Crime Against Children: വീട്ടുജോലികള്‍ ചെയ്യാത്തതിന് 12കാരിയെ കൊന്ന് മൃതദേഹം ഒളിപ്പിച്ച് അമ്മയും അച്ഛനും!

രാതിയിന്മേല്‍ പൊലീസ് അന്വേഷണം നടത്തിവരികെ,ആഗസ്റ്റില്‍ മകളുടെ അഴുകിയ മൃതദേഹം കണ്ടെത്തിയെന്ന് അറിയിച്ച് ഇരുവരും വീണ്ടും പൊലീസിനെ സമീപിച്ചു. വസ്ത്രങ്ങളും ചെരുപ്പും കണ്ടാണ് മൃതദേഹം മകളുടേതാണെന്ന് ഉറപ്പിച്ചതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. എങ്കിലും സംഭവത്തില്‍ സംശയം തോന്നിയ പൊലീസ് അന്വേഷണം ഇവരിലേക്ക് തന്നെ കേന്ദ്രീകരിച്ചു. 

parents killed 12 year old girl for not doing household work

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും ഗാര്‍ഹിക പീഡനങ്ങളും ഈ അടുത്ത വര്‍ഷങ്ങളിലായി രാജ്യത്ത് വര്‍ധിച്ചുവരുന്ന സാഹചര്യമാണുള്ളത്. പലപ്പോഴും മാതാപിതാക്കളില്‍ നിന്ന് പോലും കടുത്ത പീഡനങ്ങള്‍ കുട്ടികള്‍ നേരിടുന്നുവെന്നതാണ് സത്യം. ചില കേസുകളിലാണെങ്കില്‍ മക്കളെ കൊലപ്പെടുത്തുന്നതിലേക്ക് വരെ മാതാപിതാക്കളെത്തുന്നു. എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥകളാകുന്നത് എന്ന പരിശോധന അവശ്യം നടത്തേണ്ട, രാജ്യമൊട്ടാകെ അവബോധം നടത്തേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും പറയാം. 

ഇപ്പോഴിതാ ഛത്തീസ്ഗഢിലെ സുര്‍ഗുജയിലെ ഒരു ഗ്രാമത്തില്‍ വീട്ടുജോലി ചെയ്യാത്തതിന് സ്വന്തം മകളെ കൊന്ന് മൃതദേഹം ഒളിപ്പിച്ച മാതാപിതാക്കളെ കുറിച്ചാണ് വാര്‍ത്ത വന്നിരിക്കുന്നത്. മനുഷ്യമനസാക്ഷിയെ സമാനതകളില്ലാതെ ഞെട്ടിക്കുന്നൊരു സംഭവം തന്നെയാണിത്. 

വീട്ടില്‍ സമയത്തിന് പാചകം ചെയ്യാതിരിക്കുകയും കന്നുകാലികള്‍ക്ക് തീറ്റ നല്‍കാതിരിക്കുകയും ചെയ്തതോടെയാണ് പന്ത്രണ്ട് വയസുകാരിയായ മകളെ  അച്ഛൻ കൊലപ്പെടുത്തിയത്. ഇതിന് കൂട്ടുനിന്ന അമ്മയും ഇപ്പോള്‍ പൊലീസിന്‍റെ പിടിയിലായിരിക്കുകയാണ്. ഇരുവരും പൊലീസ് പിടിയിലായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. കാലാ ദരിമ സ്വദേശികളായ വിശ്വനാഥ് എക്ക, ഭാര്യ ദില്‍സ എക്ക എന്നിവരാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്യുപ്പെട്ടത്.

ജൂണ്‍ 28നായിരുന്നു സംഭവം. പുറത്തുപോയിരുന്ന വിശ്വനാഥും ദില്‍സയും തിരിച്ച് വീട്ടിലെത്തിയപ്പോള്‍ മകള്‍ പാചകം ചെയ്തിട്ടില്ലെന്നും കന്നുകാലിക്ക് തീറ്റ നല്‍കിയിട്ടില്ലെന്നും കണ്ടതോടെ വലിയൊരു വടിയുപയോഗിച്ച് വിശ്വനാഥ് മകളെ അടിക്കുകയായിരുന്നു. താഴെ വീണ് തലയ്ക്ക് പരുക്കേറ്റ കുട്ടി ഉടൻ തന്നെ മരിച്ചു. മകള്‍ മരിച്ചുവെന്ന് വ്യക്തമായപ്പോള്‍ ഇരുവരും ചേര്‍ന്ന് മൃതദേഹം അടുത്തുള്ള കാട്ടിലെത്തിച്ച് അവിടെ ഉപേക്ഷിച്ചു. ശേഷം പൊലീസ് സ്റ്റേഷനിലെത്തി മകളെ കാണാനില്ലെന്നൊരു പരാതി നല്‍കി. 

ഈ പരാതിയിന്മേല്‍ പൊലീസ് അന്വേഷണം നടത്തിവരികെ,ആഗസ്റ്റില്‍ മകളുടെ അഴുകിയ മൃതദേഹം കണ്ടെത്തിയെന്ന് അറിയിച്ച് ഇരുവരും വീണ്ടും പൊലീസിനെ സമീപിച്ചു. വസ്ത്രങ്ങളും ചെരുപ്പും കണ്ടാണ് മൃതദേഹം മകളുടേതാണെന്ന് ഉറപ്പിച്ചതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. എങ്കിലും സംഭവത്തില്‍ സംശയം തോന്നിയ പൊലീസ് അന്വേഷണം ഇവരിലേക്ക് തന്നെ കേന്ദ്രീകരിച്ചു. 

ഒടുവില്‍ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.  ഇരുവര്‍ക്കുമതിരെ കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും അടക്കമാണ് കേസെടുത്തിരിക്കുന്നത്. 

രാജ്യത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ 2021 ആയപ്പോഴേക്കും മുൻവര്‍ഷത്തെ അപേക്ഷിച്ച് 16.2 ശതമാനം വര്‍ധനവുണ്ടായിരിക്കുന്നുവെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക്. ഒരു ലക്ഷം കുട്ടികള്‍ക്ക് 33.6 എന്ന നിരക്കിലാണ് കുറ്റകൃത്യങ്ങളുടെ തോത്. ഇത് 2020ല്‍ 28.9 ആയിരുന്നു. സിക്കിം ആണ് ഇക്കാര്യത്തില്‍ മുന്നില്‍. രണ്ടാമത് മദ്ധ്യപ്രദേശും എത്തിയിരിക്കുന്നു. 

ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, തെലങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം ഛത്തീസ്ഗഢിലും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ കണക്ക് വര്‍ധിച്ച സംസ്ഥാനങ്ങളുടെ കൂട്ടത്തിലുണ്ട്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളും രാജ്യത്ത് വര്‍ധിച്ചിരിക്കുക തന്നെയാണ്. 

കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസവും സാമൂഹിക സാഹചര്യവും ഉറപ്പ് വരുത്താൻ ഇന്നും നമ്മുടെ രാജ്യത്തിന് സാധിക്കുന്നില്ലെന്നത് തന്നെയാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒപ്പം ഛത്തീസ്ഗഢില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പന്ത്രണ്ടുകാരിയുടെ കൊലപാതകം പോലുള്ള സംഭവങ്ങള്‍ ഈ കണക്കുകളുടെ ദാരുണമായ നേര്‍ക്കാഴ്ചയും ആകുന്നു. 

ചിത്രം: പ്രതീകാത്മകം

Also Read:- കുട്ടികളെ ശാരീരികമായി ശിക്ഷിക്കാറുണ്ടോ? എങ്കില്‍ മാതാപിതാക്കള്‍ അറിയേണ്ടത്...

Latest Videos
Follow Us:
Download App:
  • android
  • ios