'തേടിവരും കണ്ണുകളിൽ' 2-ാം തവണ മലകയറി, ഇത്തവണ, പ്രാര്‍ത്ഥന സഫലം, ഒരായിരം അയ്യപ്പൻമാരുടെ മുമ്പിൽ സംഗീതാര്‍ച്ചന
രാമനാട്ടുക്കര ശ്രീരാഗം മ്യൂസിക് ബാന്റ് അവതരിപ്പിച്ച ഗാനസന്ധ്യയിലാണ് കുഞ്ഞ് നാദം സന്നിധാനത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
സന്നിധാനം: ശബരിമലയിൽ നേര്‍ച്ചയുമായി ഒരായിരം ഭക്തര്‍ എത്താറുണ്ട്. അത് സ്വര്‍ണവും വെള്ളിയും പണവും ആടുമാടുകൾ തുടങ്ങി എന്തുമാകാം. അയ്യപ്പന് മുന്നിൽ നേര്‍ച്ച വയ്ക്കാൻ കലാകാരൻമാര്‍ എത്തുന്നത് അവരുടെ സൃഷ്ടികളുമായാണ്. ചിത്രം വരച്ചും കലാപാരിപാടികൾ അവതരിപ്പിച്ചും അവര്‍ മടങ്ങും. ഇത്തവണത്തെ ശബരിമല സന്നിധാനത്തെ തിരക്കുകൾക്കിടയിലും ഒരു സംഗീതാർച്ചന ഏറെ ശ്രദ്ധ നേടി.
അയ്യപ്പന് മുന്നില്‍ നേര്‍ച്ചയായി പാട്ട് പാടി താരമായത് നാലാം ക്ലാസ്സുകാരിയായ മാളികപ്പുറം പ്രാര്‍ത്ഥന അജയനാണ്. സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തില്‍ കോഴിക്കോട് രാമനാട്ടുക്കര ശ്രീരാഗം മ്യൂസിക് ബാന്റ് അവതരിപ്പിച്ച ഗാനസന്ധ്യയിലാണ് കുഞ്ഞ് നാദം സന്നിധാനത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇരുമുടി കെട്ടുമായി കോഴിക്കോട് നിന്ന് അച്ഛന്‍ അജയന്റെ ഒപ്പം രണ്ടാം തവണയാണ് പ്രാര്‍ത്ഥന മലകയറുന്നത്.
നാനാ ഭാഗങ്ങളിലെ ഭക്തജനങ്ങളുടെ കൈയടിക്ക് മുന്നില്‍ അയ്യപ്പന് വേണ്ടി തേടിവരും കണ്ണുകളില്‍... എന്ന ഗാനവും കണ്ണന് വേണ്ടി ചെത്തി മന്ദാരം തുളസിയും പാടി പതിനെട്ടാം പടിയും കയറിയാണ് പ്രാര്‍ത്ഥന മടങ്ങിയത്. കോഴിക്കോട് വെനര്‍നി ഹൈ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് പ്രാര്‍ത്ഥന. ഒമ്പത് വയസ്സാണ് പ്രായം. ഒരു വര്‍ഷത്തോളമായി പാട്ട് പഠിക്കുന്നു. ശ്രീജിത്ത് മാടംമ്പത്താണ് മ്യൂസിക് ബാന്റിന് നേതൃത്വം കൊടുക്കുന്നത്. ബാന്റിന്റെ എട്ടംഗ സംഘവും വേദിയില്‍ ഗാനങ്ങള്‍ ആലപിച്ചു.
അയ്യപ്പ സന്നിധിയില്‍ വില്ലടിച്ചാംപ്പാട്ട് അവതരിപ്പിച്ച് ശ്രീസെല്‍വം സംഘം
പുരാതന അനുഷ്ഠാനകലയായ വില്ലടിച്ചാംപ്പാട്ടാണ് ഇന്ന് അയ്യന്റെ തിരുമുറ്റത്തെത്തിയത്. 2021 ല്‍ ഫോക്‌ലോര്‍ അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം നേടിയ നാരായണ ചെട്ടിയാരുടെയും പ്രധാന വാദ്യോപകരണമായ വില്ല് കൈകാര്യം ചെയ്യുന്ന ടി. ശിവകുമാറിന്റെയും നേതൃത്ത്വത്തിലുള്ള ആലപ്പുഴ കായംങ്കുളത്തെ ശ്രീസെല്‍വം വില്പ്പാട്ട് സമിതിയാണ് സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തില്‍ അന്യം നിന്ന് പോവുന്ന പാരമ്പര്യ കല അവതരിപ്പിച്ചത്.
പണ്ട് തെക്കന്‍ തിരുവിതാംകൂറിലെ സംസാരഭാഷയായ തമിഴ് മലയാളം ഇടകലര്‍ന്ന ചെന്തമിഴ് ഭാഷയില്‍ രചിക്കപ്പെട്ട പാട്ടുകളിലൂടെയാണ് കലയുടെ അവതരണം. ശാസ്താംകഥ, ദേവികഥ, ഇരവികുട്ടന്‍പിള്ള പോര്, നീലികഥ, യക്ഷികഥ തുടങ്ങി 150ല്‍ പരം വാമൊഴി കഥകളാണ് വില്പ്പാട്ടിലൂടെ പാടുന്നത്. തമിഴ്‌നാട്ടില്‍ വില്ലിശ്ശ് എന്ന പേരിലാണ് വില്ലടിച്ചാംപ്പാട്ട് അറിയപ്പെടുന്നത്.
പനയുടെ കതിര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച് അതില്‍ കുടമണിയും ചേര്‍ത്ത് രൂപപ്പെടുത്തുന്ന വില്ല് ഉപകരണം, തബല, കുടം, വീശുകോല്‍, കൈമണി, ഗഞ്ചിറ, ശ്രുതിപ്പെട്ടി തുടങ്ങിയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് വില്ലടിച്ചാംപ്പാട്ട് കല അവതരപ്പിക്കുന്നത്. ഏഴംഗ സംഘമാണ് സന്നിധാനത്ത് അവതരണം നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം