'ഒരു ഫോട്ടോ എടുത്തോട്ടെ' എന്ന് ചോദിച്ചപ്പോള്‍ വൃദ്ധന്‍റെ പ്രതികരണം; കണ്ണ് നനയിക്കുന്ന വീഡിയോ
കച്ചവടം നടത്തുന്ന വൃദ്ധനായ ഒരാളോട് ഫോട്ടോഗ്രാഫര്‍ ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കുന്നതാണ് രംഗം. സിഖുകാരനായ വൃദ്ധൻ ചെറിയൊരു സ്റ്റേഷനറി കടയാണ് നടത്തുന്നത്. ചുരുക്കം ഉത്പന്നങ്ങളുമായി പരിമിതമായ അവസ്ഥയിലുള്ളൊരു കച്ചവടം.
നിത്യവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. നമ്മെ ചിരിപ്പിക്കുന്ന തമാശകള്‍, രസകരമായ സംഭവങ്ങള്‍, ആസ്വദിക്കാവുന്ന തരത്തിലുള്ള കലാപ്രകടനങ്ങള്‍ ആവിഷ്കാരങ്ങള്‍ തുടങ്ങി പല ഉള്ളടക്കങ്ങളും ഇങ്ങനെയുള്ള വൈറല്‍ വീഡിയോകളില്‍ വരാറുണ്ട്.
ചില വീഡിയോകള്‍ പക്ഷേ ഒരു മനുഷ്യൻ എന്ന തരത്തില്‍ മാത്രം നമ്മെ സ്പര്‍ശിച്ച് കടന്നുപോകാറുണ്ട്. കണ്ടുകഴിഞ്ഞാലും അത്ര പെട്ടെന്നൊന്നും മറന്നുപോകാത്ത, ആഴത്തില്‍ മനസിനെ തൊടുന്ന രംഗങ്ങള്‍.
അത്തരത്തിലൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. കച്ചവടം നടത്തുന്ന വൃദ്ധനായ ഒരാളോട് ഫോട്ടോഗ്രാഫര്‍ ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കുന്നതാണ് രംഗം. സിഖുകാരനായ വൃദ്ധൻ ചെറിയൊരു സ്റ്റേഷനറി കടയാണ് നടത്തുന്നത്. ചുരുക്കം ഉത്പന്നങ്ങളുമായി പരിമിതമായ അവസ്ഥയിലുള്ളൊരു കച്ചവടം.
ആദ്യം ഒന്നുരണ്ട് സാധനങ്ങള്‍ വാങ്ങിച്ച ഫോട്ടോഗ്രാഫര്‍ സുതേജ് പന്നു, ഇതിന് ശേഷം അദ്ദേഹത്തിന്‍റെ ഫോട്ടോ പകര്‍ത്തുന്നതിന് അനുമതി തേടുകയായിരുന്നു. ഇത് കേട്ടയുടൻ തന്നെ ആദ്യം ഇദ്ദേഹത്തിനൊരു അവിശ്വസനീയതയാണ് തോന്നുന്നത്. തന്‍റെ ഫോട്ടോയോ എന്നാണ് ഇദ്ദേഹം തിരിച്ച് ചോദിക്കുന്നത്. ശേഷം അപ്പോള്‍ തന്നെ അനുമതിയും നല്‍കി.
സുതേജിന്‍റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പിന്നീട് ഇദ്ദേഹം വിവിധ പോസുകള്‍ നല്‍കുന്നതും സുതേജ് പങ്കുവച്ച വീഡിയോയില്‍ കാണാം. എല്ലാം കഴിഞ്ഞ് ഒരു ഫോട്ടോ സുതേജ് പ്രിന്‍റെടുത്ത് ഇദ്ദേഹത്തിന് നല്‍കുകയാണ്. ഇതോടെ ഇദ്ദേഹം അല്‍പം വൈകാരികമായ അവസ്ഥയിലേക്ക് എത്തുകയാണ്.
സ്നേഹവാത്സല്യങ്ങളോടെ ഫോട്ടോഗ്രാഫറെ ചേര്‍ത്തുപിടിച്ച് ഇദ്ദേഹം ജീവിതത്തില്‍ എല്ലാം മംഗളങ്ങളും വരട്ടെയെന്ന് ആശംസിക്കുന്നു. ഈ നിമിഷങ്ങളില്‍ ഇദ്ദേഹത്തിന്‍റെ കണ്ണുകള്‍ നനഞ്ഞിരിക്കുന്നത് നമുക്ക് കാണാൻ സാധിക്കും. വീഡിയോ കണ്ടിരിക്കുന്നവരിലേക്കും വളരെ പെട്ടെന്ന് ഈ നനവ് പടരും. അത്രയും സുതാര്യവും സത്യസന്ധവുമായി വൈകാരികമുഹൂര്‍ത്തമാണ് അത് എന്ന് വീഡിയോ കണ്ടവരെല്ലാം കുറിച്ചിരിക്കുന്നു.
തനിക്കുണ്ടായ സവിശേഷമായ അനുഭവത്തെ കുറിച്ച് ഫോട്ടോഗ്രാഫര്‍ സുതേജും ഏറെ കുറിച്ചിട്ടുണ്ട്. മനുഷ്യന്‍റെ ആത്മീയമായ വളര്‍ച്ചയെ കുറിച്ചും വ്യക്തിത്വം മികച്ചതാകുന്നതിനെ കുറിച്ചും അത് മറ്റുള്ളവരിലേക്ക് പകരുന്ന അനുഭവത്തെ കുറിച്ചുമെല്ലാം സുതേജ് ആവേശപൂര്‍വം കുറിച്ചിരിക്കുന്നു.
സുതേജ് പങ്കുവച്ച, ഹൃദയം തൊടുന്ന ആ വീഡിയോ...