വന്ദേ ഭാരതില്‍ കിട്ടിയ ഭക്ഷണത്തില്‍ പാറ്റ; അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട് യുവാവ്
വന്ദേ ഭാരതിലെ ഭക്ഷണത്തെ ചൊല്ലിയും പരാതി ഉയര്‍ന്നിരുന്നു. ഉദ്ഘാടനസമയത്ത് ഗുണമേന്മയുള്ള ഭക്ഷണം നല്‍കി. എന്നാല്‍ ഇതിന് ശേഷം ഭക്ഷണത്തിന്‍റെ നിലവാരം കുത്തനെ താഴ്ന്നു എന്നെല്ലാമാണ് ഉയര്‍ന്ന പരാതികള്‍.
വലിയ ആരവത്തോടെയാണ് വന്ദേ ഭാരത് എക്സ്പ്രസ് സര്‍വീസ് തുടങ്ങിയത്. ആദ്യദിവസങ്ങളിലെല്ലാം വന്ദേ ഭാരതിനെ പ്രശംസിച്ചുകൊണ്ടുള്ള അഭിപ്രായങ്ങള്‍ മാത്രമാണ് വന്നിരുന്നത് എങ്കില്‍ പിന്നീടുള്ള ദിവസങ്ങളില്‍ പലപ്പോഴും വന്ദേ ഭാരതിന്‍റെ സേവനങ്ങളുമായും സമയക്രമവുമായുമെല്ലാം ബന്ധപ്പെട്ട് പല പരാതികളും ഉയര്‍ന്നു.
ഇക്കൂട്ടത്തില്‍ വന്ദേ ഭാരതിലെ ഭക്ഷണത്തെ ചൊല്ലിയും പരാതി ഉയര്‍ന്നിരുന്നു. ഉദ്ഘാടനസമയത്ത് ഗുണമേന്മയുള്ള ഭക്ഷണം നല്‍കി. എന്നാല്‍ ഇതിന് ശേഷം ഭക്ഷണത്തിന്‍റെ നിലവാരം കുത്തനെ താഴ്ന്നു എന്നെല്ലാമാണ് ഉയര്‍ന്ന പരാതികള്‍.
സോഷ്യല്‍ മീഡിയയിലൂടെ തന്നെ ഇങ്ങനെയുള്ള പരാതികള്‍ പലരും ഉന്നയിച്ചു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ തന്നെ വന്ദേ ഭാരതില്‍ നിന്ന് കിട്ടിയ ഭക്ഷണത്തെ ചൊല്ലി മറ്റൊരു പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവാവ്.
വന്ദേ ഭാരതില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയെന്നാണ് സുബോധ് പഹലാജൻ എന്ന യുവാവ് പരാതിപ്പെടുന്നത്. റൊട്ടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചെറിയ പാറ്റയുടെ ചിത്രവും ഇദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. ഐആര്‍സിടിസി (ഇന്ത്യൻ റെയില്‍വേ കാറ്ററിംഗ് ആന്‍റ് ടൂറിസം കോര്‍പറേഷൻ)യെ ടാഗ് ചെയ്തുകൊണ്ടാണ് സുബോധ് ഫോട്ടോകളും തന്‍റെ അനുഭവവും പങ്കിട്ടിരിക്കുന്നത്.
ഇതിന് പിന്നാലെ ട്വീറ്റിന് മറുപടിയുമായി ഐആര്‍സിടിസിയും രംഗത്തെത്തി. ഇതുപോലെ മോശമായൊരു സംഭവമുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുകയും വേണ്ട നടപടികളെടുക്കും, ഇനിയിത് ആവര്‍ത്തിക്കാതിരിക്കാൻ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും ഐആര്‍സിടിസി പ്രതികരണമായി അറിയിച്ചു. പരാതിക്കാരനോട് പിഎൻആറും മൊബൈല്‍ നമ്പറും മെസേജ് അയക്കാനും ഇവര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് വീണ്ടും വിഷയം തങ്ങള്‍ ഗൗരവമായാണ് എടുത്തിരിക്കുന്നതെന്നും ഇതിന് ഉത്തരവാദികളായ ജീവനക്കാര്‍ക്ക് പിഴ ചുമത്തിയിട്ടുണ്ടെന്നും ഐആര്‍സിടിസി മറ്റൊരു കമന്‍റിലൂടെ അറിയിച്ചു.
ഇതിനിടെ ധാരാളം പേര്‍ വിഷയത്തില്‍ തങ്ങള്‍ക്കുള്ള നിലപാട് അറിയിച്ചു. ഇതൊരു വലിയ സംഭവമാക്കാനുംമാത്രം കാര്യമില്ലെന്ന് അഭിപ്രായപ്പെടുന്നവരെയും അതേസമയം ഈ പരാതി ഉന്നയിക്കാൻ ന്യായമായും ഒരുപഭോക്താവിന് അവകാശമുണ്ടെന്ന് അഭിപ്രായപ്പെടുന്നവരെയും കമന്‍റ് ബോക്സില്‍ കാണാം.
ചിലരാണെങ്കില്‍ വന്ദേ ഭാരതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കുള്ള പരാതികള്‍ പങ്കുവയ്ക്കുന്നതിനുള്ള അവസരമായി ഇതിനെ എടുക്കുകയും ചെയ്തിട്ടുണ്ട്.
ട്വീറ്റ് നോക്കൂ...
Also Read:- എണ്‍പതുകാരന്‍റെ വ്യത്യസ്തമായ ചായക്കട; വീഡിയോ കണ്ടുനോക്കൂ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-