പുഴുക്കളെ തിന്നും സ്വന്തം മൂത്രം കുടിച്ചും ആമസോൺ കാട്ടില്‍ 31 ദിവസം അതിജീവിച്ച യുവാവ്!

കാട്ടിനകത്ത് തനിച്ചാവുകയും ഇനി പുറത്തുകടക്കാൻ മാര്‍ഗങ്ങളില്ലെന്ന് മനസിലാവുകയും ചെയ്തതോടെ മാനസികമായി ജൊനാഥൻ തകര്‍ന്നു. നാലാം ദിവസം ഒരു കാലിന്‍റെ പാദം തിരിഞ്ഞുപോയി. ഇതോടെ ജീവനെ ചൊല്ലിയുള്ള ആധി കൂടി വന്നു. കയ്യില്‍ കിട്ടിയ പുഴുക്കളെയും ചെറിയ ജന്തുക്കളെയുമെല്ലാം ഭക്ഷിച്ചു. മഴ പെയ്യാൻ വേണ്ടി പ്രാര്‍ത്ഥിച്ച് ഇരിക്കുമായിരുന്നത്രേ ഇദ്ദേഹം.

man survived in amazon forest for 31 days by eating worms and drinking own urine hyp

വിമാനം തകര്‍ന്ന് ആമസോണ്‍ കാട്ടിലകപ്പെട്ട നാല് കുട്ടികള്‍ 40 ദിവസത്തിന് ശേഷം ജീവിതത്തിലേക്ക് അത്ഭുതകരമായി തിരികെയെത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ അന്താരാഷ്ട്രതലത്തില്‍ ഏറെ ശ്രദ്ധേയമായൊരു സംഭവം. എങ്ങനെയാണ് 13ഉം 11ഉം 9ഉം 4ഉം വയസുള്ള കുഞ്ഞുങ്ങള്‍ ഇത്രയും നിബിഡമായ വനത്തിനുള്ളില്‍ ഇത്രയധികം ദിവസങ്ങള്‍ ജീവിച്ചതെന്ന അതിശയം തന്നെയാണ് ഏവരിലും ഉള്ളത്. 

പതിമൂന്നുകാരിയായ മൂത്ത പെണ്‍കുട്ടിയാണ് ഇളയ സഹോദരങ്ങളെയും ചേര്‍ത്തുപിടിച്ച് കാട്ടിനുള്ളില്‍ ഇത്രയധികം ദിവസം അതിജീവിച്ചത്. വിമാനാപകടത്തില്‍ ഇവരുടെ അമ്മയും പൈലറ്റും മരിച്ചിരുന്നു. ശേഷം വിമാനത്തില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്ന കപ്പ പൊടിയും, കാട്ടില്‍ നിന്ന് ലഭിച്ച കായ്കനികളും വെള്ളവും ഭക്ഷിച്ചാണ് കുട്ടികള്‍ ജീവിച്ചത്. എങ്കിലും നാല്‍പത് ദിവസങ്ങള്‍ക്കിപ്പുറം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുമ്പോള്‍ ഏറെ ക്ഷീണിതരായിരുന്നു കുട്ടികള്‍.

എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ട് ദിവസത്തിനകം തന്നെ ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടു. അത്ഭുതകരമായി ആമസോണ്‍ മഴക്കാടിന്‍റെ വന്യതയില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ കുട്ടികള്‍- ഇതിന് മുമ്പും ആമസോണ്‍ കാടുകളില്‍ പെട്ടുപോയ മനുഷ്യരെ കുറിച്ചാണ് ഇപ്പോള്‍ ഓര്‍മ്മിപ്പിക്കുന്നത്.

ഏറ്റവും ഒടുവിലായി ആമസോണ്‍ വനത്തിനുള്ളില്‍ കുടുങ്ങി, തിരിച്ച് ജീവിതത്തിലേക്ക് വന്നത് മുപ്പതുകാരനായ ജൊനാഥൻ അക്കോസ്റ്റ എന്ന ബൊളീവിയക്കാരനാണ്. ഒരു വേട്ടസംഘത്തിനൊപ്പം കാട്ടിലേക്ക് തിരിച്ച ജൊനാഥന് പിന്നീട് വഴി തെറ്റി ഇദ്ദേഹം കാട്ടിനകത്ത് പെട്ടുപോവുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. ജൊനാഥനാണ് ആമസോണ്‍ കാട്ടിനകത്ത് പെട്ടുപോയി അതിജീവിച്ച ഏകാന്തനായ മനുഷ്യൻ. മറ്റുള്ളവരെല്ലാം തന്നെ സംഘമായാണ് കാട്ടിനകത്ത് പെട്ടുപോയി അതിജീവിച്ചത്.

man survived in amazon forest for 31 days by eating worms and drinking own urine hyp
(ജൊനാഥനെ കണ്ടെത്തിയപ്പോള്‍... ശേഷം ആശുപത്രിയില്‍ സഹോദരിക്കൊപ്പം...)

കാട്ടിനകത്ത് തനിച്ചാവുകയും ഇനി പുറത്തുകടക്കാൻ മാര്‍ഗങ്ങളില്ലെന്ന് മനസിലാവുകയും ചെയ്തതോടെ മാനസികമായി ജൊനാഥൻ തകര്‍ന്നു. നാലാം ദിവസം ഒരു കാലിന്‍റെ പാദം തിരിഞ്ഞുപോയി. ഇതോടെ ജീവനെ ചൊല്ലിയുള്ള ആധി കൂടി വന്നു. കയ്യില്‍ കിട്ടിയ പുഴുക്കളെയും ചെറിയ ജന്തുക്കളെയുമെല്ലാം ഭക്ഷിച്ചു. മഴ പെയ്യാൻ വേണ്ടി പ്രാര്‍ത്ഥിച്ച് ഇരിക്കുമായിരുന്നത്രേ ഇദ്ദേഹം. മഴ പെയ്യുമ്പോള്‍ തന്‍റെ ബൂട്ടിനകത്ത് വെള്ളം ശേഖരിച്ച് വയ്ക്കും. അത് കുടിക്കും. വെള്ളമില്ലാത്തപ്പോള്‍ സ്വന്തം മൂത്രം വരെ കുടിച്ചു. 

പലപ്പോഴും വന്യമൃഗങ്ങളാല്‍ ആക്രമിക്കപ്പെടാനുള്ള സാധ്യതകളുണ്ടായിരുന്നു. കയ്യിലുണ്ടായിരുന്ന തോക്കിലെ ഉണ്ടയെല്ലാം മൃഗങ്ങളെ ഭയപ്പെടുത്താനുപയോഗിച്ച് തീര്‍ന്നുപോയിരുന്നു. ഇതിനിടെ കൂറ്റനൊരു കടുവയില്‍ നിന്നും ജൊനാഥൻ അത്ഭുതകരമായി രക്ഷപ്പെട്ടു. 

ദിവസങ്ങള്‍ ഏറുംതോറും ആരും തന്നെ അന്വേഷിച്ച് വരില്ലെന്ന് തന്നെ ഇദ്ദേഹം ഉറച്ച് വിശ്വസിച്ചു. എങ്കിലും വീട്ടുകാരുടെ പ്രതീക്ഷയായിരുന്നു ജൊനാഥൻ ജീവനോടെ ഉണ്ട് എന്നത്. അങ്ങനെ മുപ്പത് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ അയാളെ കണ്ടെത്തി. ക്ഷീണിച്ച് കുഴഞ്ഞുകിടക്കുന്ന നിലയിലും ജൊനാഥൻ അലറിക്കരഞ്ഞതോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇദ്ദേഹത്തെ കണ്ടെത്താനായത്. 

man survived in amazon forest for 31 days by eating worms and drinking own urine hyp
(ജൊനാഥൻ സുഹൃത്തുക്കള്‍ക്കൊപ്പം...)

ശാരീരികപ്രശ്നങ്ങള്‍ക്ക് പുറമെ മാനസികമായി തകര്‍ന്ന നിലയിലായിരുന്നു ജൊനാഥൻ. എങ്കിലും നിങ്ങള്‍ എന്നെ അന്വേഷിച്ച് വന്നുവല്ലോ എന്ന് കണ്ണീരോടെ ജൊനാഥൻ രക്ഷാപ്രവര്‍ത്തകരോട് ചോദിച്ചു. പതിനേഴ് കിലോയോളം ഭാരം കുറഞ്ഞ്, കണ്ടാല്‍ തിരിച്ചറിയാൻ പോലുമാകാത്ത അവസ്ഥയില്‍ നിന്ന് ജൊനാഥൻ ഇന്ന് പതിയെ സാധാരണനിലയിലേക്കുള്ള മടക്കത്തിലാണ്. അതിജീവനത്തിന്‍റെയും പ്രതീക്ഷയുടെയും പ്രതീകമെന്ന പോലെയാണ് ലോകം ഈ യുവാവിന്‍റെ തിരിച്ചുവരവിനെ കണ്ടത്. ഇപ്പോള്‍ വീണ്ടും ഇദ്ദേഹത്തിന്‍റെ അതുല്യമായ ജീവിതാനുഭവം ചര്‍ച്ചകളില്‍ നിറയുകയാണ്.

Also Read:- ആമസോണിൽ അകപ്പെട്ട ജൂലിയാന കെപ്‌കയുടെ അതിജീവനത്തിന്‍റെ കഥ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:- 

 

Latest Videos
Follow Us:
Download App:
  • android
  • ios