Skin Care : ചൂടുകാലത്ത് പുരുഷന്മാര്‍ നേരിടുന്ന പ്രശ്‌നം; ശ്രദ്ധിക്കേണ്ട കാര്യങ്ങളും...
നമ്മുടെ നാട്ടില്‍ ഇരുചക്രവാഹനങ്ങളില്‍ ഏറ്റവുമധികം സഞ്ചരിക്കുന്നത് പുരുഷന്മാരാണ്. അതുപോലെ തന്നെ ഫീല്‍ഡ് ജോലികള്‍ ചെയ്യുന്നതും കൂടുതല്‍ പുരുഷന്മാരാണ്. അതുകൊണ്ട് തന്നെ വേനലില്‍ ചൂട് മൂലം ചര്‍മ്മം കേടാകുന്ന പ്രശ്‌നം ഏറ്റവുമധികം നേരിടുന്നതും താരതമ്യേന പുരുഷന്മാരാണ്
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ( Climate Change ) നമ്മുടെ ആരോഗ്യാവസ്ഥകളിലും വലിയ മാറ്റങ്ങളാണ് സംഭവിക്കുക. ചര്‍മ്മം തൊട്ട് അങ്ങോട്ട് എല്ലാ അവയവങ്ങളിലും ഈ മാറ്റം കാണാം. എന്നാല്‍ ചര്‍മ്മത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ( Skin Care ) വളരെ പെട്ടെന്ന് തന്നെ പ്രകടമാകുന്നതാണ്.
മുന്‍കാലങ്ങളെ അപേക്ഷിച്ച് സൗന്ദര്യ പരിപാലനത്തില്‍ സ്ത്രീകളോടൊപ്പം തന്നെ പുരുഷന്മാരും ശ്രദ്ധ ചെലുത്തുന്ന കാലമാണിത്. മുഖഭംഗിയും, ഫിറ്റ്‌നസുമെല്ലാം ആഗ്രഹിക്കാത്ത പുരുഷന്മാര്‍, പ്രത്യേകിച്ച് യുവാക്കള്‍ ഇന്ന് കുറവാണ്.
പക്ഷേ വേനലാകുമ്പോള്‍ പുരുഷന്മാര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് വെയിലേറ്റ് ചര്‍മ്മം നശിക്കുന്നത്. നമ്മുടെ നാട്ടില്‍ ഇരുചക്രവാഹനങ്ങളില്‍ ഏറ്റവുമധികം സഞ്ചരിക്കുന്നത് പുരുഷന്മാരാണ്. അതുപോലെ തന്നെ ഫീല്‍ഡ് ജോലികള്‍ ചെയ്യുന്നതും കൂടുതല്‍ പുരുഷന്മാരാണ്. അതുകൊണ്ട് തന്നെ വേനലില്‍ ചൂട് മൂലം ചര്‍മ്മം കേടാകുന്ന പ്രശ്‌നം ഏറ്റവുമധികം നേരിടുന്നതും താരതമ്യേന പുരുഷന്മാരാണ്.
എന്നാല്‍ മിക്കവരും ഇതിന് പരിഹാരമായി ഒന്നും ചെയ്യാറില്ല എന്നതാണ് സത്യം. പലര്‍ക്കും സൗന്ദര്യപരിപാലനം ചെയ്യാന്‍ നാണക്കേടുമാണ്. അത് സ്ത്രീകളുടെ മേഖലയാണല്ലോ എന്ന ചിന്താഗതിയാണ് ഇതിന് പിന്നില്‍. അത്തരത്തിലുള്ള വിമുഖതയുടെ കാര്യമില്ല. സ്ത്രീ ആയാലും പുരുഷനായാലും ഏത് പ്രായക്കാരായാലും 'സ്‌കിന്‍ കെയര്‍' നിര്‍ബന്ധമായും ചെയ്യേണ്ടതാണ്.
വേനലിലാണെങ്കില്‍ അള്‍ട്രാവയലറ്റ് കിരണങ്ങളാണ് വലിയ വില്ലനാകുന്നത്. ചര്‍മ്മത്തിന്റെ നിറം തന്നെ ആകെ മാറിപ്പോകാന്‍ ഇത് കാരണമാകും. പെട്ടെന്ന് പ്രായം തോന്നിക്കുന്നതിനും ക്ഷീണം തോന്നിക്കുന്നതിനുമെല്ലാം ഈ പ്രശ്‌നം ഇടയാക്കും. ഇത്തരം പ്രശ്‌നങ്ങളെ വലിയൊരു പരിധി വരെ മറികടക്കാന്‍ സഹായിക്കുന്ന ചില ടിപ്‌സ് ആണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
ആദ്യമായി സണ്‍സ്‌ക്രീനെ കുറിച്ചാണ് പറയാനുള്ളത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. ഇറങ്ങുന്നതിന് അര മണിക്കൂര്‍ മുമ്പെങ്കിലും ഇത് പുരട്ടുക. എങ്കിലേ ക്രീം ചര്‍മ്മവുമായി ചേര്‍ന്നുപോകാനുള്ള സമയം ലഭിക്കൂ. അല്‍ട്രാവയലറ്റ് കിരണങ്ങളുണ്ടാക്കുന്ന വലിയൊരു ശതമാനംദോഷവും ഏല്‍ക്കാതിരിക്കാന്‍ സണ്‍സ്‌ക്രീന്‍ സഹായിക്കും.
രണ്ട്...
ദിവസത്തില്‍ നന്നായി വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ദീര്‍ഘനേരം വെള്ളം കുടിക്കാതിരുന്ന് ഒന്നിച്ച് കുടിക്കുന്നതിന് പകരം അല്‍പാല്‍പമായി ഇടയ്ക്കിടെ വെള്ളം കുടിച്ച് ശരീരത്തില്‍ ജലാംശം ഉറപ്പുവരുത്തുക. കഴിയുമെങ്കില്‍ എവിടെ പോകുമ്പോഴും വാട്ടര്‍ ബോട്ടില്‍ കൂടെ കരുതുക.
മൂന്ന്...
ദിവസത്തില്‍ രണ്ട് തവണയെങ്കിലും മുഖം നന്നായി കഴുകണം. രാവിലെയും രാത്രിയും നിര്‍ബന്ധമായും മുഖം കഴുകണം. വീര്യം കുറഞ്ഞ ക്ലെന്‍സര്‍ ഉപയോഗിക്കാം. ഇതിന് ശേഷം അവരവരുടെ ചര്‍മ്മത്തിന് യോജിക്കുന്ന ഒരു മോയിസ്ചറൈസറും പുരട്ടുക.
നാല്...
താടിയുള്ളവരാണെങ്കില്‍ വേനലില്‍ താടി നല്ലതുപോലെ വൃത്തിയായി സൂക്ഷിക്കുക. ചൂടുകാലത്ത് പൊടിയും വിയര്‍പ്പും താടിരോമങ്ങള്‍ക്കിടെ അടിഞ്ഞ് ചര്‍മ്മം നശിക്കാനുള്ള സാധ്യത കൂടുതലാണ്. മുഖക്കുരു ഉണ്ടാകാനും ഇത് ഇടയാക്കാം.
അഞ്ച്...
മുഖത്തെ സൂക്ഷ്മ രോമകൂപങ്ങള്‍ വേനലില്‍ കൂടുതല്‍ വികസിക്കും. ഇത് കൂടുതല്‍ വിയര്‍പ്പും അഴുക്കും രോമകൂപങ്ങളില്‍ അടിയാന്‍ കാരണമാകുന്നു. ഇത് ബ്ലാക്ക്‌ഹെഡ്‌സും മറ്റും കൂട്ടുന്നു. അതിനാല്‍ തന്നെ ആഴ്ചയിലൊരിക്കലെങ്കിലും മുഖം സ്‌ക്രബ് ചെയ്യുക. ഇതിന് പുറത്തുനിന്ന് വാങ്ങിക്കുന്ന സ്‌ക്രബോ അല്ലെങ്കില്‍ വീട്ടില്‍ തന്നെ തയ്യാറാക്കുന്നതോ ആകാം.
ആറ്...
സ്‌ക്രബ് ചെയ്യുന്നത് പോലെ തന്നെ ആഴ്ചയിലൊരിക്കലെങ്കിലും ഏതെങ്കിലുമൊരു മാസ്‌ക് മുഖത്ത് ചെയ്യാനും ശ്രമിക്കുക. ചര്‍മ്മത്തിന് ഏല്‍ക്കുന്ന കേടുപാടുകള്‍ തീര്‍ത്ത് ചര്‍മ്മം തിളക്കമുള്ളതും നനവാര്‍ന്നതും ആക്കി തീര്‍ക്കാന്‍ മാസ്‌ക് സഹായകമാണ്.
Also Read:- 'സ്‌കിന്‍' ഭംഗിയായി സൂക്ഷിക്കാന്‍ ഒഴിവാക്കാവുന്ന ചിലത്...