'പണം കാണുമ്പോള്‍ പഴയത് മറക്കില്ല'; മൺസൂണ്‍ ബമ്പര്‍ വിജയി ബേബി ചേച്ചിയുടെ മനസിന് ബിഗ് സല്യൂട്ട്
'ചായക്ക് പൈസ തികഞ്ഞില്ലെങ്കില്‍ ഞാനും ഓളും കൂടിയാണ് ചായ പങ്കുവെക്കാറ്. ചായക്കുള്ള പലഹാരവും പൈസയില്ലെങ്കില്‍ ഞങ്ങള്‍ പരസ്പരം പങ്കുവെക്കും. പൈസ കൊടുക്കാന്‍ ഇല്ലാത്തതുതന്നെ കാരണം. ഇല്ലായ്മയില്‍ പരസ്പരം പങ്കുവെച്ചവരാണ് ഞങ്ങള്‍. ഞങ്ങളതില്‍ സംതൃപ്തരായിരുന്നു. ലോട്ടറി ടിക്കറ്റെടുക്കാന്‍ ഇന്‍റെ കയ്യില്‍ പൈസയുണ്ട്- ഓളെടുത്ത് പൈസയില്ല. ഞാനപ്പോള്‍ അവളുടേയും കൂടിയെടുത്തു. സമ്മാനമടിച്ചാല്‍ പഴയതൊക്കെ മറക്കുന്നവരുണ്ടാകാം. പണം കണ്ട് ബന്ധങ്ങള്‍ മറക്കുന്നവരുണ്ടാകാം. ഇനിക്കതിനാവൂല. ഞാന്‍ അതിജീവിച്ചത് അവളുംകൂടി തന്നിട്ടാ....'.
ഈ വര്‍ഷത്തെ മണ്‍സൂണ്‍ ബമ്പര്‍ വിജയികളായത് മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ ഹരിതകര്‍മ്മ സേന പ്രവര്‍ത്തകരായ സ്ത്രീകളാണ്. 11 പേര്‍ ചേര്‍ന്നാണ് 250 രൂപയുടെ ടിക്കറ്റെടുത്തത്. ഒന്നാം സമ്മാനമായ പത്ത് കോടിയാണ് ഇവര്‍ക്ക് അടിച്ചത്.
സാമ്പത്തിക പ്രയാസങ്ങള്‍ ഏറെ നേരിടുന്ന ഇവരെ തന്നെ ഭാഗ്യം തേടിയെത്തിയത് ഏവര്‍ക്കും സന്തോഷം പകര്‍ന്ന വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഈ പതിനൊന്ന് പേരിലൊരാളായ ബേബി എന്ന ഹരിതകര്‍മ്മ സേന പ്രവര്‍ത്തകയെ കുറിച്ച് പരപ്പനങ്ങാടി മലബാര്‍ കോ-ഓപ്പറേറ്റീവ് കോളേജ് പ്രിൻസിപ്പള്‍ സതീഷ് തോട്ടത്തില്‍ പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് വൻ കയ്യടി നേടുകയാണ്.
പണം വരുമ്പോഴും വന്ന വഴി മറന്നുപോകാൻ പാടില്ലെന്ന വലിയ ഓര്‍മ്മപ്പെടുത്തലാണ് ബേബി നടത്തുന്നത്. അവരുടെ വാക്കുകള്‍ ഏറെ ആദരവ് അര്‍ഹിക്കുന്നതാണെന്നും ഇവരെയൊക്കെയാണ് മാതൃകയാക്കേണ്ടതെന്നും സതീഷ് തോട്ടത്തിലിന്‍റെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് പലരും കുറിച്ചിരിക്കുന്നു.
സതീഷ് തോട്ടത്തില്‍ എഴുതിയത് വായിക്കൂ...
ലോട്ടറിയുടെ പത്ത് കോടി പങ്കിട്ടതില്‍ ഒരാളായ ബേബിയേടത്തി കോളേജില്‍ വന്നപ്പോള്‍ തമാശയെന്നോണം ഞാന്‍ ബേബിയേച്ചിയോട് ചോദിച്ചു,
'അല്ല ബേബ്യേച്ചീ ഈ പണി നിര്‍ത്താന്ന് കേട്ടു. ശരിയാണോ ?..'
'ആര് പറഞ്ഞൂ, എന്‍റെ ഇല്ലായ്മയില്‍ കോളേജും മുന്‍സിപ്പാലിറ്റിയുമൊക്കെയെനിക്ക് താങ്ങായിട്ടുണ്ട്... ഇപ്പഴും താങ്ങാണ്. എത്ര ലക്ഷം കിട്ടിയാലും അതൊന്നും മറക്കാനാവൂല. ഈ ചെയ്യുന്ന ജോലിയില്‍ അഭിമാനമേയുള്ളൂ... അതുകൊണ്ടല്ലേ ഈ പണിയില്‍ വീണ്ടും തുടരണത്...'
വര്‍ത്താനത്തിനിടയില്‍ ബേബിയേച്ചിയുടെ കണ്ണുനിറഞ്ഞു.
'മോന് മൂന്ന് വയസ്സായപ്പോഴാണ് ഭര്‍ത്താവ് മരിച്ചത്. ഇന്‍റെ പ്രായമന്ന് പതിനെട്ടാണ്. പിന്നീടങ്ങോട്ട് ജീവിതദുരിതങ്ങള്‍ ഒറ്റക്ക് പേറുകയായിരുന്നു. മൊത്തമിരുട്ടായിരുന്നു. ആരേയും ആശ്രയിക്കാതെയാണ് അവനെ വളര്‍ത്തിയതും വലുതാക്കിയതും. ഓരോരോയിടങ്ങളില്‍ ജോലിചെയ്തുകൊണ്ടാണ് നിത്യജീവിതം അതിജീവിച്ചത്. മകനും ഭാര്യയും കുട്ടികളുമടക്കം അംഗങ്ങള്‍ അഞ്ചായി. മഴ പെയ്താല്‍ തൊടിയില്‍ വെള്ളം കയറും. അത് ജനലോളമെത്തും. ഈ തുകയില്‍നിന്നും വീടൊന്ന് മാറ്റിപണിയണം വെള്ളംകയറാത്ത സുരക്ഷിതയിടത്തേക്ക്...'- അതാണ് ആദ്യത്തെ ആഗ്രഹം.
ഇതൊന്നുമല്ല ബേബിയേച്ചിയില്‍ ഞാന്‍ കണ്ട മാനവികത. ബേബിയേച്ചിതന്നെ അതു പറയും.
'ലോട്ടറിക്കാരന്‍ ടിക്കറ്റുമായ് വന്നപ്പോള്‍ ഞാനും എന്‍റെ ഒരു ബന്ധുവും മാത്രമേയുണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാവരും അപ്പുറത്തായിരുന്നു. എന്‍റെ കയ്യില്‍ ടിക്കറ്റിനുള്ള 25 രൂപയുണ്ട്, ബന്ധുവിന്‍റെ കയ്യില്‍ അതുമില്ല. അവളുടെ കൂടി പൈസ ഞാന്‍ കൊടുത്തു. ബാക്കി ഒന്‍പത് പേരും കൂടി ചേര്‍ത്ത് 250രൂപയുടെ ഒരു ടിക്കറ്റെടുത്തു. ഫലം വന്നപ്പോള്‍ വിശ്വസിച്ചില്ല. ഒടുവില്‍ വിശ്വസിച്ചപ്പോള്‍ കരച്ചില്‍വന്നു...'
ബന്ധുവിന്‍റെ പൈസയും ബേബിയേച്ചിയല്ലേ കൊടുത്തത്. സമ്മാനം കിട്ടിയപ്പോള്‍ അവരെ അവഗണിക്കാന്‍ തോന്നിയോ?
'ഏയ്...ഒരിക്കലും തോന്നിയില്ല. ചായക്ക് പൈസ തികഞ്ഞില്ലെങ്കില്‍ ഞാനും ഓളും കൂടിയാണ് ചായ പങ്കുവെക്കാറ്. ചായക്കുള്ള പലഹാരവും പൈസയില്ലെങ്കില്‍ ഞങ്ങള്‍ പരസ്പരം പങ്കുവെക്കും. പൈസ കൊടുക്കാന്‍ ഇല്ലാത്തതുതന്നെ കാരണം. ഇല്ലായ്മയില്‍ പരസ്പരം പങ്കുവെച്ചവരാണ് ഞങ്ങള്‍. ഞങ്ങളതില്‍ സംതൃപ്തരായിരുന്നു. ലോട്ടറി ടിക്കറ്റെടുക്കാന്‍ ഇന്‍റെ കയ്യില്‍ പൈസയുണ്ട്- ഓളെടുത്ത് പൈസയില്ല. ഞാനപ്പോള്‍ അവളുടേയും കൂടിയെടുത്തു. സമ്മാനമടിച്ചാല്‍ പഴയതൊക്കെ മറക്കുന്നവരുണ്ടാകാം. പണം കണ്ട് ബന്ധങ്ങള്‍ മറക്കുന്നവരുണ്ടാകാം. ഇനിക്കതിനാവൂല. ഞാന്‍ അതിജീവിച്ചത് അവളുംകൂടി തന്നിട്ടാ....'.
ബേബിയേച്ചിക്ക് വിദ്യാഭ്യാസമൊക്കെ നന്നേ കൊറവാ. എന്നിട്ടും അവരുടെ മാനുഷികതയും മാനവികതയുമെല്ലാം പാഠമാകണം. മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്ന പാഠം....
Also Read:- ക്യാൻസര്‍ ബാധിച്ചതിന് ശേഷം വീണ്ടും ഒരസുഖം കൂടി; വിവരങ്ങള്‍ പങ്കിട്ട് നടി ഛവി മിത്തല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-