പുതിയ വെളിപ്പെടുത്തലുമായി ചെറുപ്പം നിലനിര്‍ത്താൻ ഗുളിക കഴിക്കുന്ന കോടീശ്വരൻ...
ചെറുപ്പമായിക്കൊണ്ടിരിക്കുന്ന തന്‍റെ രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്ലാസ്മ കയറ്റിയതിനെ തുടര്‍ന്ന് തന്‍റെ അച്ഛന്‍റെ പ്രായവും കുറഞ്ഞിരിക്കുന്നു എന്നാണ് ബ്രയാൻ അറിയിക്കുന്നത്.
ചെറുപ്പം നിലനിര്‍ത്താനായി മരുന്ന് കഴിക്കുന്ന കോടീശ്വരനെ കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങള്‍? വാര്‍ത്തകളിലൂടെ പലര്‍ക്കും അറിയാമായിരിക്കും ബ്രയാൻ ജോൺസൺ എന്ന നാല്‍പത്തിയഞ്ചുകാരനെ. നൂതനമായ ചികിത്സയിലൂടെയും ടെക്നോളജിയുടെ സഹായത്തോടെയുമെല്ലാം തന്‍റെ പ്രായം 18 ആക്കുകയാണ് ബ്രയാന്‍റെ ലക്ഷ്യം.
ഇങ്ങനെ ചികിത്സയിലൂടെ നിലവില്‍ തന്‍റെ ശരീരം മുപ്പത്തിയേഴുകാരന്‍റേതാക്കി മാറ്റിയിട്ടുണ്ടെന്നാണ് ബ്രയാൻ വാദിക്കുന്നത്. ഇനിയും തന്‍റെ പരിശ്രമം തുടരും ആന്തരീകാവയവങ്ങളെല്ലാം പതിനെട്ട് വയസിലെ എന്ന പോലെയാകും വരെ ചികിത്സയില്‍ നില്‍ക്കും എന്നാണ് ബ്രയാൻ അറിയിച്ചിരുന്നത്.
ഇപ്പോഴിതാ പുതിയൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രയാൻ ജോൺസൺ. ചെറുപ്പമായിക്കൊണ്ടിരിക്കുന്ന തന്‍റെ രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്ലാസ്മ കയറ്റിയതിനെ തുടര്‍ന്ന് തന്‍റെ അച്ഛന്‍റെ പ്രായവും കുറഞ്ഞിരിക്കുന്നു എന്നാണ് ബ്രയാൻ അറിയിക്കുന്നത്.
എഴുപത്തിയൊന്നുകാരനായ അച്ഛന് ഇരുപത്തിയഞ്ച് വയസോളം കുറഞ്ഞു. ഇപ്പോള്‍ അച്ഛൻ നാല്‍പത്തിയാറിലെത്തിയാണ് നില്‍ക്കുന്നത് എന്നാണ് ബ്രയാൻ അറിയിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ബ്രയാൻ ഇക്കാര്യം അറിയിച്ചത്. അച്ഛനൊപ്പമുള്ള ഫോട്ടോയും ബ്രയാൻ പങ്കുവച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ നിരവധി പേരാണ് ബ്രയാന്‍റെ പോസ്റ്റിനോട് പ്രതികരണമറിയിക്കുന്നത്.
അധികപേരും ബ്രയാനെ പരിഹസിക്കുന്ന വാക്കുകള്‍ തന്നെയാണ് പോസ്റ്റിന് താഴെ പങ്കുവയ്ക്കുന്നത്. രക്തം നല്‍കാൻ താല്‍പര്യമുണ്ടോ, എന്താണ് വില എന്നുമെല്ലാം നിരവധി പേരാണ് കമന്‍റിലൂടെ ചോദിക്കുന്നത്.
വര്‍ഷത്തില്‍ 15 കോടിയിലധികം രൂപയാണ് ബ്രയാൻ തന്‍റെ ചെറുപ്പം കാത്തുസൂക്ഷിക്കുന്നതിനായി ചെലവിടുന്നത്. ദിവസവും 111 ഗുളികകള്‍ കഴിക്കുന്നു. ടെക്നോളജിയുടെയും വിദഗ്ധരുടെയും സഹായത്തോടെ പുതിയ തരം ചികിത്സാരീതികള്‍ വേറെയും. ഒരു സംഘം ഡോക്ടര്‍മാരും ഇതിനായി എപ്പോഴും ബ്രയാന്‍റെ സഹായത്തിന് കൂടെയുണ്ടാകും. ഇവരുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത 'ബ്ലൂപ്രിന്‍റ്' എന്ന സംവിധാനമാണത്രേ പ്രായം കുറയ്ക്കുന്നതിന് ബ്രയാനെ സഹായിക്കുന്നത്.
ഇതിനോടകം തന്നെ 'ബ്ലൂപ്രിന്‍റ്' തന്‍റെ എല്ലുകള്‍ മുപ്പതുകാരന്‍റെ ശരീരനിലവാരത്തിലേക്ക് എത്തിയിട്ടുണ്ടെന്നും ഹൃദയം മുപ്പത്തിയേഴ് വയസിലെ എന്ന പോലെ ആണ് എത്തിച്ചിരിക്കുന്നതെന്നും ബ്രയാൻ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-