Onam 2022 : അത്തപൂക്കളം ഒരുക്കാൻ ഈ നാടൻ പൂക്കൾ ഉപയോഗിക്കാം
തുമ്പപ്പൂവ്, കാക്കപ്പൂവ്, വിവിധതരം ചെമ്പരത്തികൾ, തെച്ചിപ്പൂവ്, തുളസി, സുഗന്ധി, നിത്യകല്യാണി, ശീപോതി, കൊങ്ങിണിപ്പൂവ് തുടങ്ങിയ പൂക്കൾ ശേഖരിച്ച് പൂവിടുന്ന കുട്ടികൾ ഗ്രാമത്തിന്റെ കാഴ്ചയാണ്. എന്നാൽ, നഗരപ്രദേശങ്ങളിൽ വിലകൊടുത്തുവാങ്ങുന്ന ജമന്തിയും മല്ലികയും മറ്റുമാണ് കൂടുതലായും ഉപയോഗിക്കപ്പെടുന്നത്.
പൂക്കളം ഇല്ലാതെ എന്ത് ഓണം അല്ലേ. നാടൻ പൂക്കളും ഇലകളുമാണ് ഗ്രാമപ്രദേശങ്ങളിൽ പൂക്കളമൊരുക്കാൻ ഉപയോഗിക്കുന്നത്. തുമ്പപ്പൂവ്, കാക്കപ്പൂവ്, വിവിധതരം ചെമ്പരത്തികൾ, തെച്ചിപ്പൂവ്, തുളസി, സുഗന്ധി, നിത്യകല്യാണി, ശീപോതി, കൊങ്ങിണിപ്പൂവ് തുടങ്ങിയ പൂക്കൾ ശേഖരിച്ച് പൂവിടുന്ന കുട്ടികൾ ഗ്രാമത്തിന്റെ കാഴ്ചയാണ്. എന്നാൽ, നഗരപ്രദേശങ്ങളിൽ വിലകൊടുത്തുവാങ്ങുന്ന ജമന്തിയും മല്ലികയും മറ്റുമാണ് കൂടുതലായും ഉപയോഗിക്കപ്പെടുന്നത്.
കൃത്രിമവസ്തുക്കൾ കൊണ്ടും പൂക്കളം ഒരുക്കാറുണ്ട്. വർഷത്തിലൊരിക്കൽ നാട് കാണാൻ എത്തുന്ന മഹാബലിയെ സ്വീകരിക്കുന്നതിനായാണ് മുറ്റത്ത് മനോഹരമായ പൂക്കളം ഒരുക്കുന്നത്. പൂക്കളം ഇടുമ്പോൾ ഉപയോഗിക്കേണ്ട ചില പൂക്കൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...
തുമ്പ...
പൂക്കളത്തിലിടുന്ന പ്രധാനപ്പെട്ട പൂവാണ് തുമ്പ. തൂവെള്ള നിറത്തിലുള്ള ചെറിയ ഇതളുകൾ മാത്രമുള്ള കുഞ്ഞൻ പൂവിനാണ് ഓണപ്പൂക്കളത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യമുള്ളത്.
മുക്കുറ്റി...
തുമ്പ കഴിഞ്ഞാൽ അടുത്തയാൾ മുക്കുറ്റിയാണ്. മണ്ണിൽ നിന്ന് നിശ്ചിത അളവിൽ മാത്രം പൊങ്ങി നിൽക്കുന്ന മുക്കുറ്റി ചെടിയുടെ മുകൾ വശത്തായി മഞ്ഞ നിറത്തിലുള്ള ചെറിയ പൂക്കൾ കാണാൻ കഴിയും. ഇലയോടുകൂടിയാണ് മുക്കുറ്റി പൂക്കളങ്ങളിൽ ഉപയോഗിക്കുന്നത്.
ചെമ്പരത്തി...
പൂക്കളത്തിന് ചുവപ്പ് നിറം നൽകാൻ ചെമ്പരത്തിപ്പൂ ഉപയോഗിക്കുന്നു. ചുവപ്പ് നിറത്തിൽ മാത്രമുണ്ടായിരുന്ന ചെമ്പരത്തിയ്ക്ക് ഇന്ന് പല നിറങ്ങളുണ്ട്. പിങ്ക്, വെള്ള, റോസ്, ക്രീം തുടങ്ങി വിവിധ വർണത്തിലും രൂപത്തിലും ചെമ്പരത്തികൾ എല്ലായിടത്തുമുണ്ട്.
കുമ്പള പൂ...
ചിങ്ങ മാസത്തിൽ വീട്ടു പരിസരത്ത് കുമ്പള വള്ളിയും മത്ത വള്ളിയുമെല്ലാം പൂവിട്ട് നിൽക്കുന്ന സമയമാണ്. പൂക്കളത്തിന് മഞ്ഞനിറം പകരാൻ ഈ പൂക്കൾ പണ്ടുമുതലേ ഉപയോഗിച്ചുവരുന്നതാണ്.
കൊങ്ങിണിപ്പൂ...
പൂച്ചെടി, അരിപ്പൂ, ഓടിച്ചു കുത്തി, കിങ്ങിണിപ്പൂ, കമ്മൽപ്പൂ എന്നീ പേരുകളിലും ഈ പൂ അറിയപ്പെടുന്നു. വെള്ള, റോസ്, മഞ്ഞ, വയലറ്റ് എന്നീ നിറങ്ങളിൽ എല്ലാം കൊങ്ങിണിപ്പൂ കാണാൻ കഴിയും.
നന്ത്യാർവട്ടം...
തൂവെള്ള നിറത്തിലുള്ള ഇതളുകളാണ് നന്ത്യാർവട്ട ചെടിയുടെ പ്രത്യേകത. പൂക്കളത്തിന് വെണ്മയുടെ സൗന്ദര്യം നൽകാൻ നന്ത്യാർവട്ട പൂക്കൾ ഉപയോഗിക്കാം. എല്ലാക്കാലവും നന്ത്യാർവട്ടം പുഷ്പിക്കുകയും ചെയ്യും.
തുളസി...
തുളസി മിക്ക വീടുകളിലും കാണുന്ന ഔഷധ സസ്യമാണ്. എന്നാൽ പൂക്കളത്തിലും തുളസിക്ക് സ്ഥാനമുണ്ട്. സാധാരണ തുളസി, കൃഷ്ണ തുളസി, രാമ തുളസി തുടങ്ങിയവയെല്ലാം ഇലകളുടെ നിറം, ആകൃതി എന്നിവയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.
ഓണസദ്യയിലെ പ്രധാനപ്പെട്ട വിഭവങ്ങൾ ഇവയൊക്കെ...