്കും നടുവിലായിട്ടാണ് എസി വയ്ക്കാനുള്ള തുരങ്കം ഇട്ടിരിക്കുന്നത്. ഇത് ചിത്രത്തില്‍ വ്യക്തമായി കാണാം. എസിയുടെ പകുതി ഈ മുറിയിലും, മറുപകുതി അടുത്ത മുറിയിലും.
സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും രസകരമായ എത്രയോ പോസ്റ്റുകളും ഫോട്ടോകളും വീഡിയോകളുമാണ് ദിവസവും നാം കാണുന്നത്. ഇവയില്‍ പലതും നമുക്ക് ഒരേസമയം തമാശയായി തോന്നുന്നതും എന്നാല്‍ നമ്മെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതും ആകാറുണ്ട്.
അത്തരത്തിലൊരു ചിത്രമാണിപ്പോള്‍ ട്വിറ്ററില്‍ കാര്യമായി ശ്രദ്ധ നേടുന്നത്. രണ്ട് മുറിയിലേക്ക് ഒരുപോലെ തണുപ്പെത്തിക്കാൻ ഒരേയൊരു എസി. ഇതാണ് ചിത്രത്തില്‍ കാണുന്നത്. തീര്‍ച്ചയായും കേള്‍ക്കുമ്പോള്‍ അവിശ്വസനീയമെന്ന് തോന്നാവുന്ന സംഗതി തന്നെയാണിത്.
എന്നാല്‍ സംഭവം യഥാര്‍ത്ഥമാണെന്നാണ് ചിത്രം പങ്കുവച്ച അനുരാഗ് വെര്‍മ അവകാശപ്പെടുന്നത്. 2011ല്‍ താൻ മുംബൈയില്‍ താമസിച്ച ഒരു ഹോട്ടലില്‍ നിന്നുള്ളതാണ് ചിത്രമെന്നാണ് ഇദ്ദേഹം പറയുന്നത്. എസി രണ്ട് മുറിയിലേക്കുമാണെന്ന് പറഞ്ഞാണത്രേ മാനേജര്‍ റൂം നല്‍കിയത്. ശരിക്കും സംഗതി രണ്ട് മുറിയിലേക്കുള്ള എസി തന്നെയായിരുന്നുവെന്നും ഒരു മുറിയില്‍ താനും മറ്റൊരു മുറിയില്‍ രണ്ട് മദ്ധ്യവയസ്കരുമാണ് ഉണ്ടായിരുന്നതെന്നും അനുരാഗ് പറയുന്നു.
രണ്ട് മുറിക്കും നടുവിലായിട്ടാണ് എസി വയ്ക്കാനുള്ള തുരങ്കം ഇട്ടിരിക്കുന്നത്. ഇത് ചിത്രത്തില്‍ വ്യക്തമായി കാണാം. എസിയുടെ പകുതി ഈ മുറിയിലും, മറുപകുതി അടുത്ത മുറിയിലും. ഇത് താമസിക്കുന്നവരുടെ സ്വകാര്യതയെ ബാധിക്കില്ലേയെന്ന സംശയം സ്വാഭാവികമായും കാണുന്നവരില്‍ വരാം. സ്വകാര്യതയെ ബാധിക്കുമെന്ന സൂചനയാണ് അനുരാഗിന്‍റെ ട്വീറ്റ് നല്‍കുന്നത്. കാരണം അന്ന് അടുത്ത മുറിയില്‍ താമസിച്ച മദ്ധ്യവയസ്കര്‍ പുലര്‍ച്ചെ വരെ കേട്ട പാട്ട് അദ്ദേഹം ഇന്നും ഓര്‍മ്മിക്കുന്നു.
എസിയുടെ തണുപ്പ് നിയന്ത്രിക്കാനോ ഓഫ് ചെയ്യാനോ മറ്റോ ഉള്ള സൗകര്യങ്ങളൊന്നുമില്ലായിരുന്നുവത്രേ. കാരണം ഇതിന്‍റെ റിമോട്ട് ഇദ്ദേഹത്തിന് നല്‍കിയിരുന്നില്ല. ഏതായാലും വിചിത്രമായ ഈ ആശയം ഏത് ഹോട്ടലിലാണ് കണ്ടതെന്ന കാര്യം മാത്രം അനുരാഗ് വ്യക്തമാക്കിയിട്ടില്ല. നിരവധി പേരാണ് പക്ഷേ വൈറലായ ഫോട്ടോയ്ക്ക് അഭിപ്രായമറിയിച്ചിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ സാഹചര്യമല്ലേ, അന്ന് സാമ്പത്തികലാഭത്തിനായി ഹോട്ടലുകാര്‍ കൈക്കൊണ്ട പല നടപടികളിലൊന്നാകാം ഇതെന്നുമെല്ലാം അഭിപ്രായപ്പെടുമ്പോഴും സംഭവത്തിലെ തമാശയും അതിശയവും ആരും പങ്കിടാതെ പോകുന്നില്ല.
Also Read:- ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ വച്ചാല്‍ എന്ത് സംഭവിക്കും?