Online Order : ഓണ്‍ലൈനില്‍ ലാപ്ടോപ് ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് എന്താണെന്ന് നോക്കൂ...

ഓണ്‍ലൈൻ ഓര്‍ഡറുകള്‍ക്കൊരു പ്രശ്നമുണ്ട്. ഇതില്‍ പിഴവുകളോ അബദ്ധങ്ങളോ സംഭവിക്കാനുള്ള സാധ്യതകളേറെയാണ്. നമ്മള്‍ കടകളില്‍ നിന്ന് നേരിട്ട് കണ്ട് ബോധ്യം വരുന്ന സാധനങ്ങളാണല്ലോ വാങ്ങിക്കാറ്.

man ordered laptop from flipkart but got detergent soap

എന്തിനും ഏതിനും ഓണ്‍ലൈൻ ഷോപ്പിംഗിനെ ആശ്രയിക്കുന്നൊരു ട്രെൻഡാണ് നിലവിലുള്ളത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍ മുതല്‍ പലചരക്ക്- പച്ചക്കറി- മീൻ- ഇറച്ചി പോലുള്ള നിത്യോപയോഗ ഭക്ഷണസാധനങ്ങള്‍ വരെ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്ന രീതിയാണ് ഇപ്പോഴത്തേത്. 

എന്നാല്‍ ഓണ്‍ലൈൻ ഓര്‍ഡറുകള്‍ക്കൊരു പ്രശ്നമുണ്ട്. ഇതില്‍ പിഴവുകളോ അബദ്ധങ്ങളോ സംഭവിക്കാനുള്ള സാധ്യതകളേറെയാണ്. നമ്മള്‍ കടകളില്‍ നിന്ന് നേരിട്ട് കണ്ട് ബോധ്യം വരുന്ന സാധനങ്ങളാണല്ലോ വാങ്ങിക്കാറ്. എന്നാല്‍ ഓണ്‍ലൈൻ സ്റ്റോറുകളിലാകുമ്പോള്‍ ഏകദേശമൊരു ഊഹം വച്ചും, റിവ്യൂ നോക്കിയുമെല്ലാമാണ് ഓര്‍ഡര്‍ ചെയ്യുന്നത്.

പലപ്പോഴും ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ചിത്രത്തിലോ വീഡിയോയിലോ കണ്ട സാധനമായിരിക്കില്ല കയ്യിലെത്തുന്നത്. അതുമല്ലെങ്കില്‍ ചില സന്ദര്‍ഭങ്ങളില്‍ ഓര്‍ഡര്‍ ചെയ്ത ഉത്പന്നമേ മാറിപ്പോയേക്കാം. അത്തത്തിലൊരു വാര്‍ത്തയാണിപ്പോള്‍ ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. ഓണ്‍ലൈനായി ഫ്ളിപ്കാര്‍ട്ടില്‍ നിന്ന് ലാപ്ടോപ് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയ സാധനമാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. 

ദില്ലി സ്വദേശിയായ യശസ്വി ശര്‍മ്മയ്ക്കാണ് വ്യത്യസ്തമായ അനുഭവമുണ്ടായിരിക്കുന്നത്. അച്ഛന് വേണ്ടിയാണ് ഇദ്ദേഹം ബിഗ് ബില്യണ്‍ ഡേയ്സ് ഓഫറില്‍ ലാപ്ടോപ് വാങ്ങിയത്. എന്നാല്‍ പെട്ടിയെത്തിയപ്പോള്‍ കിട്ടിയതോ പാത്രം കഴുകുന്ന ഡിറ്റര്‍ജന്‍റ് ബാറുകള്‍. 

സംഗതി പരാതിപ്പെട്ടപ്പോള്‍ പാര്‍സല്‍ വന്ന ഉടൻ തന്നെ പെട്ടി പരിശോധിക്കാതെ എന്തിന് സ്വീകരിച്ചുവെന്ന് കമ്പനി കസ്റ്റമര്‍ കെയര്‍ ചോദിക്കുന്നതായാണ് ഇദ്ദേഹം പറയുന്നത്. പെട്ടി അപ്പോള്‍ തന്നെ പരിശോധിക്കാതിരുന്നത് അതെക്കുറിച്ച് അച്ഛന് വശമില്ലാത്തത് കൊണ്ടാണെന്നും ഇദ്ദേഹം പറയുന്നു. ലിങ്കിഡിനിലാണ് യശസ്വി ശര്‍മ്മ സംഭവങ്ങളെല്ലാം വിശദീകരിച്ചത്. 

അതേസമയം ഡെലിവെറി ബോയ് ബോക്സുമായി എത്തുന്നതിന്‍റെയും മറ്റും സിസിടിവി ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും യശസ്വി പറയുന്നു. പെട്ടി അപ്പോള്‍ തന്നെ തുറന്ന് പരിശോധിക്കേണ്ടത് നിയമമാണെന്ന് ഡെലിവെറി ബോയും അറിയിച്ചില്ല, അത് അച്ഛന്‍റെ പിഴവാണെങ്കില്‍ ലാപ്ടോപ് ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ഡിറ്റര്‍ജന്‍റ് അയച്ചുനല്‍കിയത് ഫ്ളിപ്കാര്‍ട്ടിന്‍റെ പിഴവല്ലേ എന്നും യശസ്വി ചോദിക്കുന്നു. എന്തായാലും സാധനം മടക്കിയെടുക്കില്ലെന്നും ഇനിയൊന്നും ചെയ്യാനില്ലെന്നുമുള്ള നിലപാടിലാണത്രേ കമ്പനി. 

ഇദ്ദേഹത്തിന്‍റെ പോസ്റ്റ് വ്യാപകമായ രീതിയിലാണിപ്പോള്‍ പങ്കുവയ്ക്കപ്പെടുന്നത്. ഓണ്‍ലൈൻ വ്യാപാരശൃംഖലയായ ഫ്ളിപ്കാര്‍ട്ടിനെതിരെ വലിയ രീതിയില്‍ പ്രതിഷേധവും ഉയരുന്നുണ്ട്. ഇനി കണ്‍സ്യൂമര്‍ ഫോറത്തില്‍ പരാതി കൊടുക്കാനാണ് തന്‍റെ തീരുമാനമെന്നും അതിന് മുമ്പായി അവസാനശ്രമമെന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നതെന്നും ഇദ്ദേഹം പറയുന്നു. 

ഓണ്‍ലൈൻ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഇതിന്‍റെ എല്ലാ വിശദാംശങ്ങളും കൃത്യമായി വായിച്ച് മനസിലാക്കണം. അതനുസരിച്ച് വേണം ഓര്‍ഡര്‍ ചെയ്യാനും ഡെലിവെറി കൈപ്പറ്റാനുമെല്ലാം. കമ്പനിയുടെ ഭാഗത്ത് നിന്ന് വീഴ്ച വന്നാലും നമുക്ക് നഷ്ടം വരാതിരിക്കാൻ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാമല്ലോ. 

Also Read:- ഫ്ളിപ്കാര്‍ട്ടിനും പണി കിട്ടി; നിലവാരമില്ലാത്ത കുക്കറുകള്‍ വിറ്റതിന് പിഴ

Latest Videos
Follow Us:
Download App:
  • android
  • ios