വിധവയായ അമ്മയെ വീണ്ടും വിവാഹം കഴിപ്പിച്ച് മകൻ; കാരണമുണ്ടെന്ന് ഈ യുവാവ്...
ഏകമകൻ യുവരാജ് ഷെലേയ്ക്ക് അന്ന് പതിനെട്ട് വയസ് മാത്രം പ്രായം. പിന്നീട് രത്ന മകന് വേണ്ടി മാത്രമാണ് ജീവിച്ചത്. എങ്കിലും ജീവിതത്തില്‍ തനിച്ചായിപ്പോയ അമ്മയുടെ അരക്ഷിതാവസ്ഥകളെയും അമ്മ നേരിടുന്ന സാമൂഹികവും വൈകാരികവുമായ പ്രശ്നങ്ങളെയും ഈ മകൻ മനസിലാക്കുകയായിരുന്നു.
വിവാഹബന്ധം വേര്‍പെടുത്തിയവരോ പങ്കാളി മരിച്ചവരോ വീണ്ടും വിവാഹം ചെയ്യുന്നുവെന്നത് ഇന്ന് വലിയ കാര്യമല്ല. എന്നാല്‍ ഇപ്പോഴും ഇത് അസാധാരണമായ സംഭവമായും തെറ്റായും അപമാനമായുമെല്ലാം കരുതുന്ന സ്ഥലങ്ങള്‍ ഉണ്ട് എന്നതാണ് സത്യം. പ്രത്യേകിച്ച് സ്ത്രീകള്‍ പുനര്‍വിവാഹം ചെയ്യുമ്പോഴാണ് ഈ പ്രശ്നം കാര്യമായും ഉയരുന്നത്.
ഇപ്പോഴിതാ വിധവയായ തന്‍റെ അമ്മയെ വീണ്ടും വിവാഹം കഴിപ്പിച്ച ഒരു മകന്‍റെ കഥയാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. നാല്‍പത്തിയഞ്ചുകാരിയായ രത്നയ്ക്ക് അഞ്ച് വര്‍ഷം മുമ്പാണ് ഭര്‍ത്താവിനെ നഷ്ടമായത്. റോഡപകടത്തിലായിരുന്നു ഇദ്ദേഹത്തിന്‍റെ അന്ത്യം സംഭവിച്ചത്.
ഏകമകൻ യുവരാജ് ഷെലേയ്ക്ക് അന്ന് പതിനെട്ട് വയസ് മാത്രം പ്രായം. പിന്നീട് രത്ന മകന് വേണ്ടി മാത്രമാണ് ജീവിച്ചത്. എങ്കിലും ജീവിതത്തില്‍ തനിച്ചായിപ്പോയ അമ്മയുടെ അരക്ഷിതാവസ്ഥകളെയും അമ്മ നേരിടുന്ന സാമൂഹികവും വൈകാരികവുമായ പ്രശ്നങ്ങളെയും ഈ മകൻ മനസിലാക്കുകയായിരുന്നു.
ഇപ്പോള്‍ ഇരുപത്തിമൂന്ന് വയസായി യുവരാജിന്. സ്വന്തമായി ജോലി ചെയ്ത് വീട് നോക്കാൻ തുടങ്ങിയിരിക്കുന്നു. ഇതിന് ശേഷമാണ് അമ്മയെ വീണ്ടും വിവാഹം കഴിപ്പിക്കുന്നതിനെ കുറിച്ച് യുവരാജ് ചിന്തിക്കുന്നത്. ഇതിനുള്ള കാരണങ്ങള്‍ വ്യക്തമായി വിശദീകരിക്കാനും യുവരാജിന് അറിയാം.
'അച്ഛന്‍റെ മരണം എനിക്ക് വലിയ ഷോക്കായിരുന്നു. അന്നെനിക്ക് 18 വയസാണ്. പക്ഷേ അത് അമ്മയെ എത്രമാത്രം ബാധിച്ചുവെന്ന് പിന്നീട് ഞാൻ മനസിലാക്കി വന്നു. ജീവിതത്തില്‍ ഏകാന്തയായി, സമൂഹത്തില്‍ നിന്ന് പോലും മാറ്റിനിര്‍ത്തപ്പെട്ട് അമ്മ ജീവിച്ച അഞ്ച് വര്‍ഷങ്ങള്‍. 25 വര്‍ഷത്തോളം അമ്മയും അച്ഛനും ഒരുമിച്ച് ജീവിച്ചു. ഒരു പുരുഷനാണ് തന്‍റെ പങ്കാളി നഷ്ടപ്പെട്ടതെങ്കില്‍ സമൂഹം അയാളെ പുനര്‍വിവാഹത്തിന് നിര്‍ബന്ധിക്കുന്നത് കാണാം. ഇതുതന്നെ ഒരു സ്ത്രീയാകുമ്പോള്‍ സമൂഹത്തിന്‍റെ സമീപനമേ മാറുകയാണ്. ഞാൻ അമ്മയെ വിവാഹത്തിന് പറഞ്ഞ് സമ്മതിപ്പിക്കാൻ ഉറച്ച തീരുമാനം എടുക്കുകയായിരുന്നു...'- യുവരാജ് പറയുന്നു.
കോലാപൂര്‍ ആണ് ഇവരുടെ സ്വദേശം. തങ്ങളുടെ നാട്ടില്‍ വിധവകളായ സ്ത്രീകള്‍ വീണ്ടും വിവാഹം ചെയ്യുന്നത് ഇപ്പോഴും വലിയ പ്രശ്നമാണെന്നും ധാരാളം എതിര്‍പ്പുകള്‍ തങ്ങളും നേരിട്ടുവെന്നും ചില സുഹൃത്തുക്കളും ബന്ധുക്കളും ഒപ്പം നിന്നാണ് അമ്മയുടെ വിവാഹം നടത്തിയതെന്നും യുവരാജ് പറയുന്നു.
ഒപ്പം തന്നെ ബന്ധുക്കളടക്കം പലരും അച്ഛൻ മരിച്ച ശേഷം അമ്മയെ പല ചടങ്ങുകള്‍ക്കും വിളിക്കില്ലായിരുന്നുവെന്നും ഇത് തന്നെ ഏറെ മാനസികമായി ബാധിച്ചിട്ടുണ്ടെന്നും യുവരാജ് പറയുന്നു. ഇത്തരത്തിലുള്ള പ്രവണതകള്‍ തീര്‍ച്ചയായും ഇന്നും രാജ്യത്ത് പലയിടങ്ങളിലുമുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ഇതുതന്നെയാണ് യുവരാജും തന്‍റെ വാക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഏതായാലും രണ്ടാഴ്ച മുമ്പ് രത്നയുടെ വിവാഹം മകൻ മുന്നില്‍ നിന്ന് നടത്തിക്കൊടുത്തു. മാരുതി ഗൻവത് എന്നയാളാണ് രത്നയെ വിവാഹം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ സാമൂഹികപ്രാധാന്യമുള്ള വിഷയം ഏവരെയും അറിയിക്കുന്നതിനാണ് യുവരാജ് തന്‍റെ അനുഭവങ്ങള്‍ തുറന്ന് പങ്കുവച്ചിരിക്കുന്നത്.
Also Read:- അച്ഛൻ ചെറുപ്പത്തിലേ മരിച്ചു; അമ്പതുകാരിയായ അമ്മയുടെ വിവാഹം നടത്തി മകള്‍...