ആതിരയുടെയും അരുണിന്‍റെയും ആത്മഹത്യ; നാം ഇനിയും പഠിച്ചിട്ടില്ലാത്ത പാഠങ്ങള്‍...

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടൊരു സംഭവമായിരുന്നു കോട്ടയം കടുത്തുരുത്തി സ്വദേശി ആതിരയുടെ ആത്മഹത്യ. മുൻ സുഹൃത്തായ അരുണ്‍ വിദ്യാധരൻ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കാരണത്താലാണ് ആതിര ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെ ഇന്ന് അരുണിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഈ സംഭവത്തിന്‍റെയും അടുത്ത കാലങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രണയപ്പകയുമായി ബന്ധപ്പെട്ട് സംഭവിച്ച കുറ്റകൃത്യങ്ങളുടെയും പശ്ചാത്തലത്തില്‍ എങ്ങനെ 'പോസിറ്റീവ്' ആയ രീതിയില്‍ ബ്രേക്കപ്പിനെ അല്ലെങ്കില്‍ ബന്ധങ്ങള്‍ വേര്‍പിരിയുന്നതിനെ നേരിടാമെന്നതിനെ കുറിച്ച് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പ്രിയ വര്‍ഗീസ് എഴുതുന്നു...

mental expert writes about love breakup after athira and arun committed suicide hyp

ഒരു കാര്യത്തിനോട് 'നോ' പറയാനും അതുപോലെ ഒരാള്‍ നമ്മളോട് 'നോ' പറഞ്ഞാല്‍ അത് സ്വീകരിക്കാനും നമുക്ക് എത്രമാത്രം കഴിയുന്നുണ്ട്? ഈ ഒരു കഴിവ്  ചെറുപ്പകാലം തൊട്ട് വളര്‍ന്നുവരേണ്ട ഒന്നായി കരുതാം. നമുക്ക് വേണ്ട, എന്ന് തോന്നുമ്പോള്‍ ധൈര്യമായി 'നോ' പറയാനും അത് കേള്‍ക്കുന്നയാള്‍ക്ക് അത് അംഗീകരിക്കാനും ചെയ്യാനുള്ള മെന്‍റാലിറ്റി നമ്മുടെ പുതുതലമുറയ്ക്ക് ഉണ്ടോ പൊതുവെ നമ്മുടെ സമൂഹത്തിലുണ്ടോ എന്നതൊക്കെ നമ്മള്‍ പരിശോധിക്കേണ്ട കാര്യങ്ങളാണ്. 

ആതിരയുടെയും അരുണിന്‍റെയും കേസില്‍ തന്നെ, ആതിര അരുണുമായുള്ള ബന്ധം അവസാനിപ്പിച്ച് അയാളില്‍ നിന്ന് അകന്ന വ്യക്തിയാണ്. അങ്ങനെയാണ് അറിയാൻ സാധിച്ചത്. എന്നാല്‍ ആതിരയുടെ തീരുമാനത്തെ അംഗീകരിക്കാന അരുണിന് സാധിച്ചില്ല. അയാള്‍ അവര്‍ക്കെതിരെ സൈബര്‍ അറ്റാക്ക് നടത്തുകയും ഇതില്‍ മാനസികമായി തകര്‍ന്ന് ആതിര ആത്മഹത്യ ചെയ്യുകയും ചെയ്തു. പിന്നാലെ അരുണിനും ആത്മഹത്യ തന്നെ മാര്‍ഗമെന്ന അവസ്ഥയായി. 

'നോ' പറയാൻ, അത് അംഗീകരിക്കാനുള്ള മനസ്- അതുകൊണ്ട് നമുക്ക് ഒന്നും നഷ്ടപ്പെടാനില്ല. നമ്മള്‍ ആഗ്രഹിക്കുന്നൊരു കാര്യം നമുക്ക് കിട്ടാതെ വരുന്നുവെന്നത് ജീവിതത്തിന്‍റെ അവസാനമല്ല. ഇനിയും ജീവിതത്തില്‍ നമുക്ക് ഒരുപാട് നല്ല കാര്യങ്ങള്‍ വരാനുണ്ട് എന്നൊരു പോസിറ്റീവ് തിങ്കിംഗ് നമുക്ക് ഉണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. ഈ പരിശീലനം കുട്ടിയായിരിക്കുമ്പോള്‍ തന്നെ തുടങ്ങണം.  മാതാപിതാക്കള്‍ കുട്ടികളെ വളര്‍ത്തുമ്പോഴും ഈ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. 

മക്കളൊരു തെറ്റ് ചെയ്താല്‍, അല്ലെങ്കില്‍ പഠിത്തത്തില്‍ മാര്‍ക്ക് കിട്ടാതിരുന്നാല്‍ ഇനി നീ ഒന്നും ചെയ്തിട്ട് കാര്യമില്ല- ഇതുകൊണ്ട് നീ തീരുകയാണ് എന്നുള്ള രീതിയിലൊരു കമ്മ്യൂണിക്കേഷൻ നമ്മള്‍ മക്കള്‍ക്ക് കൊടുക്കുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കണം. ജീവിതത്തിലെ നഷ്ടങ്ങളെ നേരിടാൻ പ്രാപ്തരാക്കിക്കൊണ്ട് വേണം നാം കുട്ടികളെ വളര്‍ത്തിക്കൊണ്ട് വരാൻ. 

 

ആത്മഹത്യ എന്ന ചിന്തയിലേക്ക്..

ഒരു പ്രശ്നം വരുമ്പോള്‍ ആത്മഹത്യ എന്ന ചിന്തയിലേക്ക് എത്തുന്നത് എന്തുകൊണ്ട്? എല്ലാവരും അങ്ങനെ ചിന്തിക്കുന്നുണ്ടോ? അതോ ചില വ്യക്തികള്‍ മാത്രമാണോ അങ്ങനെ ചിന്തിക്കുന്നത്?

നമ്മള്‍ പരിശോധിച്ചാല്‍ നമുക്ക് മനസിലാകും 'ഇംപള്‍സീവ് പേഴ്സണാലിറ്റി' അഥവാ എടുത്തുചാടി പ്രവര്‍ത്തിക്കുന്ന സ്വഭാവരീതിയുള്ളവരായിരിക്കും അധികവും ഒരു പ്രശ്നം വരുമ്പോള്‍ നമുക്ക് അതിനെ നേരിടാം എന്നതിനപ്പുറം നമുക്ക് ജീവിതം അവസാനിപ്പിച്ചുകളയാം, നമുക്ക് ഒരുകാലത്തും ഇത് ശരിയാക്കാൻ കഴിയില്ല, ഇത് നമ്മുടെ കഴിവിനും അപ്പുറമാണ് എന്ന തോന്നലില്‍ ആത്മഹത്യയിലേക്ക് നീങ്ങുന്നത്.  നമുക്ക് അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. അവരുടെ ജീവിതത്തിലെ പല സാഹചര്യങ്ങള്‍ കൊണ്ടും ഈ വ്യക്തിത്വത്തിലേക്ക് അവര്‍ മാറിയതാകാം. 

അവരുടെ കുടുംബസാഹചര്യം, അവരെ വളര്‍ത്തിയ രീതി, സമൂഹത്തില്‍, സ്കൂളില്‍- കോളേജില്‍ ഒക്കെ അവര്‍ നേരിടേണ്ടി വന്ന പല അനുഭവങ്ങള്‍...  ചിലപ്പോള്‍ ഇതൊന്നും പരിഹരിക്കാനുള്ളൊരു കഴിവ് അവരില്‍ വികസിച്ച് വന്നിട്ടുണ്ടാകില്ല. അവരുടെ മനസ് വല്ലാതെ വിഷാദിച്ച് പോകാം. പ്രശ്നങ്ങള്‍ എന്ന് പറഞ്ഞാല്‍ ജീവിതത്തിന്‍റെ അന്ത്യമാണ് എന്നുള്ളൊരു വിഷാദാവസ്ഥയിലേക്ക് അവര്‍ പോയിട്ടുണ്ടാകാം. ഒരിക്കലും തിരിച്ച് ചിന്തിക്കാനുള്ളൊരു അവസരം അവര്‍ക്ക് കിട്ടിയിട്ടുണ്ടായിരിക്കില്ല. 

ഈയൊരു 'ഫ്രസ്ട്രേഷൻ ടോളറൻസ്' നമ്മുടെ കുട്ടികളിലും ഓരോരുത്തരിലും വളര്‍ത്തിക്കൊണ്ട് വരേണ്ടത് അനിവാര്യമാണ്. എടുത്തുചാട്ടമല്ല- മറിച്ച് കുറച്ച് നേരം മനസിനെ ശാന്തമാക്കി, സമാധാനമാക്കി വയ്ക്കാം. ഒരു ബ്രേക്ക് എടുക്കാം.  കുറച്ചുനേരം മറ്റെന്തെങ്കിലും കാര്യങ്ങളെ കുറിച്ച് ചിന്തിച്ച് മനസിനെ 'കാം ഡൗണ്‍' ചെയ്യാൻ നോക്കാം. അതിന് ശേഷം എങ്ങനെ ഈ പ്രശ്നത്തെ പരിഹരിക്കാം എന്നുള്ള 'പ്രോബ്ലം സോള്‍വിംഗ് തിങ്കിംഗ്'  (പ്രശ്ന പരിഹാര ചിന്ത) ആണ് എല്ലാവര്‍ക്കും വേണ്ടത്. 

ആത്മഹത്യ തടയുക എന്നാല്‍ വളരെ പ്രയാസമുള്ള കാര്യമാണ്.  നമ്മള്‍ നമ്മുടെ പ്രശ്നങ്ങള്‍ മറ്റുള്ളവരോട് തുറന്ന് പറയാൻ ആഗ്രഹിക്കാത്തവരാണ്. നമ്മുടെ സുഹൃത്തുക്കളോടോ, അടുപ്പമുള്ളവരോടോ എല്ലാം ഇവ തുറന്ന് പറയാൻ തയ്യാറായാല്‍ - അല്ലെങ്കില്‍ ഒരു സൈക്കോളജിസ്റ്റിനെ സമീപിക്കാൻ ഇവരില്‍ ആരെങ്കിലും ശ്രമിച്ചാല്‍ ആത്മഹത്യ പോലൊരു പ്രശ്നം ഒഴിവാക്കാമെന്ന് തോന്നുന്നു. 

 

ബ്രേക്കപ്പാണെങ്കില്‍ അത് എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കാം. ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ പ്രായത്തിന്‍റേതാണെന്ന് നമുക്ക് പരിഗണിക്കാം. പക്ഷേ എല്ലാ സാഹചര്യങ്ങളും അങ്ങനെയാണോ? പ്രത്യേകിച്ച് വ്യക്തിത്വത്തില്‍ കുറച്ച് എടുത്തുചാട്ടവും, പ്രശ്നങ്ങളെ പരിഹരിക്കാനുള്ള ക്ഷമയും കഴിവും ഇല്ലാത്തവരുടെ പ്രവര്‍ത്തികള്‍. ഇതെല്ലാം തനിയെ അങ്ങ് മാറിക്കോളും എന്ന് കരുതുന്നത് ഭാവിയില്‍ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുക. 

ബോര്‍ഡര്‍ലൈൻ പേഴ്സണാലിറ്റി...

ആത്മഹത്യയെ കുറിച്ച് പറഞ്ഞുവരുമ്പോള്‍ തീര്‍ച്ചയായും ബോര്‍ഡര്‍ലൈൻ പേഴ്സണാലിറ്റി ഡിസോര്‍ഡറിനെ കുറിച്ചും പറയേണ്ടി വരും. ഇതൊരും വ്യക്തിത്വവൈകല്യമാണ്.  ഇങ്ങനെയൊരു സംഭവമുണ്ടാകുമ്പോള്‍ അതില്‍ മരണമടഞ്ഞ വ്യക്തികളെ കളിയാക്കുകയോ മോശമാക്കുകയോ ചെയ്യുന്ന രീതിയിലൊന്നുമല്ല പറയുന്നത്. ഇതിന്‍റെയെല്ലാം പശ്ചാത്തലത്തില്‍ വ്യക്തമായും നമ്മുടെ സമൂഹത്തില്‍ അവബോധമുണ്ടാകേണ്ട വിഷയമായതിനാല്‍ പറയുന്നു എന്ന് മാത്രം. 

പ്രത്യേകിച്ച് കൗമാരക്കാരുടെ കാര്യത്തിലാണ് ബോര്‍ഡര്‍ലൈൻ പേഴ്സണാലിറ്റി കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. കൗമാരത്തിലേ ഇത് തിരിച്ചറിഞ്ഞ് കൈകാര്യം ചെയ്തില്ലെങ്കില്‍ അത് ക്രമേണയുണ്ടാക്കുന്ന സങ്കീര്‍ണതകള്‍ വളരെ വലുതാണ്. 

ബോര്‍ഡര്‍ലൈൻ പേഴ്സണാലിറ്റി ഡിസോര്‍ഡറിന്‍റെ പ്രത്യേകത അവര്‍ക്ക് ആളുകളുമായിട്ടുള്ള വ്യക്തിപരമായ ബന്ധങ്ങളില്‍ സഹകരിച്ച് മുന്നോട്ട് പോകാൻ പ്രയാസമുണ്ടായിരിക്കും. ഭയങ്കര സെൻസിറ്റീവായിട്ടുള്ള ആളുകളായിരിക്കും ഇവര്‍.  മറ്റുള്ളവര്‍ എന്നെ പറ്റി എന്ത് പറയുന്നു എന്നതില്‍ വളരെ സെൻസിറ്റീവായിരിക്കും.  ചില സമയങ്ങളില്‍ മറ്റുള്ളവര്‍ തനിക്കെതിരെയാണെന്ന് പോലും ഇവര്‍ ചിന്തിച്ചെന്ന് വരാം. 

അതുപോലെ ഒരു തിരിച്ചടി വരുന്നുവെന്ന് വയ്ക്കുക. ബ്രേക്കപ്പുണ്ടാകുന്നു, ഒരാള്‍ തന്നെ ഒഴിവാക്കുന്നു, അല്ലെങ്കില്‍ പരീക്ഷയില്‍ തോറ്റുപോകുന്നു ഇങ്ങനെ എന്തെങ്കിലുമൊരു തിരിച്ചടി. അപ്പോള്‍ ഉടനെ ആത്മഹത്യയെന്ന രീതിയില്‍ ഇവര്‍ ചിന്തിക്കാം. 

ചില കുട്ടികള്‍ ഇത്തരം പ്രശ്നങ്ങളില്‍ പെട്ട് സംഘര്‍ഷത്തിലാകുമ്പോള്‍ സ്വന്തം ശരീരം തന്നെ മുറിപ്പെടുത്തും. അപ്പോഴാണ് അവര്‍ക്കൊരു ആശ്വാസം അനുഭവപ്പെടുന്നത്. ബോര്‍ഡര്‍ലൈൻ പേഴ്സണാലിറ്റി പ്രശ്നമൊക്കെ ചികിത്സിക്കാതെയോ കൈകാര്യം ചെയ്യാതെയോ പോകുമ്പോള്‍ ആത്മഹത്യയെന്ന ഭീഷണി അവിടെ നിലനില്‍ക്കുന്നുണ്ട്. അത് പരിഹരിക്കാൻ കഴിയാതെ നമുക്ക് പോകുന്നു. 

 

ചില കേസുകളില്‍ ബോര്‍ഡര്‍ലൈൻ പേഴ്സണാലിറ്റി ഡിസോര്‍ഡറില്‍ മരുന്നുകളുടെ ആവശ്യം വരാം. വല്ലാതെ നിരാശ വന്നാല്‍, കാര്യങ്ങള്‍ കൈവിട്ട് പോകുന്നുവെന്ന അവസ്ഥ വന്നാല്‍ ഒന്നിനും അവരെ രക്ഷിക്കാൻ കഴിയില്ലെന്ന തോന്നലിലേക്ക് അവരറിയാതെ വീണുപോകാം. അത്തരം സാഹചര്യങ്ങളില്‍ മരുന്ന് ആവശ്യമായി വരാം. 

മിക്ക ബോര്‍ഡര്‍ലൈൻ കേസുകളുമെടുത്താല്‍ അവരുടെ ജീവിതം വല്ലാത്ത ദുരിതങ്ങളും വിഷമങ്ങളും ഒറ്റപ്പെടലുകളും ഒഴിവാക്കലുകളുമെല്ലാം കൊണ്ട് നിറഞ്ഞതാണെന്ന് നമുക്ക് മനസിലാകും. സപ്പോര്‍ട്ട് ഇല്ലായ്മ, വീട്ടില്‍ എപ്പോഴും പ്രശ്നങ്ങള്‍- കുറ്റപ്പെടുത്തലുകള്‍ ഒക്കെയാകാം. ഈ സാഹചര്യത്തില്‍ വളരുമ്പോള്‍ അവര്‍ക്കെങ്ങനെ 'നോര്‍മല്‍' ആകാൻ കഴിയും? 

അതുകൊണ്ട് തന്നെ കുട്ടികളെ വളര്‍ത്തുമ്പോള്‍ നമുക്ക് അവര്‍ അവഗണിക്കപ്പെട്ട് പോകാതെ, അവരെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് തന്നെ വളര്‍ത്തി കൊണ്ടുവരാൻ ശ്രമിക്കാം. അവരുടെ ചെറിയ തെറ്റുകളെ അംഗീകരിക്കാൻ നമുക്ക് ശ്രമിക്കാം. 

ബോര്‍ഡര്‍ലൈൻ പേഴ്സണാലിറ്റി ഡിസോര്‍ഡറിനുള്ള ചികിത്സ 'ഡി ബി റ്റി' (ഡയലെക്റ്റല്‍ ബിഹേവിയര്‍ തെറാപ്പി) എന്നൊരു തെറാപ്പിയാണ്. അതില്‍ നമ്മള്‍ പ്രധാനമായും ചെയ്യുന്നത് - നമ്മളവര്‍ക്കൊരു മൂല്യമുണ്ടെന്ന് അവരെ തന്നെ ബോധ്യപ്പെടുത്തുകയാണ്. നിങ്ങള്‍ ജീവിച്ചിരിക്കുന്നതിലൊരു അര്‍ത്ഥമുണ്ട്, നിങ്ങള്‍ക്ക് വിലയുണ്ട് എന്ന ചിന്തയിലേക്ക് അവരെ കൊണ്ടുവരികയാണ്. നിങ്ങളെ ആര് റിജക്ട് ചെയ്താലും നിങ്ങള്‍ എത്ര ഒറ്റപ്പെട്ടാലും നിങ്ങള്‍ക്ക് നിങ്ങളുടേതായ കഴിവുകളുണ്ട് നിങ്ങള്‍ക്ക് ജീവിതത്തില്‍ അതിജീവിക്കാൻ കഴിയും എന്ന രീതിയില്‍ മൂല്യബോധം ഉണ്ടാക്കുക. അവരെ സ്വയം സ്നേഹിക്കുന്ന സാഹചര്യത്തിലേക്ക് എത്തിക്കുക. ഈ രീതിയിലുള്ള ഫോക്കസാണ് ഡി ബി റ്റിയില്‍ ചെയ്യുന്നത്.

ആതിരയുടെയും അരുണിന്‍റെയും കേസ് എടുത്തുകഴിഞ്ഞാല്‍ ഇതിലൊരാള്‍ ബന്ധത്തില്‍ നിന്ന് മാറുമ്പോള്‍ എന്നെയൊരാള്‍ റിജക്ട് ചെയ്താലും എന്‍റെ ജീവിതം അവിടെ തീരുന്നില്ലെന്ന തരത്തില്‍ ചിന്തിക്കാൻ അവിടെ കഴിഞ്ഞിരുന്നുവെങ്കില്‍, ജീവിതത്തിന് അര്‍ത്ഥം നല്‍കുന്ന ഒരുപാട് കാര്യങ്ങള്‍ വേറെയുമുണ്ട് എന്ന് ചിന്തിക്കാൻ കഴിഞ്ഞിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. അപ്പോള്‍ ഈ വിഷയങ്ങളിലെല്ലാം എത്രമാത്രം അവബോധം നമ്മുടെ സമൂഹത്തിനുണ്ട്? 

ഇത്തരം പ്രശ്നങ്ങളെല്ലാം കൗമാരത്തിലേ കണ്ടെത്തി പരിഹരിക്കാൻ ശ്രമിക്കണം. പലരും ചെയ്യുന്നത് ഇങ്ങനെയുള്ള കുട്ടികളാണെങ്കില്‍ വിവാഹം കഴിപ്പിക്കും. വിവാഹത്തോടെ ഈ പ്രശ്നം തീരുമെന്ന് ചിന്തിക്കും. അപ്പോള്‍ വീണ്ടും വിവാഹത്തിന് ശേഷം പ്രശ്നങ്ങള്‍, പൊലീസ് സ്റ്റേഷൻ, കൊലപാതകം, ആത്മഹത്യ എന്നിവയിലേക്കെല്ലാം എത്തുന്നു. കുട്ടികളെ വളര്‍ത്തുമ്പോള്‍ അവരുടെ വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുന്നതില്‍ നല്ല അവബോധം പൊതുവിലുണ്ടാക്കേണ്ടതുണ്ട്. ഇതൊക്കെ അറിയുന്നവരാണെങ്കിലും എങ്ങനെ സൈക്കോളജിസ്റ്റിനെ സമീപിക്കുമെന്ന് ചിന്തിച്ചിരിക്കുന്നവരുണ്ട്. എന്നാലോ സ്വയം നമുക്ക് നിയന്ത്രിക്കാൻ സാധിക്കുമോ, അത് ഏറെ പ്രയാസവുമാണ്. 

ടോക്സിക് റിലേഷൻഷിപ്പ്...

ഒരു റിലേഷൻഷിപ്പ് ടോക്സിക് റിലേഷൻഷിപ്പായി മാറാറുണ്ട്. എന്തുകൊണ്ട് ബ്രേക്കപ്പ് നടക്കുന്നു? ചിലപ്പോള്‍ വീട്ടുകാര്‍ അംഗീകരിക്കാത്തത് കൊണ്ടാകാം. ചിലപ്പോള്‍ രണ്ട് പേര്‍ക്ക് ഒരുമിച്ച് പോകാൻ കഴിയില്ല എന്നതുകൊണ്ടായിരിക്കാം. ഇതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായി മറ്റൊരു കാരണം പറയാൻ കഴിയുക 'സംശയ'മാണ്. 

പങ്കാളിയെ സംശയിക്കുന്നത് തീര്‍ച്ചയായും അപകടകരമായ മാനസികാവസ്ഥയാണ്. പങ്കാളി ആരെയെങ്കിലും വിളിക്കുന്നുണ്ടോ, മെസേജ് അയക്കുന്നുണ്ടോ തുടങ്ങി ഒരുപാട് സംശയങ്ങള്‍. ഓവര്‍ പൊസസീവായി മാറുന്ന അവസ്ഥയുണ്ടാകാം. ഓവര്‍ പൊസസീവ് ആകുന്നത് പലപ്പോഴും നല്ല കാര്യമായിട്ടാണ് മിക്കവരും മനസിലാക്കുന്നത്. സ്നേഹം കൊണ്ടാണല്ലോ എന്ന രീതിയില്‍. 

എന്നാലിത് ഏറെ പ്രശ്നഭരിതമായ അവസ്ഥയാണ്. ഇങ്ങനെയുള്ള ബന്ധങ്ങളില്‍ നിന്ന് ബ്രേക്കപ്പാകാനും പ്രയാസമാണ്. അവര്‍ക്ക് പെട്ടെന്ന് ദേഷ്യം വരും. അവര്‍ എടുത്തുചാടി പ്രതികരിക്കും. അപ്പുറത്ത് ആരാണ് നില്‍ക്കുന്നതെന്നോ മറ്റും അവര്‍ ശ്രദ്ധിക്കില്ല. പങ്കാളിയോട് ദേഷ്യപ്പെടാം. അവരെ നാണം കെടുത്തുന്ന രീതിയില്‍ സംസാരിക്കുകയോ ഇടപെടുകയോ ചെയ്യാം. 

 

നോര്‍മലായിട്ടുള്ള കാര്യങ്ങളെ പോലും തെറ്റായി എടുക്കാം. പങ്കാളി ആരോടെങ്കിലും മറ്റ് വിഷയങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ പോലും അതെല്ലാം തനിക്കെതിരെ ആണെന്ന് ചിന്തിക്കാം. ഇതിന് സത്യത്തില്‍ മരുന്ന് ഉണ്ട്, ചികിത്സയും. പക്ഷേ ഇത് അവരിലേക്ക് എത്തിക്കാനും ബുദ്ധിമുട്ടാണ്.

ഇങ്ങനെയുള്ള ആളുകളുടെ കൂടെയുള്ള ജീവിതം അങ്ങേയറ്റം ദുരിതമായിരിക്കും. ഒരു സ്വാതന്ത്ര്യവും  ഇല്ലാത്ത അവസ്ഥ, ജീവിതം തന്നെ ഇല്ലാത്ത അവസ്ഥ. അങ്ങനെ തുടരുന്ന ധാരാളം പേരുണ്ട്. പക്ഷേ ഇതിനെക്കുറിച്ചെല്ലാം വ്യക്തമായ അവബോധം ഇനിയെങ്കിലും ഉണ്ടായെങ്കില്‍ മാത്രമേ നമുക്ക് പല പ്രശ്നങ്ങളില്‍ നിന്നും രക്ഷ നേടാൻ സാധിക്കൂ. 

ലേഖനം തയ്യാറാക്കിയത് : പ്രിയ വര്‍ഗീസ്

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്

'ബ്രീത്ത് മൈൻഡ് കെയര്‍'

തിരുവല്ല

 

Also Read:- മാസ്ക് ധരിച്ചെത്തി, കൈയ്യിൽ മദ്യക്കുപ്പി, എപ്പോഴും ഫോൺവിളികൾ; നിർണായകമായത് അരുണിന്റെ ഐഡി കാർഡ്

 

Latest Videos
Follow Us:
Download App:
  • android
  • ios