'വിഷാദം അല്ലെങ്കില്‍ മിഡ് ലൈഫ് ക്രൈസിസ്, കാരണം എന്താണെന്ന് മനസ്സിലാകുന്നില്ല': രഞ്ജിനി ഹരിദാസ്
ബിഗ് ബോസിൽ വന്നതോടെ രഞ്ജിനിയോടുള്ള ഇഷ്ടം പുതുക്കുകയായിരുന്നു മലയാളി പ്രേക്ഷകർ. ചൈനാടൗൺ എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് രഞ്ജിനി സിനിമാ രംഗത്തേയ്ക്ക് കടന്നു വരുന്നത്.
മലയാളത്തിലെ പ്രശസ്ത ടെലിവിഷന്‍ അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയുടെ അവതാരകയായാണ് പ്രേക്ഷകർക്ക് രഞ്ജിനിയെ കൂടുതല്‍ പരിചയം. പിന്നീട് നിരവധി സ്റ്റേജ് ഷോകളും താരം ചെയ്തിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു രഞ്ജിനി. ബിഗ് ബോസിൽ വന്നതോടെ രഞ്ജിനിയോടുള്ള ഇഷ്ടം പുതുക്കുകയായിരുന്നു മലയാളി പ്രേക്ഷകർ. ചൈനാടൗൺ എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് രഞ്ജിനി സിനിമാ രംഗത്തേയ്ക്ക് കടന്നു വരുന്നത്. 2013-ൽ പുറത്തിറങ്ങിയ എൻട്രി എന്ന സിനിമയിൽ ശ്രേയ എന്ന പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നായികയായും അരങ്ങേറ്റം കുറിച്ചു.
സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലും രഞ്ജിനിക്കുണ്ട്. ഇപ്പോഴിതാ തന്‍റെ മാനസികാവസ്ഥയെ കുറിച്ച് തുറന്നു പറയുകയാണ് രഞ്ജിനി. ഇപ്പോള്‍ കടന്നു പോകുന്നത് മിഡ് ലൈഫ് ക്രൈസിസിലൂടെയാണെന്നാണ് രഞ്ജിനി പറയുന്നത്. ഡെയ്ലി വ്ളോഗ് വീഡിയോയിലാണ് രഞ്ജിനി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
'എനിക്ക് ഒന്നിലും ഫോക്കസ് ചെയ്യാന്‍ സാധിക്കുന്നില്ല. അത്രയും സ്ട്രെസ് നിറഞ്ഞൊരു അവസ്ഥയാണിപ്പോള്‍. എന്താ നടക്കുന്നേ, എന്താ ചെയ്യേണ്ടത് എന്നിങ്ങനെ എല്ലാത്തിലും കണ്‍ഫ്യൂഷനാണ്. ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാനുള്ള താല്‍പര്യമോ, ലക്ഷ്യമോ ഒന്നും എനിക്കിപ്പോഴില്ല. എനിക്ക് വീട്ടില്‍ തിരിച്ചു വരണ്ടേ. എപ്പോഴും യാത്രകള്‍ ചെയ്യണം. അറിയുന്ന ആള്‍ക്കാരെ കാണേണ്ട. ഒറ്റയ്ക്കിരിക്കണം. അതെന്താണെന്ന് എനിക്ക് വിശദീകരിക്കാന്‍ അറിയില്ല. ഞാന്‍ അതിനെക്കുറിച്ച് ഗവേഷണം നടത്തി. വിഷാദം അല്ലെങ്കില്‍ മിഡ് ലൈഫ് ക്രൈസിസ്. എനിക്ക് 40 വയസ്സുണ്ട്. ഞാന്‍ കുറേ വായിച്ചപ്പോള്‍ മിഡ് ലൈഫ് ക്രൈസിസിനുള്ള എല്ലാ ലക്ഷണവും എനിക്കുണ്ട്. ജീവിതത്തില്‍ ഞാന്‍ ഒന്നും നേടിയിട്ടില്ല എന്ന് തോന്നുന്നു'- രഞ്ജിനിയുടെ വാക്കുകള്‍ ഇങ്ങനെ.