അപര്‍ണ ബാലമുരളിയോട് വിദ്യാര്‍ത്ഥിയുടെ പെരുമാറ്റം അതിരുവിട്ടോ? ; പൊതുവിടത്തിലെ ശരീരഭാഷയിൽ ശ്രദ്ധിക്കേണ്ടത്...

വിദ്യാര്‍ത്ഥിയുടെ പെരുമാറ്റത്തില്‍ അസ്വസ്ഥയായ അപര്‍ണ പരസ്യമായി തന്നെ തന്‍റെ അനിഷ്ടം പ്രകടിപ്പിക്കുകയായിരുന്നു. പിന്നീട് സംഭവം നടിയെ ഇത്തരത്തില്‍ ബാധിച്ചുവെന്ന് മനസിലാക്കിയപ്പോള്‍ വിദ്യാര്‍ത്ഥി മാപ്പ് പറയാൻ ശ്രമിക്കുന്നതും വൈറലായ വീഡിയോയില്‍ കാണാം. 

social media discussions are active after student misbehaved with aparna balamurali

നടി അപര്‍ണ ബാലമുരളിയോട് പൊതുവേദിയില്‍ വച്ച് ഒരു വിദ്യാര്‍ത്ഥി അപമര്യാദയായി പെരുമാറിയ സംഭവം വലിയ രീതിയിലാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. നടി മറ്റ് താരങ്ങള്‍ക്കും അതിഥികള്‍ക്കുമൊപ്പം വേദിയിലിരിക്കെ പൂവ് നല്‍കാനായി വിദ്യാര്‍ത്ഥി കയറിവരികയായിരുന്നു. ശേഷം നടിയുടെ കയ്യില്‍ പിടിക്കുകയും, അവരെ പിടിച്ചെഴുന്നേല്‍പിച്ച് തോളില്‍ കയ്യിടാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. 

എന്നാല്‍ വിദ്യാര്‍ത്ഥിയുടെ പെരുമാറ്റത്തില്‍ അസ്വസ്ഥയായ അപര്‍ണ പരസ്യമായി തന്നെ തന്‍റെ അനിഷ്ടം പ്രകടിപ്പിക്കുകയായിരുന്നു. പിന്നീട് സംഭവം നടിയെ ഇത്തരത്തില്‍ ബാധിച്ചുവെന്ന് മനസിലാക്കിയപ്പോള്‍ വിദ്യാര്‍ത്ഥി മാപ്പ് പറയാൻ ശ്രമിക്കുന്നതും വൈറലായ വീഡിയോയില്‍ കാണാം. 

വ്യാപകമായ രീതിയിലാണിപ്പോള്‍ ഈ വീഡിയോ പ്രചരിക്കുന്നത്. അപര്‍ണയെ പിന്തുണച്ചും അതുപോലെ തന്നെ വിദ്യാര്‍ത്ഥിയെ ന്യായീകരിച്ചുമെല്ലാം നിലപാടുകള്‍ വ്യക്തമാക്കുന്ന ധാരാളം പേരുണ്ട്. സോഷ്യല്‍ മീഡിയയിലാണ് കാര്യമായും സംഭവം ചര്‍ച്ചകള്‍ സൃഷ്ടിക്കുന്നത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ വിവിധ വിഷയങ്ങളാണ് ചര്‍ച്ചകളില്‍ വന്നുപോകുന്നത്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം കാണുന്ന ചര്‍ച്ചാവിഷയങ്ങളില്‍ ചിലത്...

പൊതുവിടത്തില്‍ പാലിക്കേണ്ട മര്യാദകള്‍

പൊതുവിടത്തില്‍ എങ്ങനെ പെരുമാറണം, മറ്റുള്ളവരെ എത്തരത്തില്‍ കൈകാര്യം ചെയ്യണം, അഭിമുഖീകരിക്കണം, എങ്ങനെ സംസാരിക്കണം - തുടങ്ങിയ വിഷയങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസത്തിന്‍റെ തുടക്കം മുതല്‍ക്ക് തന്നെ ഏവര്‍ക്കും പരിശീലനം ലഭിക്കാറുള്ളതാണ്. പ്രത്യേകിച്ച് സ്ത്രീകളോടുള്ള പെരുമാറ്റവും സംസാരരീതിയുമെല്ലാം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടുന്ന ഭാഗം തന്നെയാണ്.

എന്നാല്‍ പലപ്പോഴും ഈ മര്യാദകള്‍ പലര്‍ക്കും പാലിക്കാൻ സാധിക്കാറില്ല എന്നതാണ് സത്യം. ഈ സംഭവവും അതുതന്നെയാണ് വെളിപ്പെടുത്തുന്നതെന്ന് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ചൂണ്ടിക്കാട്ടുന്നു. പുരുഷൻ സ്ത്രീയോടായാലും സ്ത്രീ പുരുഷനോടായാലും ഏത് പ്രായക്കാര്‍ തമ്മിലായാലും പെരുമാറുമ്പോള്‍ പാലിക്കേണ്ട വ്യക്തിമര്യാദകള്‍ നിര്‍ബന്ധമായും ഏവരും അറിഞ്ഞിരിക്കണമെന്ന ഓര്‍മ്മപ്പെടുത്തലാണ് പലരും നടത്തുന്നത്. 

'കണ്‍സെന്‍റ്' അഥവാ അനുവാദം...

അടുത്തകാലത്തായി സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടൊരു വിഷയമാണ് 'കണ്‍സെന്‍റ്'. ലൈംഗികബന്ധത്തില്‍ വരുന്ന കണ്‍സെന്‍റിനെ കുറിച്ചാണ് കാര്യമായ സംസാരങ്ങളും വാദപ്രതിവാദങ്ങളുമെല്ലാം നേരത്തെ വന്നിരുന്നത്. എന്നാല്‍ ലൈംഗികബന്ധത്തില്‍ മാത്രമല്ല, ശാരീരികമായി അടുപ്പം കാണിക്കുമ്പോഴും അത്തരത്തില്‍ സ്വാതന്ത്ര്യപൂര്‍വം സംസാരിക്കുമ്പോഴും ഒന്ന് സ്പര്‍ശിക്കുമ്പോള്‍ പോലും എതിരെ നില്‍ക്കുന്നയാളിന്‍റെ മാനസികമായ അനുവാദം ഉണ്ടായേ പറ്റൂ. അതല്ലെങ്കില്‍ ഈ പെരുമാറ്റം 'ഹരാസ്മെന്‍റ്' എന്ന നിലയിലേക്ക് പരിഗണിക്കപ്പെടാം. 

ഒരു ധാര്‍മ്മികപ്രശ്നമെന്നതില്‍ ഉപരി നിയമപരമായ പ്രശ്നം കൂടിയായി പിന്നെയിത് മാറാൻ അധികം താമസം വേണ്ടിവരില്ല. എല്ലായ്പ്പോഴും അപ്പുറത്ത് നില്‍ക്കുന്ന വ്യക്തിയെ കൂടി ഉള്‍ക്കൊണ്ടുകൊണ്ടും, അയാളുടെ മാനസികാവസ്ഥകളെ കണക്കിലെടുത്തുകൊണ്ടും പെരുമാറാൻ ഓരോ വ്യക്തിയും ശ്രമിക്കേണ്ടതുണ്ട്. ഇത് തീര്‍ച്ചയായും സ്വന്തം വ്യക്തിത്വത്തിന്‍റെ മാറ്റ് കൂട്ടുകയേ ഉള്ളൂ. 

ശരീരഭാഷ ശ്രദ്ധിക്കാം...

പൊതുവിടത്തില്‍ പെരുമാറുമ്പോള്‍ കഴിയുന്നതും ശരീരഭാഷ വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇരിപ്പ്, നടപ്പ്, സ്പര്‍ശം, നോട്ടം എന്നിവയിലെല്ലാം മറ്റുള്ളവരോടുള്ള പരിഗണനയും ആദരവും ഉണ്ടായിരിക്കണം. ഇത് ധാരാളം പ്രശ്നങ്ങളെ ഒഴിവാക്കുന്നതിന് ഉപകരിക്കാം. 

അനുവാദമില്ലാതെ വ്യക്തികളിലേക്ക് ശാരീരികമായോ മാനസികമായോ കടന്നുകയറുക, അവരുടെ താല്‍പര്യം മാനിക്കാതെ അവരോട് സംസാരിക്കുകയോ അവരെ സ്പര്‍ശിക്കുകയോ ചെയ്യുക- എല്ലാം സ്വന്തം വ്യക്തിത്വത്തെ കുറിച്ച് മോശമായ സൂചനകളാണ് പുറത്തേക്ക് വിടുക. 

സെലിബ്രിറ്റികളോട് ഇടപെടുമ്പോള്‍...

സെലിബ്രിറ്റികളോട് മറ്റുള്ളവര്‍ക്ക് അടുപ്പം തോന്നുന്നത് സ്വാഭാവികമാണ്. കാരണം, ലളിതമാണ് അവര്‍ പ്രശസ്തരാണ്- അവരെ നാം എപ്പോഴും കാണുകയോ കേള്‍ക്കുകയോ എല്ലാം ചെയ്യുന്നു. എന്നാല്‍ സെലിബ്രിറ്റികള്‍ക്ക് വ്യക്തിപരമായി മറ്റുള്ളവരോട് അതേ അടുപ്പമുണ്ടാകില്ലല്ലോ. ഈ വ്യത്യാസം മനസിലാക്കാതെ പെരുമാറുന്ന ധാരാളം പേരുണ്ടെന്നും അത്തരക്കാര്‍ എല്ലാവര്‍ക്കും പേരുദോഷമുണ്ടാക്കുമെന്നും ചിലര്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ പറയുന്നു. 

സ്ത്രീകളായ സെലിബ്രിറ്റികള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാകുന്നത് പതിവാണെന്നും ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഔചിത്യപൂര്‍വം പെരുമാറാൻ കഴിവുണ്ടായിരിക്കണമെന്നും ഈ ചര്‍ച്ചകള്‍ ഓര്‍മ്മിപ്പിക്കുന്നു. 

Also Read:- അപർണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാർത്ഥി; രോഷം അടക്കി നടി, പിന്നാലെ മാപ്പ്- വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios