ചെങ്കുത്തായ പാറയില്‍ ഒരു പലചരക്ക് കട!; ഇതെവിടെയാണെന്ന് അറിയാമോ?
ചെങ്കുത്തായ ഒരു പാറക്കെട്ടിന് ഇടയ്ക്കായി സ്ഥിതി ചെയ്യുന്ന ഒരു പലചരക്ക് കട. കേള്‍ക്കുമ്പോഴേ തീര്‍ച്ചയായും നിങ്ങള്‍ക്കത് അവിശ്വസനീയമായി തോന്നാം. എന്നാല്‍ സംഗതി, സത്യമാണ്.
ഈ ഡിജിറ്റല്‍ യുഗത്തില്‍ ഓരോ ദിവസവും രസകരമായ എത്രയോ വാര്‍ത്തകളും വീഡിയോകളുമാണ് നാം അറിയുന്നത്. മാധ്യമങ്ങളും സോഷ്യല്‍ മീഡീയയുമെല്ലാം അതിവേഗമാണ് വിവരങ്ങള്‍ കൈമാറുന്നതും, അത് ലോകത്തിന്‍റെ മുക്കിലും മൂലയിലും വരെയെത്തിക്കുന്നതും.
നമുക്ക് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങള്‍, നമ്മെ അക്ഷരാര്‍ത്ഥത്തില്‍ അതിശയിപ്പിക്കുന്നതോ ഞെട്ടിക്കുന്നതോ ആയ സംഭവങ്ങള്‍ എല്ലാം ഇങ്ങനെ ദിവസവും നാം കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യുന്നു. എന്തായാലും ഇത്തരത്തില്‍ ഏറെ കൗതുകം പകരുന്ന- അത്ഭുതം തോന്നിപ്പിക്കുന്നൊരു സംഭവമാണ് ഇനി പങ്കുവയ്ക്കുന്നത്.
ചെങ്കുത്തായ ഒരു പാറക്കെട്ടിന് ഇടയ്ക്കായി സ്ഥിതി ചെയ്യുന്ന ഒരു പലചരക്ക് കട. കേള്‍ക്കുമ്പോഴേ തീര്‍ച്ചയായും നിങ്ങള്‍ക്കത് അവിശ്വസനീയമായി തോന്നാം. എന്നാല്‍ സംഗതി, സത്യമാണ്. ചൈനയിലെ ഹ്യുനാൻ പ്രവിശ്യയിലാണ് ഈ അത്ഭുതക്കാഴ്ചയുള്ളത്.
മല കയറാനെത്തുന്ന സാഹസികരായ വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍, മറ്റ് അവശ്യ സാധനങ്ങള്‍ എല്ലാമാണ് ഇവിടെ വില്‍ക്കുന്നത്. ഈ സ്റ്റോറിന്‍റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
ഒറ്റനോട്ടത്തില്‍ ആരെങ്കിലും ചെങ്കുത്തായ പാറയിടുക്കിലേക്ക് വീണ്, അവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ആണ് നടക്കുന്നത് എന്ന് നാം ചിന്തിക്കാം. പക്ഷേ സംഗതി, മല കയറാനെത്തിയ സാഹസികരായ ടൂറിസ്റ്റുകള്‍ കയറില്‍ തൂങ്ങി ഈ സ്റ്റോറിലെത്തി സാധനങ്ങള്‍ വാങ്ങിക്കുന്നതാണ് കാണുന്നത്. ഇത്തിരിയൊന്ന് നെഞ്ചിടിപ്പ് തോന്നാതിരിക്കില്ല ഇത് കാണുമ്പോള്‍. അതേസമയം സാഹസികതയോട് താല്‍പര്യമുള്ളവരാണെങ്കില്‍ തീര്‍ച്ചയായും അവരെ രസിപ്പിക്കുന്ന കാഴ്ചയാണിത്.
393 അടി താഴ്ചയിലാണ് ഈ സ്റ്റോര്‍ സ്ഥിതി ചെയ്യുന്നത്. അവശ്യസാധനങ്ങള്‍ വാങ്ങിക്കുകയെന്നതില്‍ ഉപരി, ഈ സ്റ്റോറിലേക്ക് എത്തുന്നത് തന്നെ ഒരു സാഹസികതയാണ്. ഇതിന് വേണ്ടി തന്നെയാണ് പലരും ഇവിടെ എത്തുന്നതത്രേ. എന്തായാലും ഏറെ പ്രത്യേകതകളുള്ള സ്റ്റോറിന്‍റെ ചിത്രവും വിശദാംശങ്ങളുമെല്ലാം ഇപ്പോള്‍ വൈറലായി എന്ന് വേണം പറയാൻ.
Also Read:- 'ജ്യൂസല്ല, ഗ്ലാസാണ് കാണേണ്ടത്'; കേരളത്തില്‍ നിന്നുള്ള 'കുലുക്കി' വീഡിയോ വൈറല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-