'ഇതൊക്കെയല്ലേ സന്തോഷം'; സൊമാറ്റോ ഡെലിവെറി ഏജന്‍റിന് കിട്ടിയ അപ്രതീക്ഷിത സമ്മാനം
പുതുവത്സരത്തില്‍ 11 മണിയായപ്പോഴാണത്രേ ഇവര്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ഇത് എത്തിയപ്പോള്‍ കൃത്യം സമയം 12 ആയിരുന്നു. അതായത് പുതുവത്സരം ആഘോഷിക്കുന്ന നിമിഷം. കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചുമെല്ലാം ആഘോഷിക്കാൻ തയ്യാറെടുത്ത് നില്‍ക്കുന്ന യുവാക്കള്‍ക്ക് ഇടയിലേക്കാണ് ഭക്ഷണവുമായി സൊമാറ്റോയുടെ ഡെലിവെറി ഏജന്‍റ് എത്തുന്നത്.
ഓണ്‍ലൈൻ ഫുഡ് ഡെലിവെറി ഇന്ന് ഏറെ സജീവമാണ്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലാണ് കൂടുതലും ഓണ്‍ലൈൻ ഫുഡ് ഡെലിവെറി സര്‍വീസുകള്‍ കാര്യമായി പ്രവര്‍ത്തിക്കുന്നത്. കാരണം ജോലിക്ക് പോകുന്നവരും പഠിക്കുന്നവരുമായി കൂടുതല്‍ തിരക്കുള്ളവര്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ജീവിക്കുന്നത്.
ആഘോഷങ്ങളോ, വിശേഷാവസരങ്ങളോ ആണെങ്കില്‍ ഇപ്പോള്‍ മിക്കവരും ഭക്ഷണം ഒന്നിച്ച് ഓൺലൈനായി ഓര്‍ഡര്‍ ചെയ്യുന്നത് തന്നെയാണ് പതിവ്. ഇക്കുറി പുതുവത്സരത്തിലും ഇത്തരത്തില്‍ ഒരുപാട് ഓര്‍ഡറുകള്‍ അധികം കിട്ടിയെന്നാണ് പ്രമുഖ ഓണ്‍ലൈൻ ഫുഡ് ഡെലിവെറി കമ്പനികളായ സ്വിഗ്ഗിയും സൊമാറ്റോയും അറിയിച്ചത്.
ഇത്തരത്തില്‍ കൂടുതല്‍ ഓര്‍ഡറുകളെത്തുന്ന സമയത്ത് ഭക്ഷണം ഉപഭോക്താവിന് എത്തിക്കുന്ന ഏജന്‍റുമാര്‍ക്കും നല്ല ജോലിത്തിരക്കായിരിക്കും. എല്ലാവരും സന്തോഷത്തോടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ആഘോഷങ്ങളിലാകുമ്പോള്‍ ഇവര്‍ ജോലിയില്‍ മുഴുകുന്നു എന്നത് ചിന്തിക്കുമ്പോള്‍ അല്‍പം ദുഖം തോന്നിപ്പിക്കുന്ന കാര്യം തന്നെയാണ്.
പ്രത്യേകിച്ച് ആഘോഷങ്ങളിലേക്കും, പാര്‍ട്ടികളിലേക്കുമെല്ലാമാണ് ഇവര്‍ ഭക്ഷണമെത്തിച്ച് കൊടുക്കുന്നത്. അതായത് ആഘോഷങ്ങളുടെയെല്ലാം അതിര്‍ത്തി വരെ വന്ന് തിരിച്ചുപോകുന്നു എന്നത് തീര്‍ച്ചയായും സങ്കടകരമായ കാഴ്ച തന്നെയാണല്ലോ!
എന്നാല്‍ ഇപ്പോഴിതാ ഒരു ഫുഡ് ഡെലിവെറി ഏജന്‍റിനെ കൂടി തങ്ങളുടെ പുതുവത്സരാഘോഷത്തില്‍ പങ്കാളിയാക്കിയിരിക്കുകയാണ് ഒരു കൂട്ടം യുവാക്കള്‍. ഇതിന്‍റെ വീഡിയോ വ്യാപകമായ രീതിയില്‍ പങ്കുവയ്ക്കപ്പെടുകയാണ് സോഷ്യല്‍ മീഡിയയില്‍.
പുതുവത്സരത്തില്‍ 11 മണിയായപ്പോഴാണത്രേ ഇവര്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ഇത് എത്തിയപ്പോള്‍ കൃത്യം സമയം 12 ആയിരുന്നു. അതായത് പുതുവത്സരം ആഘോഷിക്കുന്ന നിമിഷം. കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചുമെല്ലാം ആഘോഷിക്കാൻ തയ്യാറെടുത്ത് നില്‍ക്കുന്ന യുവാക്കള്‍ക്ക് ഇടയിലേക്കാണ് ഭക്ഷണവുമായി സൊമാറ്റോയുടെ ഡെലിവെറി ഏജന്‍റ് എത്തുന്നത്.
ഉടൻ തന്നെ ഇദ്ദേഹത്തെയും ആഘോഷത്തില്‍ പങ്കാളിയാക്കാൻ ഇവര്‍ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് കേക്ക് മുറിക്കാൻ ഇദ്ദേഹത്തെ തന്നെ ഇവര്‍ തെരഞ്ഞെടുത്തു. എന്നാല്‍ ആദ്യം അവിശ്വസനീയമായ രീതിയില്‍ ഇദ്ദേഹം സ്നേഹപൂര്‍വം ക്ഷണം നിരസിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ പിന്നീട് യുവാക്കളുടെ നിര്‍ബന്ധപ്രകാരം ഇദ്ദേഹം കേക്ക് മുറിക്കുകയാണ്.
കേക്ക് മുറിച്ച ശേഷം അപരിചതരായ യുവാക്കള്‍ക്ക് അദ്ദേഹമത് വായില്‍ വച്ചുനല്‍കുന്നതും തിരിച്ച് അവരും അദ്ദേഹത്തിന് കേക്ക് വായില്‍ കൊടുക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ഒരു നിമിഷത്തേക്കെങ്കിലും സന്തോഷം കൊണ്ട് കണ്ണൊന്ന് നനയിക്കുന്ന രംഗം തന്നെയാണിതെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. എന്തുകൊണ്ടും മാതൃകാപരമായ തീരുമാനമെന്നും മനുഷ്യര്‍ തമ്മിലുള്ള ഈ ചേര്‍ത്തുപിടിക്കല്‍ ഇന്ന് കാണാൻ വിരളമാണെന്നുമെല്ലാം ധാരാളം പേര്‍ കമന്‍റില്‍ കുറിച്ചിരിക്കുന്നു.
ഹൃദ്യമായ വീഡിയോ കണ്ടുനോക്കൂ...