'ലെയ്സ്' പാക്കറ്റ് മോഡൽ ലെതർ ബാഗ്; വില 1.40 ലക്ഷം രൂപ!
ഇപ്പോഴിതാ ലെയ്സ് പ്രേമികള്‍ക്കിടയില്‍ തരംഗമായിരിക്കുകയാണ് 'ലെയ്സ്' പാക്കറ്റ് മോഡൽ ലെതർ ബാഗ്. കണ്ടാല്‍ 'ലെയ്സ്' പാക്കറ്റ് ആണെന്നേ തോന്നൂ.
മിക്കവരുടെയും ഇഷ്ട ഭക്ഷണമാണ് പൊട്ടാറ്റോ ചിപ്സ് അഥവാ ഉരുളക്കിഴങ്ങ് ചിപ്സ്. അതില്‍ തന്നെ 'ലെയ്സ്' കമ്പനിയുടെ പൊട്ടാറ്റോ ചിപ്സിന് ആരാധകര്‍ ഏറെയാണ്. പല ഫ്ലേവറുകളില്‍ ഇവ വിപണിയില്‍ ലഭ്യമാണ്. ടൊമാറ്റോ, ഓനിയൻ, ചില്ലി അങ്ങനെ പല ഫ്ലേവറുകളില്‍ ഇവ ലഭ്യമാണ്. വിലയാണെങ്കില്‍, അഞ്ചോ പത്തോ രൂപ മാത്രം ആണ്. ഇവയുടെ പാക്കറ്റുകള്‍ കാണാന്‍ തന്നെ നല്ല കളര്‍ഫുളളാണ്.
ഇപ്പോഴിതാ ലെയ്സ് പ്രേമികള്‍ക്കിടയില്‍ തരംഗമായിരിക്കുകയാണ് 'ലെയ്സ്' പാക്കറ്റ് മോഡൽ ലെതർ ബാഗ്. 'ലെയ്സ്' പാക്കറ്റ് പോലെ തോന്നുന്ന ബാഗാണിത്. ഒറ്റ നോട്ടത്തില്‍ 'ലെയ്സ്' പാക്കറ്റ് ആണെന്നേ തോന്നൂ. ലെയ്സ് ചിപ്സുകളോടു കൂടിയ ഒരു പാക്കറ്റിന് 10 രൂപയാണ് വില എങ്കില്‍ ചിപ്സ് ഇല്ലാത്ത ഈ 'ലെയ്സ്' പാക്കറ്റ് മോഡൽ ലെതർ ബാഗിന്‍റെ വില 1.40 ലക്ഷം രൂപയാണ്.
ലോകത്തെ മികച്ച ഫാഷൻ ഹൗസായ ബലെൻസിയാഗയാണ് ഈ ബാഗ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. പെപ്‌സികോയും ബലെൻസിയാഗ ക്രിയേറ്റീവ് ഡിസൈനർ ഡെംനയും സഹകരിച്ചാണ് ലെയ്സ് പൊട്ടറ്റോ ചിപ്സ് പാക്കുകളോട് സാമ്യമുള്ള ഈ ബാഗുകള്‍ നിർമിച്ചിരിക്കുന്നത്. വീഡിയോ ഡെംന തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. പാരീസ് ഫാഷന്‍ വീക്കിലാണ് ഈ ബാഗ് അവതരിപ്പിച്ചത്. എന്തായാലും സംഭവം ഫാഷന്‍ പ്രേമികള്‍ക്ക് ഇഷ്ടപ്പെട്ടിരിക്കുകയാണ്.
ലെയ്സ് തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലും ബലൻസിയാഗ ബാഗിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. രസകരമായ കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ വന്നത്. ഇതിപ്പോള്‍ ബാഗിനൊപ്പം ചിപ്സും കൂടി കിട്ടുമോ എന്നാണ് പലരും ചോദിക്കുന്നത്. ഈയടുത്ത് ബലെൻസിയാഗ കമ്പനി ലോകത്തിലെ ഏറ്റവും ചെലവേറിയ മാലിന്യ സഞ്ചിയും നിർമ്മിച്ചിരുന്നു. 1,47,00 രൂപയായിരുന്നു അതിന്‍റെ വില.