പാരാഫീലിയ തിരിച്ചറിയാം, കുട്ടികളെ ലൈംഗിക ചൂഷണത്തിൽ നിന്നും രക്ഷിക്കാം
എല്ലാ സ്ത്രീകളും സെക്സ് ആഗ്രഹിച്ചു മാത്രം ജീവിക്കുന്നവരാണ് എന്ന് ഒരു പുരുഷൻ കരുതുന്നുണ്ട് എങ്കിൽ അയാൾക്ക് കാര്യമായ ലൈംഗിക വൈകൃതം ഉണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. അല്ലാതെ ഇതെല്ലാം പുരുഷന്റെ നോർമൽ സ്വഭാവമാണ് എന്ന് പറഞ്ഞു ന്യായീകരിച്ച് സ്ത്രീകളെ കുറ്റപ്പെടുത്തുകയല്ല വേണ്ടത്.
സ്ത്രീകളുടെ വസ്ത്രധാരണം ശരിയല്ലാത്തതാണ് പുരുഷന്മാർ അവരെ പീഡിപ്പിക്കാൻ കാരണം എന്ന് സമർദ്ധിക്കുന്ന ചില ആളുകൾ ഉണ്ടല്ലോ. കൊച്ചു കുട്ടികളോട് വരെ ലൈംഗിക അതിക്രമം കാണിക്കുന്ന ചിലരുണ്ട്. ആ കുട്ടികളുടെ വേഷമാണോ അപ്പോൾ പ്രശ്നം?
ചെറിയ പ്രായത്തിൽ ലൈംഗിക അതിക്രമം നേരിട്ടിട്ടുള്ള സ്ത്രീകളോട് സംസാരിച്ചതിൽ നിന്നും മനസ്സിലാകുന്നത് അവരുടെ ഏറ്റവും അടുത്ത ബന്ധുവോ അത്ര വിശ്വാസം അവർക്കുണ്ടായിരുന്ന ആളോ ആണ് അവരോട് ഇങ്ങനെ ക്രൂരമായി പെരുമാറിയത് എന്നാണ്.
ഈ പെൺകുട്ടികളുടെ ആത്മവിശ്വാസം തകർത്തു കളയുന്ന രീതിയിൽ അവർ സംസാരിക്കാനും ശ്രമിക്കും. നീ എന്നെ സമ്മതിച്ചതല്ലേ, അപ്പോൾ ഇതെല്ലാം നിന്റെ കുറ്റമാണ്. കൊച്ചുകുട്ടികളോട് ഇതാരോടെങ്കിലും പറഞ്ഞാൽ നിന്റെ അച്ഛനെയും അമ്മയെയും കൊന്നു കളയും, നിന്നെയും കൊല്ലും എന്നൊക്കെ പറഞ്ഞു ഭയപ്പെടുത്താൻ അവർക്ക് ഒരു മടിയുമില്ല. നീ ഇതു പറഞ്ഞാൽ ആരും വിശ്വസിക്കാൻ പോകുന്നില്ല, നീ കാരണം നിന്റെ കുടുംബം തന്നെ ഇല്ലാതെയാകും. കൊച്ചു കുട്ടികൾ അല്ലേ, അവർ ഭയന്നുപോകും. അതും അല്ല അവരുടെ ആ ചെറിയ പ്രായത്തിൽ അവർ ചിന്തിക്കുക- “അപ്പോൾ ഞാൻ നല്ല കുട്ടിയായിരുന്നു എങ്കിൽ എനിക്കിങ്ങനെ ഉണ്ടാവില്ലായിരുന്നു അല്ലേ”. അന്നുമുതൽ എല്ലാം എന്റെ തെറ്റാണ്, ഞാൻ ആണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്നാ പെൺകുട്ടി ചിന്തിച്ചുതുടങ്ങും. മിക്കവരിലും ഇനി ജീവിതത്തിൽ ഉടനീളം എല്ലാ കാര്യങ്ങളിലും എല്ലാം എന്റെ തെറ്റാണ് എന്ന ചിന്ത കടന്നുകൂടിയേക്കാം.
ഈ പെൺകുട്ടികൾ പാവങ്ങളാണ്, ആരും അറിയാതെ അവരെ ഭയപ്പെടുത്തി നിർത്താം എന്ന ദുഷ്ടചിന്തയാണ് അങ്ങനെയുള്ളവരുടെ മനസ്സിലുള്ളത്. ഇത് ഏതു കാലം മുതലാണ് ഇങ്ങനെ സ്ത്രീകൾക്ക് പ്രശ്നങ്ങൾ വരാൻ കാരണം അവർ തന്നെയാണ് എന്ന് സമൂഹം വിശ്വസിച്ചു തുടങ്ങിയതെന്ന് അറിയില്ല. പക്ഷേ മോശമായി പെരുമാറുന്ന പുരുഷനെപ്പറ്റി അയ്യോ അവനൊരു ആണല്ലേ, ആണുങ്ങളാകുമ്പോൾ അങ്ങനെയൊക്കെയാ, ആണുങ്ങൾക്ക് പെട്ടെന്ന് കൈവിട്ടുപോകും- ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നത് ഒരിക്കലും ശരിയല്ല.
അപ്പോൾ സ്ത്രീകളോടും എല്ലാ മനുഷ്യരോടും മാന്യമായി പെരുമാറുന്ന പുരുഷന്മാർ ഈ ലോകത്തുണ്ടെന്നെ കാര്യം ഓർക്കണം. പുരുഷനായാലും സ്ത്രീയായാലും ഒരാൾ മറ്റൊരാളോട് സംസാരിക്കുമ്പോൾ, പെരുമാറുമ്പോൾ പാലിക്കേണ്ട മര്യാദയുണ്ട്. അവർ തമ്മിൽ എന്ത് ബന്ധമാണ് എന്നതിനെ അടിസ്ഥാനമാക്കിയാണത്.
എല്ലാ സ്ത്രീകളും സെക്സ് ആഗ്രഹിച്ചു മാത്രം ജീവിക്കുന്നവരാണ് എന്ന് ഒരു പുരുഷൻ കരുതുന്നുണ്ട് എങ്കിൽ അയാൾക്ക് കാര്യമായ ലൈംഗിക വൈകൃതം ഉണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. അല്ലാതെ ഇതെല്ലാം പുരുഷന്റെ നോർമൽ സ്വഭാവമാണ് എന്ന് പറഞ്ഞു ന്യായീകരിച്ച് സ്ത്രീകളെ കുറ്റപ്പെടുത്തുകയല്ല വേണ്ടത്.
ഈ മനസ്സിൽ തോന്നുന്ന ചിന്തകളെ എല്ലാം നിയന്ത്രണം ഇല്ലാതെ പ്രവർത്തിക്കുന്ന അവസ്ഥ അബ്നോർമൽ ആണ്. ഉദാഹരണത്തിന് ദേഷ്യം വരുമ്പോൾ അവളെ കൊല്ലാനാണ് എനിക്ക് തോന്നിയത് എന്ന് ചിലർ പറയില്ലേ, പക്ഷേ ആ ദേഷ്യത്തിൽ പറയുന്ന വാക്കിനുമപ്പുറം യഥാർത്ഥത്തിൽ അവർ കൊലപാതകം ചെയ്യുകയാണ് എങ്കിൽ എന്താവും അവസ്ഥ.
സ്ത്രീ എന്നാൽ സെക്സ് എന്ന് മാത്രം ചിന്തിക്കുന്നത് ഒരു വൈകൃതം നിറഞ്ഞ ചിന്തയാണ്. അതുപോലെതന്നെ ബൈപോളാർ അഫക്റ്റീവ് ഡിസോർഡർ ഉള്ള ആളുകളിൽ മാനിയ ഫേസിൽ ലൈംഗിക താല്പര്യം അമിതമായി അനുഭവപ്പെടാൻ സാധ്യതയുണ്ട്. ആ സമയം സംസാരിക്കുമ്പോൾ അവർ പറയുന്നത് എന്താണെന്ന് ആലോചിക്കാതെ, വളരെ മോശമായ സംസാരം നടത്താൻ സാധ്യതയുണ്ട്.
ലൈംഗിക വൈകൃതം പല തരത്തിൽ ഉണ്ട്.
● കൊച്ചു കുട്ടികളോട് ലൈംഗിക അതിക്രമം (pedophilia)- ഇത് പോക്സോ കേസ് ചുമത്താവുന്ന വലിയ കുറ്റകൃത്യമാണ്.
● ആൾകൂട്ടം ഉള്ള സ്ഥലങ്ങളിൽ, ഉദാ: ബസിൽ ഒരു വ്യക്തിയുടെ സമ്മദമില്ലാതെ സ്പർഷിക്കുക (frotteurism)
● സ്ത്രീകളെ ഫോണിൽ വിളിച്ച് അശ്ലീലം പറയുക, അശ്ലീല വിഡിയോകളും മെസ്സേജുകളും അയക്കുക (Scatophilia)
● നഗ്നത പ്രദർശിപ്പിക്കുമ്പോൾ ലൈംഗിക ഉത്തേജനം ഉണ്ടാവുക (exhibitionism)
● ഒളിഞ്ഞു നോക്കുക (Voyeurism)
ഇത്തരം ലൈംഗിക വൈകൃതങ്ങൾ എല്ലാം തന്നെ നിയമപാരയാമി വലിയ ശിക്ഷ ലഭിക്കുന്നവയാണ്.
(തിരുവല്ലായിലെ ബ്രീത്ത് മൈൻഡ് കെയറിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ പ്രിയ വർഗീസാണ് ലേഖിക. ഫോൺ നമ്പർ : 8281933323)
ചെറുപ്പകാലത്തിലെ ദുരനുഭവങ്ങൾ വലുതാകുമ്പോൾ എങ്ങനെ ഒരു വ്യക്തിയെ ബാധിക്കും?