പങ്കാളിക്ക് ഗര്‍ഭമുണ്ടാകാൻ അച്ഛന്‍റെ ബീജവും കുത്തിവച്ചു; കേസ് കോടതിയിലെത്തിയപ്പോള്‍...
കേസ് കോടതിയില്‍ എത്തിയതിന് പിന്നാലെ കുഞ്ഞിന്‍റെ അച്ഛൻ ആരാണെന്ന് കണ്ടെത്തുന്നതിനായുള്ള ഡിഎൻഎ ടെസ്റ്റ് നടക്കുമോ ഇല്ലയോ എന്നതായിരുന്നു ഏവരും ഉറ്റുനോക്കിയത്.
വ്യത്യസ്തമായതോ, അല്ലെങ്കില്‍ നമുക്ക് കേട്ടുകേള്‍വിയോ പരിചയമോ ഇല്ലാത്തോ ആയ കേസുകളും നിയമപോരാട്ടങ്ങളുമെല്ലാം വാര്‍ത്തകളില്‍ വലിയ ഇടം നേടാറുണ്ട്. ഇത്തരത്തില്‍ ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുകയാണ് യുകെയില്‍ നിന്നുള്ളൊരു സംഭവം.
വന്ധ്യതാചികിത്സയുടെ ചിലവ് എടുക്കാൻ സാധിക്കാതെ ദമ്പതികള്‍ ചെയ്ത അസാധാരണമായൊരു കാര്യമാണ് കേസിന് ആധാരമായിരിക്കുന്നത്. കുഞ്ഞുങ്ങളില്ലാത്തതിനെ തുടര്‍ന്ന് ചികിത്സയെടുക്കാമെന്ന് വച്ചപ്പോള്‍ ഐവിഎഫ് ചികിത്സയുടെ ചിലവ് താങ്ങാനാകുന്നില്ലെന്ന് മനസിലാക്കിയ ഒരാള്‍ തന്‍റെ പങ്കാളിക്ക് തന്‍റെ ബീജത്തിനൊപ്പം സ്വന്തം അച്ഛന്‍റെയും ബീജം കുത്തിവച്ചു എന്നതാണ് സംഭവം. ഒടുവില്‍ കുഞ്ഞ് ജനിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ സംഭവം കേസ് ആയി. ഇതില്‍ ആരാണ് പരാതിപ്പെട്ടത്, എങ്ങനെയാണ് കേസ് കോടതി വരെ എത്തിയത് എന്നത് വ്യക്തമല്ല. സ്വകാര്യത മാനിച്ച് ഇവരുടെ പേരോ വിശദാംശങ്ങളോ ഒന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുമില്ല.
കേസ് കോടതിയില്‍ എത്തിയതിന് പിന്നാലെ കുഞ്ഞിന്‍റെ അച്ഛൻ ആരാണെന്ന് കണ്ടെത്തുന്നതിനായുള്ള ഡിഎൻഎ ടെസ്റ്റ് നടക്കുമോ ഇല്ലയോ എന്നതായിരുന്നു ഏവരും ഉറ്റുനോക്കിയത്. എന്നാല്‍ ഡിഎൻഎ ടെസ്റ്റ് നടത്തേണ്ടതില്ല, കുഞ്ഞിന്‍റെ പിതൃത്വം തങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്ന് കോടതി വ്യക്തമാക്കിയിരിക്കുകയാണ്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് ആ കുടുംബം ആണെന്നും എന്തായാലും ഇക്കാര്യം വളര്‍ന്നുവരുന്ന കുഞ്ഞിനെ സംബന്ധിച്ച് വലിയ വൈകാരിക പ്രതിസന്ധിയായി വരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും കോടതി അറിയിച്ചു.
കുടുംബത്തിന് അവരുടെ തീരുമാനപ്രകാരം പിതൃപരിശോധന നടത്തുകയും ആരാണ് പിതാവെന്ന് കണ്ടെത്തുകയും അത് കുഞ്ഞിനെ അറിയിക്കുകയും ചെയ്യാം. അതെല്ലാം കുടുംബമാണ് തീരുമാനിക്കേണ്ടത് എന്നും കോടതി നിരീക്ഷിച്ചു. എന്തായാലും ഏറെ വ്യത്യസ്തമായും, അവിശ്വസനീയമായതുമായ സംഭവം വാര്‍ത്തകളിലൂടെ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-