സ്ത്രീധനം വേണ്ട, രാജ്ഞിയെ പോലെ നോക്കാം, എന്നിട്ടും പെണ്ണ് കിട്ടുന്നില്ല; പദയാത്ര നടത്താനൊരുങ്ങി യുവാക്കൾ
ഗ്രാമീണ ചുറ്റുപാടില്‍ ജീവിക്കാന്‍ പെണ്‍കുട്ടികളും മക്കളെ അത്തരം സാഹചര്യങ്ങളിലേക്ക് വിവാഹം ചെയ്ത് അയക്കാന്‍ അവരുടെ മാതാപിതാക്കളും തയ്യാറാവാത്തതാണ് തങ്ങള്‍ക്ക് പ്രതിസന്ധിയാവുന്നതെന്ന് യുവ കര്‍ഷകര്‍ പറയുന്നു.
മൈസൂരു: എന്തൊക്കെ ചെയ്തിട്ടും കല്യാണം കഴിക്കാനാവാത്ത ദുഃഖത്തിലാണ് കര്‍ണാടകയിലെ ഒരുകൂട്ടം യുവ കര്‍ഷകര്‍. പല വഴികള്‍ നോക്കിയിട്ടും പല വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും തങ്ങള്‍ക്ക് വിവാഹം ചെയ്യാന്‍ ചെയ്യാന്‍ യുവതികളെ കിട്ടാത്ത പ്രശ്നം പരിഹരിക്കാന്‍ ഇനി ദൈവം തന്നെ ഇടപെട്ടേ പറ്റൂ എന്നാണ് ഇവരുടെ അഭിപ്രായം. അതുകൊണ്ടു തന്നെ വിവാഹ പ്രശ്നത്തിന് ദൈവിക ഇടപെടല്‍ തേടി അടുത്ത മാസം മാണ്ഡ്യയിലെ തീര്‍ത്ഥാന കേന്ദ്രത്തിലേക്ക് പദയാത്ര നടത്താനിരിക്കുകയാണ് ഇവര്‍.
കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ കാരണത്താല്‍ യുവാക്കളുടെ മറ്റൊരു സംഘം പദയാത്ര നടത്തിയിരുന്നു. ഗ്രാമീണ അന്തരീക്ഷത്തില്‍ ജീവിക്കാന്‍ ഭൂരിപക്ഷം യുവതികള്‍ക്കും മക്കളെ അത്തരം ചുറ്റുപാടിലേക്ക് വിവാഹം ചെയ്ത് അയക്കാന്‍ അവരുടെ മാതാപിതാക്കള്‍ക്കും താത്പര്യമില്ലാത്തതാണ് തങ്ങള്‍ക്ക് വിവാഹം ചെയ്യാന്‍ യുവതികളെ കിട്ടാത്തതിന്റെ പ്രധാന കാരണമെന്ന് ഇവര്‍ പറയുന്നു. 30 വയസും അതിന് മുകളിലും പ്രായമുള്ളവരാണ് ഫെബ്രുവരിയില്‍ ചാമരാജനഗര്‍ ജില്ലയില്‍ നടന്ന പദയാത്രയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരുമെന്ന് അന്ന് നേതൃത്വം നല്‍കിയവരില്‍ ഒരാള്‍ പ്രതികരിച്ചു.
അഖില കര്‍ണാടക ബ്രഹ്മചാരിഗള സംഘ, എന്ന വിവാഹം നടക്കാത്തവരുടെ സംഘടനയുടെ പേരിലാണ് ഡിസംബര്‍ മാസത്തില്‍ അടുത്ത പദയാത്ര നടക്കാനിരിക്കുന്നത്. ആദിചുഞ്ചാനിഗിരി മഠത്തിലേക്കാണ് ഈ യാത്ര. മഠത്തിലെ നിര്‍മലാനന്ദനാഥ സ്വാമിയെ സന്ദര്‍ശിച്ചെന്നും യാത്രയ്ക്ക് അദ്ദേഹം അനുമതി നല്‍കിയിട്ടുണ്ടെന്നും അഖില കര്‍ണാടക ബ്രഹ്മചാരിഗള സംഘയുടെ സ്ഥാപകന്‍ കെ.എം ശിവപ്രസാദ് പറഞ്ഞു. യുവതികള്‍ വിവാഹത്തിന് തയ്യാറാവാത്ത പ്രശ്നത്തെക്കുറിച്ച് സമൂഹത്തില്‍ അവബോഘം സൃഷ്ടിക്കുകയാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ സ്ത്രീധനം ചോദിക്കുന്നില്ല. അവരെ രാജ്ഞികളെ പോലെ നോക്കും. എന്നിട്ടും തങ്ങളുടെ മക്കളെ ഞങ്ങള്‍ക്ക് വിവാഹം ചെയ്ത് തരാന്‍ ഒരു കുടുംബവും തയ്യാറാവുന്നില്ല. അതുകൊണ്ടു തന്നെ ജനങ്ങളില്‍ ഈ പ്രശ്നത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഈ പദയാത്രയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫെബ്രുവരിയില്‍ നടന്ന പദയാത്രയുടെ സംഘാടകന്‍ സന്തോഷ് അഭിപ്രായപ്പെട്ടു.
Read also: ഹിജാബ് നിരോധനത്തിൽ നിലപാട് മാറ്റി കർണാടക സർക്കാർ; തല മറക്കുന്ന എല്ലാ വസ്ത്രവും വീണ്ടും നിരോധിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...