വീട്ടുജോലികള്‍ ഭാരമാകുന്നു; വിചിത്രമായ കരാറില്‍ ഒപ്പുവച്ച് 'ലിവിംഗ് ടുഗെദര്‍' ജോഡി

ങ്കാളികള്‍ തമ്മില്‍ എപ്പോഴും സ്വരച്ചേര്‍ച്ച ഇല്ലാതെ വരുന്നത് വലിയ രീതിയിലുള്ള പ്രശ്നം തന്നെയാണ്. പലരും ഇത്തരത്തിലുള്ള പരാതികള്‍ ഉയര്‍ത്താറുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തില്‍ പരിഹാരത്തിനായി എന്ത് ചെയ്യാൻ സാധിക്കും?

living together couple made a legal agreement to do household works

രണ്ട് വ്യക്തികള്‍ ഒരുമിച്ച് ജീവിക്കുമ്പോള്‍ സ്വാഭാവികമായും അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളുമുണ്ടാകാം. അത് വിവാഹത്തിലായാലും അതിന് പുറത്തുള്ള ബന്ധങ്ങളിലായാലും. ചിലര്‍ പരസ്പരധാരണയോടെ മുന്നോട്ട് പോകാം. മറ്റ് ചിലരാകട്ടെ തര്‍ക്കങ്ങളിലൂടെയും വഴക്കിലൂടെയും മുന്നോട്ട് നീങ്ങാം. 

എന്തായാലും പങ്കാളികള്‍ തമ്മില്‍ എപ്പോഴും സ്വരച്ചേര്‍ച്ച ഇല്ലാതെ വരുന്നത് വലിയ രീതിയിലുള്ള പ്രശ്നം തന്നെയാണ്. പലരും ഇത്തരത്തിലുള്ള പരാതികള്‍ ഉയര്‍ത്താറുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തില്‍ പരിഹാരത്തിനായി എന്ത് ചെയ്യാൻ സാധിക്കും?

ഇംഗ്ലണ്ടിലെ സഫോക്ക് സ്വദേശികളായ ലിവിംഗ് ടുഗെദര്‍ ജോഡി സമാനമായൊരു സാഹചര്യത്തില്‍ പരിഹാരമായി കണ്ടെത്തിയ വഴി നോക്കൂ. നല്ല അസലൊരു കരാര്‍ എഴുതിത്തയ്യാറാക്കി അത് നിയമപരമായി തന്നെ രജിസ്റ്റര്‍ ചെയ്ത് അതില്‍ ഒപ്പ് വച്ചിരിക്കുകയാണിവര്‍. എപ്പോഴെങ്കിലും പരസ്പരം പ്രശ്നമുണ്ടായാല്‍ അത് തര്‍ക്കത്തിലേക്കോ വഴക്കിലേക്കോ നീങ്ങിയാല്‍ കരാര്‍ കൊണ്ടുവന്ന് അതിലെഴുതി ധാരണപ്പെട്ടത് പ്രകാരം പ്രശ്നം ഒത്തുതീര്‍പ്പാക്കുമത്രേ. 

വിചിത്രമായ ഇവരുടെ കരാര്‍ വലിയ രീതിയിലാണ് വാര്‍ത്താശ്രദ്ധ നേടുന്നത്. പ്രാദേശികമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവം പിന്നീട് വ്യാപകമായി ചര്‍ച്ചയാവുകയായിരുന്നു. 

ഇരുപത്തിനാലുകാരനായ ഡൈലൻ സ്മിത്ത് ഇരുപത്തിയൊന്നുകാരിയായ എമിലി ഫ്ളവേഴ്സ് എന്നിവരാണ് ലിവിംഗ് ടുഗെദര്‍ ജീവിതത്തിനിടെ പ്രശ്നങ്ങള്‍ പതിവായപ്പോള്‍ കരാറില്‍ ഒപ്പുവച്ച് മുന്നോട്ട് പോകാമെന്ന ധാരണയിലായത്. 

വക്കീല്‍ ആയ ഡൈലൻ തന്നെയാണ് സഹപ്രവര്‍ത്തകരുടെ സഹായത്തോടെ ഇങ്ങനെയൊരു കരാര്‍ തയ്യാറാക്കിയത്. പ്രധാനമായും വീട്ടുജോലിയുമായി ബന്ധപ്പെട്ടാണത്രേ ഇരുവരും വഴക്കുണ്ടാകാറ്. ഒരു ഗെയിം അഡിക്ടായ ഡൈലൻ വീട്ടിലെ കാര്യങ്ങളൊന്നും ശ്രദ്ധിക്കാറില്ലത്രേ. ഭക്ഷണം കഴിച്ച പാത്രങ്ങളും ഗ്ലാസുകളുമെല്ലാം ഗെയിം കളിക്കുന്ന കംപ്യൂട്ടര്‍ വച്ചിരിക്കുന്ന മേശപ്പുറത്ത് തന്നെ വയ്ക്കും. പിന്നീട് ജോലി ചെയ്യുന്ന കൂട്ടത്തില്‍ എമിലി ഇതെല്ലാം മാറ്റി വൃത്തിയാക്കും.

വിദ്യാര്‍ത്ഥിയായ എമിലി തന്നെയാണത്രേ വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കുന്നത്. എന്നാല്‍ പഠനത്തിനിടെ ഇങ്ങനെ വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഭാരമായതോടെയാണ് ഇവര്‍ക്കിടയില്‍ വഴക്ക് പതിവായത്. തന്‍റെ പ്രശ്നങ്ങള്‍ മനസിലാക്കുന്ന ഡൈലൻ എമിലിയെ സഹായിക്കാൻ കൂടി വേണ്ടിയാണ് കരാര്‍ തയ്യാറാക്കിയത്. കരാര്‍ അനുസരിച്ച് വീട് വൃത്തിയാക്കല്‍, പാചകം ചെയ്യാല്‍, തുണിയലക്കല്‍, വേസ്റ്റ് മാറ്റല്‍ തുടങ്ങി എല്ലാ ജോലികളും പങ്കിട്ടെടുക്കും. എന്തെങ്കിലും വീഴ്ച വന്നാല്‍ കരാര്‍ പരിശോധിച്ച് ന്യായമായ തീരുമാനം ഇരുവരും ചേര്‍ന്നെടുക്കും. 

തന്‍റെ എല്ലാ കാര്യങ്ങളും അമ്മയായിരുന്നു നോക്കിയിരുന്നതെന്നും ഇപ്പോള്‍ സ്വന്തം കാര്യങ്ങള്‍ നോക്കി ശീലിക്കുകയാണെന്നും ഡൈലൻ പറയുന്നു. അടുത്ത വര്‍ഷം വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇരുവരും. ഇതിനിടെ ബന്ധം മുറിഞ്ഞാല്‍ പോലും അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് വരെ നിയമപരമായി അംഗീകരിക്കപ്പെട്ട കരാറിലുണ്ടത്രേ. 

Also Read:- വിവാഹമോചനത്തിന് ശേഷം മുൻഭര്‍ത്താവുമായുള്ള ബന്ധത്തെ കുറിച്ച് മലൈക അറോറ

Latest Videos
Follow Us:
Download App:
  • android
  • ios