വിവാഹമോചനം, പ്രണയം തകരുക, പൊരുത്തപ്പെടാൻ കഴിയാതെ വരിക; മനസ്സു വല്ലാതെ തളർന്നു പോകുമ്പോൾ ശ്രദ്ധിക്കേണ്ടത് ....
ചില സമയം ദേഷ്യം നിയന്ത്രിക്കാൻ തീരെ കഴിയാതെ വരാം. ഈ പ്രശ്നങ്ങളെ പരിഹരിക്കാൻ ശ്രമിച്ചു പരാജയപ്പെടുന്നത് പ്രതീക്ഷ നഷ്ടപ്പെടുത്തി കളഞ്ഞേക്കാം. അപ്പോഴത്തെ ദേഷ്യത്തിലും സങ്കടത്തിലും എടുത്തുചാടി പ്രവർത്തിച്ച് പ്രശ്നങ്ങൾ കൂടുതൽ വഷളാവുന്ന അവസ്ഥയും ഉണ്ടായേക്കാം.
കഴിഞ്ഞതെല്ലാം നീ മറക്ക്, അഡ്ജസ്റ്റ് ചെയ്യ്, അക്‌സെപ്റ്റ് ചെയ്യ്….. ഇതെല്ലം കേട്ടു കേട്ടു മടുത്തു. എന്താ എന്റെ ലൈഫ് മാത്രം ഇങ്ങനെ? എന്താ എനിക്കു മാത്രം എപ്പോഴും ഇങ്ങനെ അഡ്ജസ്റ്റ് ചെയ്യേണ്ടി വരുന്നത്. മടുത്തു… ഇനി ജീവിക്കണ്ടേ എന്ന് തന്നെ തോന്നിപോകുന്നു.
മനസ്സിനെ വല്ലാതെ നോവിച്ച കഴിഞ്ഞകാല അനുഭവങ്ങളുടെ ഓർമ്മകൾ ആവർത്തിച്ചു മനസ്സിനെ വിഷമിപ്പിച്ചേക്കാം. വിവാഹമോചനം, അതിലേക്കു നയിച്ച കാരണങ്ങൾ, ബ്രേക്ക് അപ്പ്, പ്ലാൻ ചെയ്തപോലെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യങ്ങൾ, ജീവിതത്തിൽ പരാജയപ്പെട്ടു എന്ന തോന്നൽ, പൊരുത്തപ്പെടാൻ കഴിയാത്ത അവസ്ഥ- ഇങ്ങനെയൊക്കെ വരുമ്പോൾ മനസ്സാകെ മടുത്തുപോകുന്ന അവസ്ഥയുണ്ടാകാം.
ചില സമയം ദേഷ്യം നിയന്ത്രിക്കാൻ തീരെ കഴിയാതെ വരാം. ഈ പ്രശ്നങ്ങളെ പരിഹരിക്കാൻ ശ്രമിച്ചു പരാജയപ്പെടുന്നത് പ്രതീക്ഷ നഷ്ടപ്പെടുത്തി കളഞ്ഞേക്കാം. അപ്പോഴത്തെ ദേഷ്യത്തിലും സങ്കടത്തിലും എടുത്തുചാടി പ്രവർത്തിച്ച് പ്രശ്നങ്ങൾ കൂടുതൽ വഷളാവുന്ന അവസ്ഥയും ഉണ്ടായേക്കാം. ഉദാ: എടുത്തു ചാടി ആരോടെങ്കിലും സംസാരിക്കുന്നത്, ഫോണിൽ മെസ്സേജ് അയക്കുക എന്നിവ.
സങ്കീർണ്ണമായ ആ പ്രശ്നത്തെ പരിഹരിക്കാനോ, അതിനെപ്പറ്റി ചിന്തിക്കുമ്പോൾ ഉണ്ടാകുന്ന മനോവ്യഥ ഇല്ലാതെയാക്കാനോ കഴിയാതെ വരുന്ന അവസ്ഥ വളരെ അധികം മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നതാണ്. എന്നാൽ യാഥാർത്ഥ്യത്തെ അംഗീകരിക്കുക, ഇനിയും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ചിന്താഗതിയിൽ മാറ്റം വരുത്തുക എന്നതാണ് മനസ്സിനെ കൂടുതൽ വേദനിപ്പിക്കാതെ പ്രതിരോധിക്കാൻ നല്ലത്.
എന്നാൽ യാഥാർത്ഥ്യത്തെ അംഗീകരിക്കുക എന്ന് കേൾക്കുമ്പോൾ പലർക്കും ദേഷ്യം തോന്നിയേക്കാം. “ഞാൻ ഞാൻ അല്ലാതെ ജീവിക്കുകയാണോ വേണ്ടത്, എല്ലാം സഹിച്ചും ക്ഷമിച്ചും മടുത്തു, ഇപ്പോഴുള്ളതിലും അധികം ഞാൻ എന്താണ് അഡ്ജസ്റ്റ് ചെയ്യേണ്ടത്, എന്താ എനിക്കു മാത്രം എപ്പോഴും ഇങ്ങനെ”- ഇത്തരം പല ചോദ്യങ്ങളും മനസ്സിലേക്കു കടന്നുവന്നേക്കാം.
യാഥാർത്ഥ്യത്തെ അംഗീകരിക്കാൻ ശ്രമിക്കുമ്പോൾ നാം മനസ്സിലാക്കേണ്ട കാര്യങ്ങൾ
Dialectical Behaviour Therapy (DBT) എന്ന മനഃശാസ്ത്ര ചികിത്സയെ അടിസ്ഥാനപ്പെടുത്തിയുള്ള കാര്യങ്ങളാണ് ഇനി പറയാൻ പോകുന്നത്. മനസ്സ് വല്ലാതെ തളർന്നു പോകാതെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഒരു മനഃശാസ്ത്ര ചികിത്സയാണ് DBT. യഥാർത്ഥത്തിൽ ഇപ്പോൾ ഉള്ള അവസ്ഥയെ അംഗീകരിക്കാനാവാതെ അവ ഇല്ല എന്ന് വിശ്വസിക്കാൻ ശ്രമിക്കുന്നത് ഇപ്പോഴത്തെ സാഹചര്യളിൽ മാറ്റം വരുത്താൻ സഹായിക്കുന്നില്ല. അങ്ങനെ ചെയ്യുന്നത് മനസ്സിന്റെ സമ്മർദ്ദം കൂട്ടുകയേ ഉള്ളു. വിവാഹമോചനം, പ്രണയ ബദ്ധം തകരുക, ജോലി നഷ്ടപ്പെടുക, പല സാഹചര്യങ്ങളോടും പൊരുത്തപ്പെടാൻ കഴിയാതെ വരിക- ഇവയെല്ലാം വീണ്ടും വീണ്ടും ചിന്തിക്കുമ്പോൾ ദേഷ്യം സങ്കടം എന്നിവ മനസ്സിനെ തളർത്തിക്കളയുകയും ചെയ്യും. പിന്നീട് അവയെ അതിജീവിക്കാനുള്ള ശക്തി മനസ്സിനു നഷ്ടമായിപോകും.
മറ്റുള്ളവരുടെ അംഗീകാരം കിട്ടുമ്പോൾ മാത്രമാണ് എന്റെ ജീവിതം അർത്ഥപൂർണമാകുന്നത് എന്ന ചിന്ത നമ്മൾ എല്ലാ മനുഷ്യർക്കും എപ്പോഴെങ്കിലും ഒക്കെ തോന്നിപോകാം. മാനസികമായി വല്ലാതെ തകർന്ന അവസ്ഥയിൽ ഈ ചിന്ത വളരെ കൂടുതൽ ആയിരിക്കും. എന്നാൽ സ്വയം അംഗീകരിക്കുക, സ്വന്തം നന്മ കാണുക എന്നത് എത്രമാത്രം പ്രധാനമാണ് എന്ന തിരിച്ചറിവ് നമുക്കുണ്ടാകേണ്ടത് ഇത്തരം സാഹചര്യങ്ങളിലാണ്.
അതു വലിയ മാറ്റം ജീവിതത്തിൽ ഉണ്ടാക്കും. ശാന്തമായ മനസ്സോടെ ആലോചിച്ചു നോക്കുക. ഇത്ര മോശം അവസ്ഥയിലും ജീവിതം ഇപ്പോഴും അർത്ഥപൂർണം അല്ലെ? സ്വയം വിലയിരുത്തുമ്പോൾ ഒരു ചെറിയ നന്മയെങ്കിലും കാണാൻ കഴിയുന്നില്ലേ? അത് മറ്റുള്ളവർ നമുക്കു നൽകുന്ന അംഗീകാരത്തെ മാത്രം ആശ്രയിച്ചുള്ളതാണോ? ആലോചിച്ചു നോക്കൂ…
എഴുതിയത്:
പ്രിയ വർഗീസ് (M.Phil, MSP, RCI Licensed)
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, Near TMM Hospital, തിരുവല്ല
For appointments call: 8921278461
Online/ Telephone consultation available