Asianet News MalayalamAsianet News Malayalam

ഇത് അതിശയിപ്പിക്കുന്ന മേക്കോവര്‍; വീട്ടുജോലിക്കാരിയെ മോഡലാക്കി മാറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ്; വീഡിയോ

ജയ്പൂരില്‍ നിന്നുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റായ മഹിമ ബജാജ് ആണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. വീട്ടുജോലി ചെയ്യാന്‍ വരുന്ന സരിതയെയാണ് മഹിമ മേക്കപ്പിലൂടെ ഒരു സുന്ദരിയായ മോഡലിന്റെ ലുക്കിലേയ്ക്ക് മാറ്റിയത്.

makeover transformation video of housemaid to model by mahima bajaj
Author
First Published Jun 27, 2024, 8:45 AM IST

മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ പങ്കുവയ്ക്കുന്ന പല തരത്തിലുള്ള മേക്ക് ഓവര്‍ വീഡിയോകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരത്തില്‍ തിരിച്ചറിയാന്‍ പോലും പറ്റാത്ത വിധത്തിലുള്ള അതിശയിപ്പിക്കുന്ന ഒരു മേക്കോവര്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജയ്പൂരില്‍ നിന്നുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റായ മഹിമ ബജാജ് ആണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

വീട്ടുജോലി ചെയ്യാന്‍ വരുന്ന സരിതയെയാണ് മഹിമ മേക്കപ്പിലൂടെ ഒരു സുന്ദരിയായ മോഡലിന്റെ ലുക്കിലേയ്ക്ക് മാറ്റിയത്. മുഖത്തെ വെയിലേറ്റ കറുത്ത പാടുകള്‍ മാറ്റാന്‍ പാക്കുകള്‍ ഉപയോഗിക്കുന്നതും, ഫേഷ്യല്‍ ചെയ്യുന്നതും, തലമുടി മുറിച്ച് പുതിയ ഹെയര്‍സ്റ്റൈല്‍ നല്‍കുന്നതും, മേക്കപ്പ് ചെയ്യുന്നതുമൊക്കെ മഹിമ വീഡിയോയിലൂടെ പങ്കുവച്ചിട്ടുണ്ട്. 

'മായാജാലം പോലൊരു ട്രാന്‍സ്ഫര്‍മേഷന്‍' എന്ന ക്യാപ്ഷനോടെയാണ് മഹിമ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സരിതയുടെ മുഖത്തെ പാടുകള്‍ മാറ്റാനായി നീം പൗഡറും ബേക്കിങ് പൗഡറും ചെറുനാരങ്ങയും തൈരും ചേര്‍ത്ത് പേസ്റ്റുണ്ടാക്കി മുഖത്ത് പുരട്ടുകയാണ് മഹിമ ആദ്യം ചെയ്തത്. പിന്നീട് മുടി കൂടുതല്‍ തിളക്കമുള്ളതാകാന്‍ ഷികകായ് പൗഡര്‍ അഥവാ ചീനിക്ക ഉണക്കി പൊടിച്ചതും തൈരും ചേര്‍ത്ത പേസ്റ്റ് ഉണ്ടാക്കി. അത് സരിതയുടെ മുടിയില്‍ തേച്ചുപിടിപ്പിക്കുന്നതും കണ്ണിനു താഴെയുള്ള കറുപ്പ് മാറ്റാന്‍ അണ്ടര്‍ ഐ പാച്ചസ് ഉപയോഗിക്കുന്നതും വീഡിയോയില്‍ കാണാം. 

കറുപ്പ് നിറത്തിലുള്ള സ്‌കര്‍ട്ടും ഓഫ് ഷോള്‍ഡര്‍ ടോപ്പും ഗോള്‍ഡന്‍ നിറത്തിലുള്ള വാച്ചും കമ്മലും സണ്‍ഗ്ലാസും ഹാന്‍ഡ് ബാഗുമൊക്കെയായി സ്റ്റൈല്‍ ലുക്കിലാണ് പിന്നീട് സരിതയെ കാണുന്നത്. മൂന്ന് ദിവസം മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ 1.43 കോടി ആളുകളാണ് ഇതുവരെ കണ്ടത്. നിരവധി പേരാണ് ലൈക്കുകളും കമന്‍റുകളുമായി രംഗത്തെത്തിയത്. 

 

Also read: 'ആദ്യമായി ആർത്തവമുണ്ടായപ്പോൾ രോ​ഗമാണെന്നാണ് കരുതിയത്, മകൾക്ക് ആ അവസ്ഥ ഉണ്ടാകരുതെന്നുണ്ട്'; സുപ്രിയ

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios