രോഗികൾക്കും ഡോക്ടർമാർക്കും ആത്മവിശ്വാസം പകരാൻ കൊവിഡ് വാര്‍ഡിലെത്തി തമിഴ് മുഖ്യന്‍
തമിഴ്‌നാട്ടില്‍ തന്നെ ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോയമ്പത്തൂരിലെ ഒരു ആശുപത്രിയിലാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സന്ദര്‍ശനം നടത്തിയത്. പിപിഇ സ്യൂട്ട് ധരിച്ച് കൊവിഡ് വാര്‍ഡ് സന്ദര്‍ശനത്തിനൊരുങ്ങുന്ന തന്റെ ചിത്രങ്ങള്‍ പിന്നീട് സ്റ്റാലിന്‍ തന്നെ ട്വിറ്ററിലൂടെ പങ്കുവച്ചു
കൊവിഡ് രോഗികളെ പ്രത്യേകം വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചാണ് ഓരോ ആശുപത്രിയിലും ചികിത്സ തുടരുന്നതെന്ന് നമുക്കറിയാം. ഡോക്ടര്‍മാര്‍, നഴ്‌സുമാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ മാത്രമാണ് കൊവിഡ് വാര്‍ഡുകളില്‍ പ്രവേശിക്കുന്നുമുള്ളൂ. എന്നാല്‍ കഴിഞ്ഞ ദിവസം രോഗികൾക്കും ഡോക്ടർമാർക്കുമെല്ലാം ആത്മവിശ്വാസം പകരാനായി മുഖ്യമന്ത്രി തന്നെ നേരിട്ട് കൊവിഡ് വാര്‍ഡിലേക്ക് പ്രവേശിച്ചിരിക്കുന്ന വാര്‍ത്തയാണ് തമിഴ് നാട്ടില്‍ നിന്ന് വന്നിരിക്കുന്നത്.
തമിഴ്‌നാട്ടില്‍ തന്നെ ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോയമ്പത്തൂരിലെ ഒരു ആശുപത്രിയിലാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സന്ദര്‍ശനം നടത്തിയത്. പിപിഇ സ്യൂട്ട് ധരിച്ച് കൊവിഡ് വാര്‍ഡ് സന്ദര്‍ശനത്തിനൊരുങ്ങുന്ന തന്റെ ചിത്രങ്ങള്‍ പിന്നീട് സ്റ്റാലിന്‍ തന്നെ ട്വിറ്ററിലൂടെ പങ്കുവച്ചു. കൊവിഡ് വാര്‍ഡില്‍ മറ്റുള്ളവര്‍ പ്രവേശിക്കരുതെന്ന നിര്‍ദേശം മുഖവിലക്കെടുക്കാതെ തന്നെയാണ് താന്‍ അകത്ത് കയറിയതെന്നും രോഗികൾക്കും ആരോഗ്യപ്രവർത്തകർക്കും ആത്മവിശ്വാസം പകരുകയായിരുന്നു തന്‍റെ ലക്ഷ്യമെന്നും സ്റ്റാലിന്‍ പറയുന്നു.
തമിഴ് നാട്ടില്‍ ചിലയിടങ്ങളില്‍ കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ ശ്രദ്ധ ആശുപത്രികള്‍ നല്‍കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്റ്റാലിന്റെ കൊവിഡ് വാർഡ് സന്ദർശനമെന്നതും ശ്രദ്ധേയമാണ്.
'മരുന്നിനും ചികിത്സയ്ക്കുമപ്പുറം രോഗികള്‍ക്ക് വേണ്ടത് കൂടെയുണ്ടെന്ന ഉറപ്പും ആശ്വാസവുമാണ്. അതാണ് രോഗത്തെ പെട്ടെന്ന് സുഖപ്പെടുത്തുക'- ട്വീറ്റില്‍ സ്റ്റാലിന്‍ കുറിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം കോയമ്പത്തൂരില്‍ 3,600ലധികം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തൊട്ടടുത്ത ജില്ലകളായ തിരുപ്പൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളിലും കൊവിഡ് കേസുകള്‍ കൂടുതലാണ്.
നേരത്തേ സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗും ഇത്തരത്തില്‍ കൊവിഡ് വാര്‍ഡ് സന്ദര്‍ശനം നടത്തിയിരുന്നു. രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആത്മവിശ്വാസം പകര്‍ന്നുനല്‍കാനാണ് കൊവിഡ് വാര്‍ഡ് സന്ദര്‍ശനം നടത്തിയതെന്നായിരുന്നു പ്രേം സിംഗും അറിയിച്ചിരുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona