' മറ്റുള്ളവർക്ക് എന്നോട് ഇഷ്ടം തോന്നുന്ന രീതിയിൽ മാത്രം ഞാൻ പെരുമാറണം എന്ന നിർബന്ധം നല്ലതല്ല '
മറ്റുള്ളവരെ ഒരുപാട് ആശ്രയിക്കുകയും അവരുടെ നല്ല വാക്കുകൾക്കായി ഒരുപാട് ആഗ്രഹിക്കുകയും ചെയ്യുന്ന രീതി ഗുണകരമല്ല. മറ്റുള്ളവർ നല്ല അഭിപ്രായം പറയുമ്പോൾ മാത്രമാണ് എനിക്ക് സ്വയം വില തോന്നുന്നത് എന്ന് വിശ്വസിക്കുമ്പോൾ അത് നെഗറ്റീവ് ആയി ബാധിക്കും.
മറ്റുള്ളവരെയെല്ലാം എപ്പോഴും സന്തോഷത്തിൽ ആക്കാൻ അമിതമായി ശ്രമിക്കുന്ന വ്യക്തികളാണ് നമ്മളിൽ പലരും. എന്നാൽ അതിന്റെ ചില പ്രശ്നങ്ങളെ കുറിച്ച് എഴുതുകയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പ്രിയ വർഗീസ്.
● ഐഡന്റിറ്റി / വ്യക്തിത്വം ഇല്ലാതെയാകുന്ന അവസ്ഥ ഇതുണ്ടാക്കും - മറ്റുള്ളവർ പറയുന്ന എല്ലാ കാര്യങ്ങളെയും അംഗീകരിക്കുമ്പോൾ സ്വന്തം ലക്ഷ്യങ്ങളും ഇഷ്ടങ്ങളും മറന്നുപോകുന്ന അവസ്ഥ ഉണ്ടാകും. അഭിപ്രായങ്ങൾ പറയാൻ മടിക്കും. നമ്മളുടെ വ്യക്തിത്വം എങ്ങനെയാണ് എന്ന് പ്രതിഫലിപ്പിക്കാനുള്ള അവസരം നഷ്ട്ടപ്പെടും.
● മനസ്സു മടിക്കുന്ന അവസ്ഥ ഉണ്ടായേക്കാം- മറ്റുള്ളവരുടെയെല്ലാം ആഗ്രഹം അനുസരിച്ചു പെരുമാറാൻ ശ്രമിക്കുമ്പോൾ ചില സമയങ്ങളിൽ മനസ്സിന് അസ്വസ്ഥതയും, മനസ്സു മടുത്തുപോകുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായേക്കാം. സങ്കടവും ടെൻഷനും ഇതുകാരണം ഉണ്ടാകും.
● മറ്റുള്ളവർ കുറ്റപ്പെടുത്തുമ്പോൾ തകർന്നുപോകുന്ന അവസ്ഥ ഉണ്ടാകും- ഇത്രമാത്രം മറ്റുള്ളവരോട് കരുതൽ കാണിച്ചിട്ടും അവർ എന്റെ ആത്മാർത്ഥത തിരിച്ചറിയുന്നില്ലല്ലോ എന്ന ചിന്ത മനസ്സിനെ വല്ലാതെ വിഷമിപ്പിക്കും.
● മറ്റുള്ളവർ അവരുടെ ആവശ്യങ്ങൾക്ക് മാത്രം സൗഹൃദം കാണിക്കുകയാണ് എന്ന തോന്നൽ ഉണ്ടാകും- ഒരിക്കലും അഭിപ്രായങ്ങൾ പറയാതെ ഇരിക്കുന്നു എന്നതിനാൽ നമ്മുടെ ബുദ്ധിമുട്ട് മറ്റുള്ളവർ മനസ്സിലാക്കാതെപോയേക്കാം. അവരുടെ കാര്യങ്ങൾ നടത്തിയെടുക്കാൻ മാത്രമുള്ള സൗഹൃദമായി കണക്കാക്കുമ്പോൾ സങ്കടപ്പെടേണ്ടി വരുന്ന അവസ്ഥ ഉണ്ടായേക്കാം.
● ആത്മവിശ്വാസം തകർന്ന അവസ്ഥയിലേക്ക് പോകാനിടയുണ്ട്- മറ്റുള്ളവരെ ഒരുപാട് ആശ്രയിക്കുകയും അവരുടെ നല്ല വാക്കുകൾക്കായി ഒരുപാട് ആഗ്രഹിക്കുകയും ചെയ്യുന്ന രീതി ഗുണകരമല്ല. മറ്റുള്ളവർ നല്ല അഭിപ്രായം പറയുമ്പോൾ മാത്രമാണ് എനിക്ക് സ്വയം വില തോന്നുന്നത് എന്ന് വിശ്വസിക്കുമ്പോൾ അത് നെഗറ്റീവ് ആയി ബാധിക്കും. മറ്റുള്ളവർ ചെറിയ കുറ്റപ്പെടുത്തലുകൾ നടത്തുമ്പോൾപോലും അതു നമ്മുടെ ആത്മവിശ്വാസത്തെ വല്ലാതെ തകർത്തുകളയും.
● ടെൻഷനും സമാധാനം ഇല്ലായ്മയും ഉണ്ടാകും- നിരന്തരം മറ്റുള്ളവരുടെ അംഗീകാരത്തിനായി ശ്രമിക്കുന്ന രീതി മനസ്സിന്റെ സമാധാനം നഷ്ടപ്പെടുത്തും.
● മറ്റുള്ളവർ എന്നെപ്പറ്റി എന്തു കരുതും എന്ന അമിത ഉത്കണ്ഠ- ഞാൻ നോ പറഞ്ഞാൽ എനിക്ക് സൗഹൃദം നഷ്ടമാകുമോ, ഞാൻ ഒറ്റപെടുമോ എന്ന പേടി. മറ്റുള്ളവർക്ക് എന്നോട് ഇഷ്ടം തോന്നുന്ന രീതിയിൽ മാത്രം ഞാൻ പെരുമാറണം എന്ന നിർബന്ധം വലിയ മാനസിക സമ്മർദ്ദമാണ് യഥാത്ഥത്തിൽ ഉണ്ടാക്കുക.
മറ്റുള്ളവരോട് സഹാനോഭൂതി എന്നത് നമുക്കാവശ്യമുള്ള ഒരു സ്വഭാവഗുണമാണ്. എന്നാൽ മറ്റുള്ളവരെ എല്ലായ്പ്പോഴും സന്തോഷത്തിലാക്കിവെക്കാൻ സാധ്യമാവില്ല എന്ന യഥാർത്ഥ്യം അംഗീകരിക്കാനുള്ള മനസ്സുകൂടെ ഉണ്ടായില്ല എങ്കിൽ വലിയ സങ്കടം അനുഭവിക്കേണ്ടതായി വന്നേക്കാം. ചെറുപ്പകാലം മുതലേ മറ്റുള്ളവരുടെ സ്നേഹവും അംഗീകാരവും നഷ്ടപ്പെടുമോ എന്ന ഭയം ഇവരിൽ ഉള്ളതായി കാണാൻ കഴിയും. ചെറുപ്പകാലത്ത് ഒറ്റപ്പെടലും അവഗണനയും നേരിട്ട ആളുളിൽ ഈ സ്വഭാവരീതി വളർന്നുവരാൻ സാധ്യത അധികമാണ്. പെർഫെക്ഷനിസം (perfectionism) ഉള്ളവരിലും എന്റെ നന്മകൾ മാത്രമേ മറ്റുള്ളവർ അറിയാൻ പാടുള്ളൂ എന്ന നിർബന്ധം ഉണ്ടാവുകയും അവർ എല്ലാവർക്കും സന്തോഷം ഉണ്ടാകുന്ന രീതിയിൽ മാത്രം പെരുമാറുകയും ചെയ്യും.
എന്നാൽ നമ്മുടെ മനസികാരോഗ്യത്തിനു മുൻതൂക്കം കൊടുത്തുകൊണ്ടാകണം നാം മറ്റുള്ളവരുമായി ഇടപെടേണ്ടത്. സ്വന്തം വില കാണാതെ പോകുന്ന രീതി മാറ്റിയെടുക്കണം. മറ്റുള്ളവർക്ക് പ്രാധാന്യം കൊടുക്കുന്നതിനോടൊപ്പം സ്വന്തം സമാധാനത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് ബാലൻസ് ചെയ്തു മുന്നോട്ടുപോകാൻ ശ്രമിക്കണം. നമ്മുടെ ചിന്താഗതിയിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കണം.
'സ്വയം സ്നേഹിക്കുന്നതും കരുണ കാണിക്കുന്നതും ശീലമാക്കൂ, പുതിയ ഒരു ശീലത്തിന് ഇന്നുതന്നെ തുടക്കമിടാം'
(ലേഖിക തിരുവല്ലയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ്. ഫോണ്‍: 8281933323)