ജീവനോടെയിരിക്കെ സ്വന്തം മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്ത് ഒരാള്‍; ഇതിന് പിന്നിലൊരു കാരണമുണ്ട്...
ജീവനോടെയിരിക്കെ തന്നെ സ്വന്തം മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്ത ഒരു വൃദ്ധനെ കുറിച്ചാണ് വാര്‍ത്ത. ജീവനോടെയിരിക്കുമ്പോള്‍ ഒരാള്‍ക്ക് മരണാന്തര കര്‍മ്മങ്ങള്‍ ചെയ്യുന്നത് തന്നെ അസാധാരണമാണ്. കൂടാതെ അത് സ്വയം തന്നെ ചെയ്തുവെന്നതാണ് ഈ സംഭവത്തിലെ പ്രത്യേകത.
ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ വാര്‍ത്തകള്‍ നമ്മെ തേടിയെത്താറുണ്ട്, അല്ലേ? പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തുന്ന അല്ലെങ്കില്‍ ഞെട്ടിക്കുന്ന- കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങളാണ് ഇത്തരത്തില്‍ വാര്‍ത്തകളിലൂടെ നാം അറിയുക. ഡിജിറ്റല്‍ കാലഘട്ടം കൂടിയായതിനാല്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഉള്‍നാടൻ പ്രദേശങ്ങളില്‍ നിന്ന് പോലും വാര്‍ത്തകളും വിവരങ്ങളും അതിവേഗം പുറംലോകത്തിന് മുമ്പിലെത്തുകയും ചെയ്യും.
സമാനമായ രീതിയില്‍ ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നിന്ന് പുറത്തുവന്നിരിക്കുന്നൊരു വാര്‍ത്തയാണ് വലിയ രീതിയില്‍ ശ്രദ്ധ നേടുന്നത്. ജീവനോടെയിരിക്കെ തന്നെ സ്വന്തം മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്ത ഒരു വൃദ്ധനെ കുറിച്ചാണ് വാര്‍ത്ത. ജീവനോടെയിരിക്കുമ്പോള്‍ ഒരാള്‍ക്ക് മരണാന്തര കര്‍മ്മങ്ങള്‍ ചെയ്യുന്നത് തന്നെ അസാധാരണമാണ്. കൂടാതെ അത് സ്വയം തന്നെ ചെയ്തുവെന്നതാണ് ഈ സംഭവത്തിലെ പ്രത്യേകത.
ജാട്ട ശങ്കര്‍ എന്ന വൃദ്ധനാണ് ഇത്തരത്തില്‍ വിചിത്രമായ പെരുമാറ്റത്തെ തുടര്‍ന്ന് ശ്രദ്ധ നേടിയിരിക്കുന്നത്. ഇദ്ദേഹമിത് ചെയ്യാൻ ഒരു കാരണവുമുണ്ട്. മറ്റൊന്നുമല്ല, ഏറെ കാലമായി ഭാര്യയടക്കമുള്ള കുടുംബാംഗങ്ങളുമായി സ്വരച്ചേര്‍ച്ചയില്‍ അല്ല ഇദ്ദേഹം. ഇങ്ങനെ പോയാല്‍ താൻ മരിച്ചുകഴിയുമ്പോള്‍ ഇവര്‍ തന്‍റെ മരണാനന്തര കര്‍മ്മങ്ങള്‍ കൃത്യമായി ചെയ്യില്ല എന്ന തോന്നലാണ് വൃദ്ധനക്കൊണ്ട് ഈ 'കടുംകൈ' ചെയ്യിച്ചതെന്ന് ഗ്രാമത്തിലുള്ളവര്‍ പറയുന്നു.
നേരത്തെ തന്നെ താൻ മരിച്ചുകഴിഞ്ഞാല്‍ എന്തെല്ലാം ചെയ്യണം എന്ന് ഒസ്യത്ത് പോലെ ഇദ്ദേഹം പലരോടും പലതും പറഞ്ഞുവച്ചിരുന്നുവത്രേ. പോരാത്തതിന് രണ്ട് കൊല്ലം മുമ്പ് ഒരു കോണ്‍ക്രീറ്റ് തട്ട് പണിത്, ഇതിലായിരിക്കണം തന്‍റെ കര്‍മ്മങ്ങള്‍ ചെയ്യേണ്ടത് എന്ന് ഏവരോടും ആവശ്യപ്പെടുകയും ചെയ്തു.
ഇപ്പോള്‍ ഭാര്യ മുന്നിയുമായി പുതിയ എന്തോ തര്‍ക്കമുണ്ടായതോടെയാണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്നതിലേക്ക് ഇദ്ദേഹത്തെ നയിച്ചതെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. മരിച്ച് പതിമൂന്നാം നാള്‍ നടത്തുന്ന വലിയ സദ്യയും ഇദ്ദേഹം ഒരുക്കിയത്രേ. സദ്യക്ക് നാട്ടിലുള്ളവരെയെല്ലാം ക്ഷണിക്കുകയും ചെയ്തു. എന്തായാലും അസാധാരണമായ സംഭവം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു എന്ന് തന്നെ പറയാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-